കോഴിക്കോട്: സി.പി.എം. പുകയുന്ന അഗ്‌നിപർവതമാണെന്നും ഇപ്പോൾ സംസ്ഥാന സെക്രട്ടറിതന്നെ 'കെട്ട്യോളാണ് എന്റെ മാലാഖ' എന്നു പറയേണ്ട ഗതികേടിലാണെന്നും ബി.ജെ.പി. ദേശീയസമിതി അംഗം സി.കെ. പത്മനാഭൻ പറഞ്ഞു. കോഴിക്കോട് നോർത്ത് മണ്ഡലം എൻ.ഡി.എ. സ്ഥാനാർഥി നവ്യാ ഹരിദാസിന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് എരഞ്ഞിപ്പാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

To advertise here,

ഉള്ളതും ഇല്ലാത്തതും പറഞ്ഞ് ഭരണത്തുടർച്ച നേടാൻ പിണറായി ശ്രമിക്കുന്നതിനിടെയാണ് ടി.കെ. ഗോവിന്ദൻ ചില സത്യങ്ങൾ വിളിച്ചുപറഞ്ഞത്. സി.പി.എമ്മിന്റെ നിഗൂഢരഹസ്യങ്ങൾ അറിയാവുന്നയാളാണ് മുതിർന്ന നേതാവ് ടി.കെ. ഗോവിന്ദൻ. സി.പി.എമ്മിന്റെ കുത്തകസീറ്റായ തളിപ്പറമ്പിൽ സ്വന്തം ഭാര്യയെത്തന്നെ മത്സരിപ്പിക്കണമെന്നത് എം.വി. ഗോവിന്ദന്റെ സ്വാർഥതാത്പര്യമാണ്.

''ലോകത്ത് കമ്യൂണിസത്തിന്റെ അവസാന തുരുത്തും ഇല്ലാതാവുമ്പോഴും തൻകാര്യം മാത്രം നോക്കാനാണ് പിണറായിയും ഗോവിന്ദനും മറ്റും ശ്രദ്ധിക്കുന്നത്. സി.പി.എം. എന്ന അഗ്‌നിപർവതം ഉടനെ പൊട്ടിത്തെറിക്കാൻ പോവുകയാണ്. ആ പാർട്ടിയിൽനിന്ന് ബി.ജെ.പി.യിലേക്ക് കുത്തൊഴുക്ക് ആരംഭിച്ചുകഴിഞ്ഞു. ഈ വരവിൽ ബി.ജെ.പി.യിലുള്ള പഴയവരുടെ കാലുവാരാൻ സാധ്യതയുണ്ട്. പാർട്ടിപ്രവർത്തനം ഉപജീവനമാർഗമാക്കിയവരും പാർട്ടിയെ വിറ്റ് ജീവിക്കുന്നവരും അക്കൂട്ടത്തിലുണ്ടെന്നത് പഴയ ബി.ജെ.പി.ക്കാർക്ക് എപ്പോഴും ഓർമ്മവേണം''- സി.കെ.പി. പറഞ്ഞു.

ബി.ജെ.പി. സ്ഥാനാർഥികൾ രാമമന്ത്രവും കൃഷ്ണതന്ത്രവും കൈമുതലാക്കി പോരാടണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനസമിതി അംഗം എൻ.പി. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പി. രഘുനാഥ്, ഇ. പ്രശാന്ത് കുമാർ, വിനീത സജീവൻ, എം. രാജീവ് കുമാർ, കെ. ജിതിൻ, പ്രവീൺ തളിയിൽ, ശശിധരൻ മാലായിൽ, കെ. ഷൈബു, അനുരാധാ തായാട്ട്, പി.എം. ശ്യാമപ്രസാദ് തുടങ്ങിയവർ സംസാരിച്ചു.