കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ കുടുംബസുഹൃത്തും ചൊവ്വ സ്പിന്നിങ്‌ മിൽ മുൻ ജീവനക്കാരനുമായ എൻ.എം.രതീന്ദ്രൻ കഴിഞ്ഞദിവസമാണ് അന്തരിച്ചത്. തിങ്കളാഴ്ച രാവിലെ കണ്ണൂർ ഗസ്റ്റ് ഹൗസിൽ മുഖ്യമന്ത്രിയെ കണ്ട് സൗഹൃദസംഭാഷണം നടത്തി മടങ്ങിവരുമ്പോഴാണ് അദ്ദേഹം കുഴഞ്ഞുവീണത്. ഉടൻ ഗസ്റ്റ് ഹൗസിന് സമീപത്തെ മിലിട്ടറി ആസ്പത്രിയിലും തുടർന്ന് ജില്ലാ ആസ്പത്രിയിലും എത്തിച്ചെങ്കിലും വൈകുന്നേരത്തോടെ മരിക്കുകയായിരുന്നു. മരണമറിഞ്ഞ് ആദ്യമെത്തിയവരിൽ മുഖ്യമന്ത്രി പിണറായി വിജയനുമുണ്ടായിരുന്നു. നിമിഷങ്ങൾക്കുമുമ്പ് കണ്ടുപിരിഞ്ഞ പ്രിയ സുഹൃത്ത് അപ്രതീക്ഷിതമായി മരണപ്പെട്ടതിന്റെ ഞെട്ടലിലായിരുന്നു അദ്ദേഹം.

To advertise here,

വെള്ളിത്തിരയിൽ തിളങ്ങിയ ഒട്ടേറെ നായ്ക്കളെ പരിശീലിപ്പിച്ച വ്യക്തികൂടിയായിരുന്നു രതീന്ദ്രൻ. 1979-ൽ പുറത്തിറങ്ങിയ അരവിന്ദന്റെ 'കുമ്മാട്ടി' എന്ന സിനിമയിൽ ആദ്യവസാനം നിറഞ്ഞുനിൽക്കുന്ന ബോക്സർ നായ രതീന്ദ്രന്റെതായിരുന്നു. വർഷങ്ങൾക്കിപ്പുറം 1981-ൽ കെ.പി.പിള്ളയുടെ 'പാതിരാസൂര്യനി'ലും അതേ ബോക്സർ തിളങ്ങി. തോട്ടട 'സാരഥി'യിലെ രതീന്ദ്രനായിരുന്നു ബോക്സറിന്റെ ഉടമ.

ഉണ്ട ചോറിനുള്ള നന്ദി മറക്കാത്ത നായകളോടുള്ള രതീന്ദ്രന്റെ സ്നേഹം കുഞ്ഞുനാളിലേ തുടങ്ങിയിരുന്നു. വഴിയിൽനിന്ന് കിട്ടുന്ന നായക്കുട്ടികളെ അച്ഛനമ്മമാർ കാണാതെ ആഹാരം കൊടുത്ത് വളർത്തുമായിരുന്നു അദ്ദേഹം. ചൊവ്വ സ്പിന്നിങ് മില്ലിൽ ജോലി ലഭിച്ചതോടെയാണ് മികച്ച നായ്ക്കൾക്കായുള്ള രതീന്ദ്രന്റെ അന്വേഷണം തുടങ്ങിയത്. വിവിധയിനങ്ങളിൽപ്പെട്ട നൂറുകണക്കിന് നായ്ക്കളെയാണ് അദ്ദേഹം പോറ്റിയത്.

ഓരോ വർഗത്തെക്കുറിച്ചും കൃത്യമായ നിരീക്ഷണവുമുണ്ടായിരുന്നു രതീന്ദ്രന്. 1977-ൽ കാലിക്കറ്റ് കെന്നൽ ക്ലബ് നിലവിൽവന്നത് മുതൽ അംഗമായിരുന്നു രതീന്ദ്രൻ. ബെംഗളൂരു, ചെന്നൈ ഉൾപ്പെടെയുള്ള നിരവധി നഗരങ്ങളിൽ ശ്വാനപ്രദർശനങ്ങളിൽ പങ്കെടുത്തിട്ടുണ്ട് അദ്ദേഹം. പലതവണ ചാമ്പ്യനുമായിട്ടുണ്ട്. തലശ്ശേരിയിൽ നടന്ന ഷൂട്ടിങ്ങിനിടെ രതീന്ദ്രന്റെ രണ്ട് ജർമൻ ഷെപ്പേഡുകളെ നടൻ ഭീമൻ രഘു സ്വന്തമാക്കിയതും അദ്ദേഹം പറയുമായിരുന്നു.