ഇരിങ്ങാലക്കുട: വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ച സംഭവത്തിൽ നഷ്ടപരിഹാരത്തുകയുടെ ബാക്കിസംഖ്യ നൽകാത്തതിനെത്തുടർന്ന് ഇരിങ്ങാലക്കുട ആർ.ഡി.ഒ. ഓഫീസിലെ കംപ്യൂട്ടർ മോണിറ്ററുകൾ ജപ്തിചെയ്തു. 1997 ജൂലായ് നാലിന് ഇരിങ്ങാലക്കുട കോമ്പാറ ഭാഗത്ത് ഗാന്ധിഗ്രാം സ്വദേശി ഡോ. ജവാഹറിന് സ്കൂട്ടർ റോഡിലെ കുഴിയിൽ വീണ് ഗുരുതരമായി പരിക്കേറ്റിരുന്നു. നാലു ദിവസത്തിനു ശേഷം ജവാഹർ മരിച്ചു.

To advertise here,

2000 ജൂലായ് ആറിന് ജവാഹറിന്റെ ഭാര്യ ഡോ. ഉഷ, മക്കളായ ഡോ. രാഹുൽ, ഗോകുൽ എന്നിവർ സംസ്ഥാനസർക്കാരിന്റെയും പൊതുമരാമത്ത് റോഡ്‌സ് വിഭാഗത്തിന്റെയും അനാസ്ഥയിൽ നഷ്ടപരിഹാരമാവശ്യപ്പെട്ട് ഇരിങ്ങാലക്കുട സബ്കോടതി മുൻപാകെ ഹർജി നൽകി. നഷ്ടപരിഹാരം അനുവദിച്ച് 2004 ഏപ്രിൽ ഏഴിന് ഇരിങ്ങാലക്കുട സബ്‌കോടതി വിധി വന്നു.

വിധിക്കെതിരേ സംസ്ഥാനസർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകിയെങ്കിലും നഷ്ടപരിഹാരത്തുക വർധിപ്പിച്ച് അതുവരെയുള്ള പലിശ സഹിതം 8,93,057 രൂപ നൽകാൻ ഹൈക്കോടതി 2022 ഡിസംബർ 12-ന് ഉത്തരവിട്ടു. നഷ്ടപരിഹാരത്തുകയിൽ 8,53,057 രൂപ കോടതിയിൽ കെട്ടി വച്ചിരുന്നു. ബാക്കി നൽകേണ്ട 40,001 രൂപ നൽകാതിരുന്നതിനെത്തുടർന്ന് നൽകിയ ഹർജിയിലാണ് ആർ.ഡി.ഒ. ഓഫീസിലെ 20 കംപ്യൂട്ടർ മോണിറ്ററുകൾ ജപ്തിചെയ്യാൻ ഇരിങ്ങാലക്കുട പ്രിൻസിപ്പൽ സബ് കോടതി ജഡ്ജി ആർ.കെ. രമ ഉത്തരവിട്ടത്.

തുടർന്ന് ആർ.ഡി.ഒ. ഓഫീസിലെ നാല് കംപ്യൂട്ടർ മോണിറ്ററുകൾ ജപ്തി ചെയ്ത് കോടതിയിലേക്ക് മാറ്റി. വാദിഭാഗത്തിനുവേണ്ടി അഡ്വ.സുഭാഷ്ചന്ദ്രബാബു ഹാജരായി.