കുറ്റ്യാടി: അമ്മവിളക്കണഞ്ഞതോടെ ഇരുട്ടിലാണ്ടുപോയ വീട്... അവിടെ ഇപ്പോൾ ജപ്തിഭീഷണിയുടെ കൂടി ഇരുൾ പരക്കുകയാണ്. വൈദ്യുതക്കെണിയിൽനിന്ന് ഷോക്കേറ്റുമരിച്ച പശുക്കടവിലെ ചൂളപ്പറമ്പിൽ ബോബിയുടെ മൂന്നുമക്കൾക്ക്, അമ്മയ്ക്കുപിന്നാലെ കിടപ്പാടവും നഷ്ടമാവുന്ന ദുരവസ്ഥ.

To advertise here,

സ്വകാര്യ ധനകാര്യസ്ഥാപനത്തിൽനിന്നെടുത്ത ഭവനവായ്പയുടെ തിരിച്ചടവ് മുടങ്ങിയതോടെ കമ്പനി കുറച്ചുദിവസംമുൻപ്‌ വീട്ടിൽ ജപ്തിനോട്ടീസ് പതിച്ചിരുന്നു. കഴിഞ്ഞ എട്ടാംതീയതിമുതൽ വീടും സ്വത്തും കമ്പനിയുടെ കൈവശമാണെന്ന നോട്ടീസാണ് പതിച്ചത്. ഏതുസമയവും വീടൊഴിയേണ്ടിവന്നേക്കാം.

അമ്മയുണ്ടായിരുന്നെങ്കിൽ അതുമതിയായിരുന്നു ഇവർക്ക് ആ പ്രതിസന്ധിയെ അതിജീവിക്കാൻ. ആ തണലും പോയതോടെ ഇനി എന്തുചെയ്യുമെന്ന ആധിയിലാണ് ഇവർ.

ബോബിയുടെ മൂത്തമകൾ ഷിജിന ബെംഗളൂരുവിൽ നഴ്‌സിങ്ങിന് പഠിക്കുകയാണ്. രണ്ടാമൻ ഷിബിൻ പ്ലസ്ടു വിദ്യാർഥി. ഇളയവൾ ഒൻപതാംക്ലാസിൽ പഠിക്കുന്ന എയ്ഞ്ചൽ. സ്കൂൾവിട്ട് വീട്ടിലേക്കുവരുമ്പോൾ ഇവർക്ക് സന്തോഷിക്കാൻ ഒരു കാരണമേ ഉണ്ടായിരുന്നുള്ളൂ -അമ്മ. അതിനപ്പുറം സന്തോഷംപകരുന്നതൊന്നും കുന്നിൻമുകളിലുള്ള ആ ചെറിയവീട്ടിൽ ഇല്ല. വേവലാതിപ്പെടാനാണെങ്കിൽ ഒരുപാട് കാര്യങ്ങളുണ്ട് -ഇടയ്ക്കിടെ ഇറങ്ങുന്ന വന്യമൃഗങ്ങൾ, മഴക്കാലത്ത് ഉരുൾപൊട്ടൽഭീഷണി, മണ്ണിടിച്ചിൽ, നിലത്ത് കാലൊന്നുകുത്തിയാൽ പൊതിയുന്ന അട്ടകൾ... അമ്മ പകർന്ന ധൈര്യത്തിൽ ഇവർ നാളിതുവരെ പ്രതിസന്ധികളെ അതിജീവിച്ചു. പുലിയെപ്പോലും ഓടിച്ച അമ്മയായിരുന്നു ഇവരുടെ ഹീറോ.

പുറത്ത് ജോലിക്കുപോകുന്ന അച്ഛൻ ഷിജു എപ്പോഴെങ്കിലുമാണ് വീട്ടിൽവരുക. പശുവിനെ പോറ്റിയും ആടിനെ വളർത്തിയും മറ്റുജോലികൾ ചെയ്തുമെല്ലാം ബോബി ജീവിതത്തോട് പോരാടി. സ്കൂൾ വിട്ടുവന്നാൽ അമ്മയ്ക്കൊപ്പം പശുവിനെ മേച്ചും പുല്ലരിഞ്ഞും ഇവരും ഒപ്പംനിന്നിരുന്നു. അമ്മ മരണപ്പെട്ടതിൻറെ ആഘാതത്തിൽനിന്ന് ഇതുവരെ കരകയറിയിട്ടില്ല മൂവരും.

ഷിജുവിന്റെയും ബോബിയുടെയും പേരിലാണ് രണ്ടരലക്ഷം രൂപ മഹീന്ദ്ര ഹോം ഫിനാൻസിൽനിന്ന് വീടെടുക്കാനായി വായ്പയെടുത്തത്. 2.90 ലക്ഷം രൂപയോളം തിരിച്ചടച്ചിരുന്നെന്ന് ഷിജു പറഞ്ഞു. അപകടംപറ്റി ഷിജു കിടപ്പിലായതോടെ അടവ് മുടങ്ങി. ഇതാണ് ജപ്തിയിലേക്ക് നയിച്ചത്. ഇപ്പോൾ അഞ്ചുലക്ഷം രൂപയോളം അടയ്ക്കാനുണ്ടെന്നാണ് പറയുന്നത്. എപ്പോൾ വേണമെങ്കിലും വീടൊഴിയണമെന്ന ആശങ്കയിൽ കഴിയുമ്പോഴായിരുന്നു, ബോബിയുടെ മരണം.

അപകടത്തിനുശേഷം ഷിജുവിന് ആരോഗ്യപ്രശ്നങ്ങളുണ്ട്. വീടുണ്ടായാൽപോലും വനാതിർത്തിയിലെ ഒറ്റപ്പെട്ട വീട്ടിൽ ഈ മക്കൾ എങ്ങനെ കഴിയുമെന്നത് നാട്ടുകാരെയും ബന്ധുക്കളെയും ആശങ്കയിലാഴ്ത്തുന്നു. കുടുംബത്തെ സഹായിക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻ പശുക്കടവിൽ ബുധനാഴ്ച നാട്ടുകാർ യോഗം ചേരുന്നുണ്ട്.