കല്പറ്റ: എൻഡിഎ ബന്ധം ഉപേക്ഷിച്ചതിനുപിന്നാലെ യുഡിഎഫ് പ്രവേശനതാത്പര്യം വ്യക്തമാക്കി ജനാധിപത്യ രാഷ്ട്രീയപ്പാർട്ടി (ജെആർപി) നേതാവ് സി.കെ. ജാനു. യുഡിഎഫ്‌ മുന്നണിയിൽ ചേരുന്നതിനുള്ള താത്പര്യമറിയിച്ച് പ്രതിപക്ഷനേതാവ് വി.ഡി. സതീശനുമായി ആലുവയിൽവെച്ച് ചർച്ചനടത്തിയെന്നും കത്തുനൽകിയെന്നും സി.കെ. ജാനു ‘മാതൃഭൂമി’യോട് പറഞ്ഞു. കൊളംബിയയിലേക്കുള്ള യാത്രാമധ്യേയാണ് സി.കെ. ജാനു ‘മാതൃഭൂമി’യോട് സംസാരിച്ചത്.

To advertise here,

യുഡിഎഫ് മുന്നണിക്കുള്ളിൽ ചർച്ചചെയ്തതിനുശേഷം ഘടകകക്ഷികൾ ഉൾപ്പെടെയുള്ളവരിൽനിന്ന് അനുകൂലതീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും സി.കെ. ജാനു പ്രതികരിച്ചു. ഈ മാസം 25-നേ സി.കെ. ജാനു ഇനി മടങ്ങിയെത്തൂ. അതിനുശേഷമായിരിക്കും ഈ വിഷയത്തിൽ കൂടുതൽ ചർച്ചകളെന്നും അവർ പറഞ്ഞു.

ഉപാധികൾ വെച്ചില്ലെങ്കിലും പഞ്ചായത്ത് തിരഞ്ഞെടുപ്പിനുമുൻപ്‌ യുഡിഎഫുമായി സഖ്യത്തിലേർപ്പെടാനാണ് സി.കെ. ജാനു താത്പര്യപ്പെടുന്നതെന്നാണ് സൂചന. തദ്ദേശതിരഞ്ഞെടുപ്പിൽ സ്വാധീനമേഖലകളിൽ സീറ്റുലഭിക്കുമെന്ന താത്പര്യവുമുണ്ട്. എന്നാൽ, കഴിഞ്ഞദിവസം ചേർന്ന യുഡിഎഫ് യോഗത്തിൽ ജെആർപിയുടെ മുന്നണിപ്രവേശനം ചർച്ചയായപ്പോൾത്തന്നെ എതിർപ്പുയർന്നതായാണ് അറിയുന്നത്. വയനാട്ടിൽ നല്ലസ്വാധീനമുള്ള മുസ്‌ലിംലീഗിനും തൃപ്തിയില്ല. സി.കെ. ജാനു പലകുറി മുന്നണികൾ മാറിയതിനാൽ അത് അണികൾക്കിടയിൽ വിമർശനങ്ങൾക്കിടയാക്കുമെന്നാണ് ആരോപണം.

അതേസമയം, പ്രിയങ്കാഗാന്ധി പ്രതിനിധാനംചെയ്യുന്ന വയനാട്ടിൽ പട്ടികവർഗ വിഭാഗത്തിൽനിന്നുള്ള നേതാവിനെ ഒപ്പംകൂട്ടുന്നത് ദേശീയതലത്തിൽ പാർട്ടി പ്രതിച്ഛായയ്ക്ക് ഗുണംചെയ്യുമെന്നും അഭിപ്രായമുണ്ട്. പ്രിയങ്കയുടെ താത്പര്യംകൂടി പരിഗണിച്ചായിരിക്കും തീരുമാനമെന്നും അറിയുന്നു.