
റാന്നി: പണയത്തിലായിരുന്നെന്ന് അറിയാതെ വാങ്ങിയ ഭൂമിയും ലൈഫ് പദ്ധതിയിൽ പണിതവീടും ആളില്ലാത്ത സമയത്ത് ബാങ്ക് ജപ്തിചെയ്തു. കൊറ്റനാട് പഞ്ചായത്തിൽ മഠത്തുംചാൽ കൊച്ചുകള്ളിക്കൽ കെ.സി. പ്രഹ്ളാദന്റെ മൂന്നുസെന്റ് സ്ഥലവും വീടുമാണ് എടുക്കാത്ത വായ്പയുടെ പേരിൽ നഷ്ടമാവുന്നത്. അന്യായമായ കാര്യമാണ് നടന്നതെന്നാരോപിച്ച് കോൺഗ്രസ് പ്രവർത്തകർ വീടിന്റെ പൂട്ട് തല്ലിത്തകർത്ത് വീട്ടുകാരെ അകത്തുപ്രവേശിപ്പിച്ചു.
കേരള ബാങ്ക് അധികൃതരാണ് ജപ്തിചെയ്തത്. കോടതി ഉത്തരവുപ്രകാരമാണ് നടപടിയെന്ന് ബാങ്ക് അധികൃതർ വിശദീകരിച്ചു.
2017 ജൂണിലാണ് പ്രഹ്ളാദൻ, ചാലാപ്പള്ളി സ്വദേശി വിജയകുമാരൻ നായരിൽനിന്ന് മൂന്നുസെന്റ്് ഭൂമി വാങ്ങിയത്. എന്നാൽ, ഇതുൾപ്പെടെയുള്ള 15 സെന്റ് സ്ഥലം ഈടുനൽകി വിജയകുമാരൻനായർ കേരളബാങ്ക് ചാലാപ്പള്ളി ശാഖയിൽനിന്ന് മൂന്നുലക്ഷം രൂപ വായ്പയെടുത്തിരുന്നു. ഇതറിയാതെ പ്രഹ്ളാദൻ വഞ്ചിക്കപ്പെടുകയായിരുന്നുവെന്നാണ് ബാങ്ക് അധികൃതർ പറയുന്നത്.
എന്നാൽ, ബാധ്യതാസർട്ടിഫിക്കറ്റടക്കമുള്ള എല്ലാരേഖകളും ഹാജരാക്കിയാണ് ഭൂമിയുടെ ആധാരം നടന്നതെന്ന് പ്രഹ്ളാദനൊപ്പം വീട്ടിൽക്കഴിയുന്ന സഹോദരി പ്രിയംവദ പറയുന്നു. അന്നുതന്നെ പോക്കുവരവ് നടത്തി കരം അടച്ചുവരുന്നു. ബാധ്യതാസർട്ടിഫിക്കറ്റടക്കമുള്ള ശരിയായ രേഖകളെല്ലാം ഉൾപ്പെടുത്തിനൽകിയ അപേക്ഷയിലാണ് കൊറ്റനാട് പഞ്ചായത്ത് ലൈഫിൽ വീടനുവദിച്ചുനൽകിയത്. അതിനാൽ, ഭൂമി പണയത്തിലാണെന്ന തരത്തിലുള്ള ഒരുസംശയത്തിനും ഇടമുണ്ടായിരുന്നില്ലെന്ന് പ്രിയംവദയുടെ മകൾ ശ്രീജിഷ പറഞ്ഞു.
മുൻപ് ബാങ്ക് അധികൃതരെ ഭൂമിയുടെ രേഖകൾ കാണിച്ചിരുന്നു. എല്ലാം വ്യാജമാണെന്ന് ബാങ്കുകാർ പറഞ്ഞെന്നും ശ്രീജിഷ പറയുന്നു.
രേഖകൾ വ്യാജമെന്ന് ബാങ്ക്
പത്തനംതിട്ട സിജെഎം കോടതിയുടെ ഉത്തരവുപ്രകാരമാണ് ജപ്തിനടപടി സ്വീകരിച്ചതെന്ന് ജില്ലാ ജനറൽ മാനേജർ ശ്രീദേവി അമ്മ പ്രതികരിച്ചു. ‘‘വായ്പയ്ക്ക് ഈടുനൽകിയ ഭൂമി കൈയേറ്റംചെയ്യപ്പെട്ട വിവരം രണ്ടുവർഷംമുൻപ് അറിഞ്ഞു. തുടർന്ന്, കോടതിയെ സമീപിക്കുകയായിരുന്നു’’ -അവർ പറഞ്ഞു.
Content Highlights: Kerala Bank Seizes Home Built Under LIFE Mission: A Dispute Over Mortgaged Land
Published: 11 Jul 2025, 06:53 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented