കൊല്ലം: കഴിഞ്ഞദിവസം തിരൂരിൽ നടത്തിയ പത്രസമ്മേളനത്തിൽ ഉയർന്ന ചോദ്യത്തോട് പ്രതികരിക്കാതെ ക്ഷുഭിതനായ മുഖ്യമന്ത്രി കൊല്ലത്തും ആ ചോദ്യത്തെ അവഗണിച്ചു. എസ്.ഡി.പി.ഐ.യോടുള്ള നിലപാടായിരുന്നു ചോദ്യം.

To advertise here,

കൊല്ലത്ത് നടന്നത്

മുക്കാൽമണിക്കൂറായിരുന്നു പത്രസമ്മേളനം. ആദ്യത്തെ അരമണിക്കൂർ വികസനനേട്ടങ്ങളെപ്പറ്റി പറഞ്ഞു. അതിനുശേഷം വലതുവശത്തുനിന്ന് ഒരു ചാനൽ പ്രവർത്തകൻ എസ്.ഡി.പി.െഎ. പിന്തുണയെപ്പറ്റിയുള്ള ചോദ്യം തുടങ്ങി. അപ്പോഴേക്കും ഇടതുവശത്തുണ്ടായിരുന്ന പാർട്ടി ചാനൽ റിപ്പോർട്ടർ ഒച്ചയുയർത്തി പ്രതിപക്ഷനേതാവ് സംവാദത്തിന് വെല്ലുവിളിച്ചതിനെപ്പറ്റി ചോദ്യമുന്നയിച്ചു. അതിനുള്ള മുഖ്യമന്ത്രിയുടെ ഉത്തരം നീണ്ടുപോയി.

അത് അവസാനിപ്പിച്ചപ്പോൾ വീണ്ടും ചാനൽപ്രവർത്തകൻ എസ്.ഡി.പി.െഎ. പിന്തുണയെപ്പറ്റി ചോദ്യമുന്നയിച്ചു. എന്നാൽ, അതിന്റെമേലെ പാർട്ടിപത്രത്തിലെ റിപ്പോർട്ടറുടെ ചോദ്യമുയർന്നു. അത് മുണ്ടക്കൈ-ചൂരൽമല മേഖലയിൽ ബി.ജെ.പി.യും യു.ഡി.എഫും. നൽകുന്ന ഗാരന്റിയെപ്പറ്റിയായിരുന്നു.

അതിന്റെ മറുപടിപറഞ്ഞ് നിർത്തിയപ്പോഴും വീണ്ടും നേരത്തേ ചോദ്യമുന്നിയിച്ച ചാനൽ റിപ്പോർട്ടറുടെ എസ്.ഡി.പി. െഎ. പിന്തുണയെപ്പറ്റി ചോദ്യമുയർന്നു. അപ്പോഴേക്കും ഭവനനിർമാണത്തിന് സർക്കാർ ഭൂമികൈമാറാമെന്നു പറഞ്ഞിരുന്ന യു.ഡി.എഫ്. ആരോപണത്തെപ്പറ്റി പാർട്ടി ചാനൽ പ്രവർത്തകന്റെ ചോദ്യമുയർന്നു. നല്ലഭാഷയിൽ വാസ്തവവിരുദ്ധമെന്നും ഇത്തിരി കടുപ്പത്തിൽ പറഞ്ഞാൽ പച്ചക്കള്ളമെന്നും പറഞ്ഞ് 'അപ്പോ നമുക്കിവിടെ നിർത്താമെന്നു' പറഞ്ഞ് മുഖ്യമന്ത്രി മൈക്ക് ഓഫ് ചെയ്തു എഴുന്നേറ്റു.

അപ്പോൾ, എസ്.ഡി.പി.െഎ. പിന്തുണയെപ്പറ്റി ചോദ്യമുയർത്തിയ മാധ്യമപ്രവർത്തകൻ ഇത് ശരിയല്ല സി.എമ്മേ എന്നുറക്കെ വിളിച്ചുപറഞ്ഞു. അങ്ങനെയാണെങ്കിൽ പാർട്ടി ചാനലിനെയും പാർട്ടി പത്രത്തെയും മാത്രം വിളിച്ചാൽ പോരേയെന്ന് മറ്റു മാധ്യമപ്രവർത്തകരുടെ ഭാഗത്തുനിന്നും ഒച്ചയുയർന്നു. ഇതോടെ തിരികെപ്പോകാൻ പടിയുടെ അടുത്തെത്തിയ മുഖ്യമന്ത്രി പെട്ടെന്ന് തിരിഞ്ഞ് ചോദ്യം ഉയർന്നഭാഗത്തേക്ക് രൂക്ഷമായി നോക്കി. പിന്നെ മൈക്കിനടുത്തെത്തി ഓൺ ചെയ്തു.

''ചോദ്യം മനസ്സിൽ വെച്ചാൽ പോരാ, ചോദിക്കണം, ഇവിടെ ചിലർക്ക് ചില ഉദ്ദേശ്യങ്ങളുണ്ട്. ആ ഉദ്ദേശ്യമാണ് ഇവിടെ പ്രകടമായത്. ഏതെങ്കിലും വാർത്താസമ്മേളനത്തിൽ കാണുന്ന കാര്യമാണോ ഇത്. നിങ്ങളെല്ലാരും ചോദിച്ചു. നിങ്ങൾ ഏത് മാധ്യമപ്രവർത്തകരാണെന്ന് ഞാൻ ചോദിച്ചില്ല, എല്ലാവർക്കും ചോദിക്കാൻ സമയം കിട്ടീന്ന് വരുമോ. അപ്പോ സമയം കഴിഞ്ഞു. അതുകൊണ്ടാണ് നിർത്തുന്നതെന്നു'' പറഞ്ഞ് വീണ്ടും എഴുന്നേറ്റു.

അപ്പോഴും 'ഞാൻ ചോദിച്ചുകൊണ്ടിരിക്കുകയായിരുന്നെന്ന്' ആ ചാനൽ പ്രവർത്തകൻ പറയുന്നുണ്ടായിരുന്നു.