തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് ഇ.എം.സി.സി എന്ന കമ്പനിയുമായി ഒപ്പുവെച്ച ധാരണാപത്ര (MOU)ത്തെക്കുറിച്ച് അറിഞ്ഞത് വിവാദമായപ്പോള്‍ മാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ നടപടിയെടുത്തതായും മുഖ്യമന്ത്രി വ്യക്തമാക്കി. എല്‍ഡിഎഫ് വികസന മുന്നേറ്റയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

To advertise here,

മുഖ്യമന്ത്രിയുടെ വാക്കുകള്‍ 

നിക്ഷേപ സംഗമം വലിയ ആള്‍ക്കൂട്ടമാണ്. നിക്ഷേപത്തിന് താത്പര്യമുള്ള എല്ലാ ആളുകളും അവിടെ വരുന്നു. കുറച്ച് മണിക്കൂറുകള്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നു. കേരളത്തിന്റെ നയം എന്താണെന്ന് നമ്മള്‍ വ്യക്തമാക്കുമ്പോള്‍ അത് കേട്ട് അവര്‍ നിലപാട് എടുക്കുന്നു. താത്പര്യമുണ്ടെങ്കില്‍ അറിയിക്കുന്നു. അതാണ് നിക്ഷേപ സംഗമത്തില്‍ നടക്കുന്നത്. 

ഇവിടെ കെ.എസ്.ഐ.എന്‍.സി എന്ന സ്ഥാപനം ഒരു പ്രത്യേക കരാറില്‍ ഒപ്പിടുന്നു. കരാറല്ല മറിച്ച് ആശ്ചര്യകരമായ ഒരു എം.ഒ.യു ആണത്. എം.ഒ.യു ആണെങ്കില്‍ പോലും ബന്ധപ്പെട്ട വകുപ്പിന്റെ സെക്രട്ടറി അറിയും. ആ സെക്രട്ടറി ജനവിഭവ വകുപ്പിന്റെ അഡീഷ്ണല്‍ ചീഫ് സെക്രട്ടറിയായ. പി.കെ ജോസ് ആണ്. അദ്ദേഹം കരാറിനെപ്പറ്റിയുള്ള ഒരു കാര്യവും അറിഞ്ഞില്ല. എം.ഒ.യു ഒപ്പുവെച്ചത് ഫെബ്രുവരി രണ്ടാം തീയതിയാണ് എന്നാണ് പറയുന്നത്. ഫെബ്രുവരി ആദ്യം  തിരഞ്ഞെടുപ്പിന്റെ കേളികൊട്ട് ആരംഭിച്ച് കഴിഞ്ഞിരുന്നു. ഒപ്പുവെച്ച കാര്യം യഥാര്‍ത്ഥത്തില്‍ സര്‍ക്കാര്‍  അറിയുന്നില്ല. പ്രതിപക്ഷ നേതാവിന്റെ ജാഥ അവസാനിക്കാന്‍ പോകുന്ന ദിവസത്തിന്റെ തൊട്ടുമുന്നോടിയായി ഈ വിഷയം വിവാദമായി ഉയര്‍ത്തി കൊണ്ടുവന്നപ്പോഴാണ് സര്‍ക്കാര്‍ അറിയുന്നത്.

സര്‍ക്കാര്‍ ഒരു നിമിഷം പോലും സ്തംഭിച്ചു നിന്നില്ല. കാരണം എം.ഒ.യു എന്നത് സര്‍ക്കാര്‍ അറിയാത്ത കാര്യമാണ്. സര്‍ക്കാര്‍ അറിയാതെ എം.ഒ യു വെക്കാന്‍ പാടില്ല. ആ എം.ഒ.യു റദ്ദ് ചെയ്യാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം കൊടുത്തു.  മാത്രമല്ല എ.ഒ.യു വെക്കാനിടയായ സാഹചര്യം എന്ത് എന്നതിനെക്കുറിച്ച് പരിശോധിക്കാനും സെക്രട്ടറിയെ ചുമതലപ്പെടുത്തി. ഇതൊക്കെ വിവാദമായപ്പോള്‍ ഒരു മാധ്യമപ്രവര്‍ത്തക ഈ പറയുന്ന സ്ഥാപനത്തിന്റെ എം.ഡിയെ വിളിച്ചു എന്നുപറയുന്നു. അവരോട് സഭ്യമല്ലാത്ത രീതിയില്‍ പെരുമാറി എന്ന പരാതിയും വന്നിരിക്കുകയാണ്. അതും പരിശോധിക്കാന്‍ പറഞ്ഞിട്ടുണ്ട്. സര്‍ക്കാര്‍ കൃത്യമായ നിര്‍ദ്ദേശം കൊടുത്ത് കെ.എസ്.എ ഡി.സിയുമായി ഉണ്ടാക്കിയെന്ന് പറയുന്ന ധാരണ അതും റദ്ദ് ചെയ്തു. സര്‍ക്കാരിന് കൃത്യമായി നയമുണ്ട്. അതിന് വിരുദ്ധമായി ഏതൊ ചില നിലകളുടെ ഭാഗമായി ഒരു ഒപ്പിടല്‍ നാടകം നടന്നു. അതാണ് എം.ഒ.യു നാടകം. ശ്രദ്ധയില്‍പെട്ട ഉടനെ റദ്ദ് ചെയ്തു. തുടര്‍ നടപടിയും എടുത്തു. മുഖ്യമന്ത്രി വ്യക്തമാക്കി 

Content Highlight: CM speech about Deep sea fishing deal