സുൽത്താൻബത്തേരി : വാഹനം തട്ടിയതുമായി ബന്ധപ്പെട്ട് ദേശീയപാതയിൽ ബന്ദിപ്പുർ വനമേഖലയിൽ കുടുങ്ങി മാനസികസംഘർഷം അനുഭവിച്ച കുടുംബത്തിന് രക്ഷകരായി മുഖ്യമന്ത്രിയുടെ ഓഫീസും വനംവകുപ്പ് ഉദ്യോഗസ്ഥരും.വെള്ളിയാഴ്ച വൈകീട്ട് മൂന്നരയോടെ മുത്തങ്ങയ്ക്കും ഗുണ്ടൽപ്പേട്ടിനുമിടയിൽ ബന്ദിപ്പുർ ടൈഗർ റിസർവിലായിരുന്നു സംഭവം.

To advertise here,

കോഴിക്കോട് കല്ലായി അരയാൻതോപ്പ് കുണ്ടുങ്ങൽ മൊയ്തീനും കുടുംബവും ഊട്ടിയിൽ വിനോദയാത്രകഴിഞ്ഞ് വയനാടുവഴി മടങ്ങുമ്പോളാണ് സംഭവം. ഇവർ സഞ്ചരിച്ച വാഹനവും എതിരേവന്ന കർണാടക സ്വദേശികളുടെ വാഹനവും ഇടിച്ചതാണ് സംഭവത്തിന്റെ തുടക്കം.

ഇന്നോവയുടെ മുന്നിലെ ചക്രം ഊരിത്തെറിച്ചുപോയി. ഇതോടെ തങ്ങളുടെ വാഹനത്തിന് കാര്യമായ കേടുപാടുണ്ടായെന്നും രണ്ടരലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നുമായി കർണാടക സ്വദേശികൾ. അവർക്ക് പിന്തുണയുമായി മറ്റുവാഹനങ്ങളിലുള്ളവരും എത്തി.പണംതരാതെ പോകാനാകില്ലെന്ന് വാഹനയുടമ നിലപാടെടുത്തു. ഒന്നരലക്ഷം രൂപ സജ്ജമാക്കാമെന്നും ബാക്കി പിന്നീടുതരാമെന്നും അറിയിച്ചെങ്കിലും ഉടമ വഴങ്ങിയില്ല. സമയംവൈകുന്നതും ഭാഷയറിയാത്തതും മൊയ്തീന്റെ കുടുംബത്തിലുള്ളവരെ പ്രതിസന്ധിയിലാക്കി.

ഇതോടെ മൊയ്തീന്റെ മകൾ ഗൂഗിളിൽനിന്നും മുഖ്യമന്ത്രിയുടെ ഓഫീസിലെ നമ്പറെടുത്ത് വിളിച്ചു. പരിഭ്രാന്തരാകാതെയിരിക്കാനും ഉടൻ ആളുകൾ ബന്ധപ്പെടുമെന്നുമാണ് ഫോണെടുത്തയാൾ അറിയിച്ചത്. തൊട്ടുപിന്നാലെ കണ്ണൂരിലെ നോർത്തേൺ സർക്കിൾ ഫോറസ്റ്റ് ചീഫ് കൺസർവേറ്റർ കെ.എസ്. ദീപ മൊയ്തീന്റെ മകളെ ഫോണിൽവിളിച്ച്‌ ആശ്വസിപ്പിക്കുകയും വിവരങ്ങൾ ചോദിച്ചറിയുകയും ചെയ്തു.

വൈകാതെ കല്പറ്റയിലെ റെയ്‌ഞ്ച് ഫോറസ്റ്റ് ഓഫീസർ കെ. ഹാഷിഫ് ബന്ധപ്പെട്ട് ആളുകൾ ഉടനെത്തുമെന്നും സമാധാനമായിരിക്കാനും പറഞ്ഞു. കർണാടക വനംവകുപ്പ് ഉദ്യോഗസ്ഥൻ സന്ദീപ് റാവുവും ബന്ധപ്പെട്ടു. ഇതോടെ ഫോറസ്റ്റ് ഓഫീസിന്റെ അകത്തേക്ക് എല്ലാവരെയും കയറ്റിയിരുത്തി.

ആറരയോടെ മുത്തങ്ങയിൽനിന്ന് പോലീസും വനം ഉദ്യോഗസ്ഥരും വാഹനവുമായെത്തി മൊയ്തീന്റെ രണ്ട് ആൺമക്കൾ ഒഴികെയുള്ളവരെ മുത്തങ്ങയിലേക്ക് കൊണ്ടുപോയി. അവിടെ തത്കാല താമസമടക്കമുള്ളവ ഒരുക്കിനൽകി. ഇതിനിടെ, മുൻമന്ത്രി അഹമ്മദ് ദേവർകോവിലിനെ ബന്ധപ്പെട്ടതിനാൽ അദ്ദേഹത്തിന്റെ ചില ആളുകളും ഗുണ്ടൽപ്പേട്ടിൽനിന്നെത്തി.

കർണാടക സ്വദേശികളുടെയും ചിലരെത്തി. തുടർന്ന്‌ ഗുണ്ടൽപ്പേട്ട്‌ പോലീസ് സ്റ്റേഷനിൽവെച്ച് പ്രശ്നം ഒത്തുതീർപ്പാക്കി. ഈസമയമത്രയും മൊയ്തീനെയും കുടുംബത്തെയും കെ.എസ്. ദീപയും കെ. ഹാഷിഫും ബന്ധപ്പെടുകയും അവർ സുരക്ഷിതമല്ലേയെന്ന് അന്വേഷിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തതായി മൊയ്തീന്റെ മകൾ പറഞ്ഞു.

ഭീഷണിയും പരിഹാസവും നിറഞ്ഞതായിരുന്നു കർണാടക സ്വദേശികളുടെ പെരുമാറ്റമെന്നും ഇനിയാർക്കെങ്കിലും ഇത്തരമൊരു സാഹചര്യമുണ്ടായാൽ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടുന്നത് നല്ലതാണെന്നും മകൾ പറഞ്ഞു. സമയോചിതമായി ഇടപെട്ട് കൊടുംകാട്ടിൽ ഭാഷയുമറിയാതെ മാനസികസംഘർഷത്തിലായ തങ്ങൾക്ക് എല്ലാ പിന്തുണയുംനൽകിയ സംസ്ഥാനസർക്കാരിന് നന്ദിപറയുകയാണ് മൊയ്തീന്റെ കുടുംബം.