കളമശ്ശേരി: കൊച്ചി സര്‍വകലാശാല യൂണിവേഴ്‌സിറ്റി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ കെ.എസ്.യു.വിന് വന്‍ വിജയം. 31 വര്‍ഷങ്ങള്‍ക്കുശേഷമാണ് ഇവിടെ കെ.എസ്.യു. ഭരണം പിടിച്ചത്. കെ.എസ്.യു. ഒറ്റയ്ക്കാണ് മത്സരിച്ചത്. ചെയര്‍പേഴ്‌സണ്‍, വൈസ് ചെയര്‍പേഴ്‌സണ്‍, ജനറല്‍ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ട്രഷറര്‍ സീറ്റുകള്‍ കെ.എസ്.യു. സ്വന്തമാക്കി.

To advertise here,

കുര്യന്‍ ബിജു (ചെയര്‍പേഴ്‌സണ്‍), നവീന്‍ മാത്യു (വൈസ് ചെയര്‍പേഴ്‌സണ്‍), എസ്.ബി. ആര്‍ച്ച (ജനറല്‍ സെക്രട്ടറി), മുഹമ്മദ് റാഷിദ് (ജോയിന്റ് സെക്രട്ടറി), ബേസില്‍ എം. പോള്‍ (ട്രഷറര്‍) എന്നിവരാണ് കെ.എസ്.യു. പാനലില്‍ വിജയിച്ചവര്‍. എം.എന്‍. ഫാത്തിമ ഹനാന്‍ (വൈസ് ചെയര്‍പേഴ്‌സണ്‍), ആര്‍ദ്ര എസ്. പ്രതാപ് (ജോയിന്റ് സെക്രട്ടറി) എന്നിവരാണ് എസ്.എഫ്.ഐ. പാനലില്‍ വിജയിച്ചത്.

വിവിധ വിഭാഗങ്ങളിലെ സെക്രട്ടറിമാരായി കെ.എം. മുഹമ്മദ് നഫീഹ്, മുഹമ്മദ് സൈനുല്‍ ആബിദീന്‍, ഇ.പി. സയ്യില്‍ മുഹമ്മദ്, പി. ഫാത്തിമ, നിജു റോയ്, ഷിനാന്‍ മുഹമ്മദ് ഷെരീഫ്, ബേസില്‍ ജോണ്‍ എല്‍ദോ, പി.ജെ. ശരത് എന്നിവര്‍ കെ.എസ്.യു. പാനലില്‍ വിജയിച്ചു.

സര്‍ക്കാരിനെതിരായ വിധിയെഴുത്ത് - അലോഷ്യസ് സേവ്യര്‍ കളമശ്ശേരി: ജനവിരുദ്ധ സര്‍ക്കാരിനെതിരേയുള്ള വിദ്യാര്‍ഥികളുടെ വിധിയെഴുത്താണ് കൊച്ചി സര്‍വകലാശാല യൂണിയന്‍ തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്ന് കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍.

കാലിക്കറ്റ് സര്‍വകലാശാലയ്ക്കു പിന്നാലെ കുസാറ്റിലും കെ.എസ്.യു.വിന് കരുത്തുകാട്ടാനായി. വരാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായുള്ള ട്രയല്‍ റണ്ണാണ് കുസാറ്റില്‍ പ്രതിഫലിച്ചതെന്നും കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് വ്യക്തമാക്കി.