പാലക്കാട്/തൃശ്ശൂർ:  പാലക്കാട്, തൃശ്ശൂർ ആര്‍ഡിഒ ഓഫീസുകളിൽ ബോംബ് ഭീഷണി. ബുധനാഴ്ച പുലര്‍ച്ചെയാണ്  പാലക്കാട് ആര്‍ഡിഒ ഓഫീസ് മെയിലില്‍ റാണ തഹാവൂര്‍ എന്ന ഇമെയിൽവിലാസത്തിൽനിന്നു ഭീഷണി സന്ദേശമെത്തിയത്. രാവിലെ ജീവനക്കാരെത്തി മെയിൽ പരിശോധിച്ചപ്പോഴാണ് സന്ദേശം കണ്ടത്. പോലീസിനെ അറിയിച്ചതിനെത്തുടര്‍ന്ന് ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. 

To advertise here,

ബോംബ് പൊട്ടുമെന്ന് അറിയിച്ച സമയം കഴിഞ്ഞ ശേഷമാണ് പോലീസ് മടങ്ങിയത്. എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസാമിയെ ഉന്മൂലനം ചെയ്യും എന്നും ഭീഷണി സന്ദേശത്തിലുണ്ടായിരുന്നു.

അതേസമയം, ബുധനാഴ്ച പുലര്‍ച്ചെ തൃശ്ശൂര്‍ കളക്ടറേറ്റിലെ ആര്‍ഡിഒ ഓഫീസിലും ഭീഷണി സന്ദേശമെത്തി. റാണ തഹാവൂര്‍ എന്ന വ്യക്തിയുടെ പേര് ചേര്‍ത്ത മെയിലില്‍ നിന്നുതന്നെയാണ് തൃശ്ശൂരിലേക്കും ഭീഷണിയെത്തിയത്. ഉച്ചയ്ക്ക് ഒന്നരയോടെ സ്‌ഫോടനമുണ്ടാകുമെന്നായിരുന്നു ഭീഷണി. എന്നാല്‍, പരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ല. സമാനരീതിയിൽ കൊട്ടാരക്കരയിലെ ജില്ലാ വിദ്യാഭ്യാസ ഓഫീസിലേക്കും ബുധനാഴ്ച ബോംബ് ഭീഷണി സന്ദേശമെത്തിയിരുന്നു.