തൃശ്ശൂര്‍: അവകാശത്തര്‍ക്കത്തെത്തുടര്‍ന്ന് ആര്‍ഡിഒ ഓഫീസില്‍ സൂക്ഷിച്ചശേഷം എസ്ഡിഎം (ഡെപ്യൂട്ടി കളക്ടര്‍) ഓഫീസിലെത്തിച്ച എട്ടരപവന്‍ സ്വര്‍ണാഭരണം കാണാതായെന്ന് പരാതി. 2003-ല്‍ മരിച്ച മകളുടെ സ്വര്‍ണാഭരണങ്ങള്‍ തിരികെ ആവശ്യപ്പെട്ട് മാതാവ് കാട്ടൂര്‍ സ്വദേശി തൊപ്പിയില്‍ വീട്ടില്‍ സുലൈഖ നല്‍കിയ ഹര്‍ജിയുടെ ഭാഗമായി ഇവ തിരികെ നല്‍കാന്‍ പരിശോധിച്ചപ്പോഴാണ് യഥാര്‍ഥ സ്വര്‍ണം നഷ്ടമായെന്ന് വ്യക്തമായത്.

To advertise here,

തൊണ്ടിമുതലുകള്‍ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ച 2004 ഫെബ്രുവരി 17 മുതല്‍ 2022 ഏപ്രില്‍ വരെയുള്ള കാലയളവില്‍ ഉദ്യോഗസ്ഥ അനാസ്ഥയെത്തുടര്‍ന്ന് യഥാര്‍ഥ സ്വര്‍ണം മോഷണം പോയെന്ന് ചൂണ്ടിക്കാട്ടി സബ്ഡിവിഷണല്‍ ഓഫീസ് സൂപ്രണ്ട് 2023-ല്‍ വെസ്റ്റ് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതുസംബന്ധിച്ച് പോലീസ് കേസെടുത്തെങ്കിലും പ്രതികളെ കണ്ടെത്താനായില്ല. സ്വര്‍ണം വിട്ടുകിട്ടണമെന്ന ആവശ്യവുമായി കളക്ടര്‍ ഉള്‍പ്പെടെയുള്ളവരെ സമീപിച്ചെങ്കിലും പ്രശ്‌നപരിഹാരമായില്ല. ഈ സാഹചര്യത്തില്‍ സമരത്തിനൊരുങ്ങുകയാണ് ഈ 68-കാരി.

2003-ല്‍ തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെത്തുടര്‍ന്ന് കുഴഞ്ഞുവീണ മകള്‍ റംല ആശുപത്രിയില്‍ എത്തിക്കുംമുന്‍പേ മരിച്ചു. ഈ സമയം റംലയുടെ ദേഹത്തുണ്ടായിരുന്ന എട്ടര പവന്‍ സ്വര്‍ണാഭരണം തഹസില്‍ദാറുടെ നിര്‍ദേശമനുസരിച്ച് ഇരിങ്ങാലക്കുട ആര്‍ഡിഒ ഓഫീസില്‍ സൂക്ഷിക്കുകയായിരുന്നു. അവകാശത്തര്‍ക്കമുള്ളതിനാലാണ് അന്ന് സ്വര്‍ണം വിട്ടുകൊടുക്കാതിരുന്നത്.

റംലയുടെ ഭര്‍തൃമാതാവ് നബീസയും അവകാശവാദമുന്നയിച്ചിരുന്നു. പിന്നീട് 2021-ല്‍ തര്‍ക്കം തീര്‍പ്പായതോടെ സ്വര്‍ണം വിട്ടുകിട്ടാന്‍ സുലൈഖയ്ക്ക് അര്‍ഹതയുണ്ടെന്ന് കണ്ടെത്തി. സ്വര്‍ണം വിട്ടുകൊടുക്കാന്‍ ഇരിങ്ങാലക്കുട ആര്‍ഡിഒ കോടതി നിര്‍ദേശിച്ചു. സ്വര്‍ണം തൃശ്ശൂര്‍ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് (ഡെപ്യൂട്ടി കളക്ടര്‍) ഓഫീസിലായിരുന്നു സൂക്ഷിച്ചത്.

2022 മാര്‍ച്ച് 22-ന് രേഖകള്‍ പരിശോധിച്ച് സ്വര്‍ണം വിട്ടുനല്‍കാന്‍ പായ്ക്കറ്റുകള്‍ പരിശോധിച്ചപ്പോഴാണ് അട്ടിമറി പുറത്തുവന്നത്. സുലൈഖ ഇവ സ്വീകരിക്കാന്‍ വിസമ്മതിച്ചു.

2023 ജനുവരി 10-ന് ആര്‍ഡിഒ നടത്തിയ പരിശോധനയില്‍ മോഷണവിവരം സ്ഥിരീകരിച്ചു. കേസെടുക്കാന്‍ നിര്‍ദേശവും നല്‍കി. അപേക്ഷയുമായി ഓഫീസുകള്‍ കയറിയിറങ്ങിയിട്ടും അനുകൂല നടപടികളുണ്ടായില്ലെന്ന് സുലൈഖ പത്രസമ്മേളനത്തില്‍ അറിയിച്ചു.