കൊച്ചി: കേന്ദ്ര വ്യവസായ സുരക്ഷാ സേനയിലെ (സിഐഎസ്എഫ്) വിരമിച്ച ജീവനക്കാര്‍ക്ക് കേന്ദ്രസായുധ പോലീസ് സേനയുടെ (സിഎപിഎഫ്) കാന്റീന്‍ വഴിയുള്ള മദ്യം നിഷേധിക്കുന്നത് വിവേചനമാണെന്ന് ഹൈക്കോടതി. സിഎപിഎഫ് കാന്റീന്‍വഴി സിഐഎസ്എഫ് ജീവനക്കാര്‍ക്കും മദ്യം നല്‍കണമെന്ന് ഉത്തരവിട്ടാണ് ജസ്റ്റിസ് എന്‍. നഗരേഷ് ഇക്കാര്യം വ്യക്തമാക്കിയത്. സിഐഎസ്എഫ് വെല്‍ഫയര്‍ അസോസിയേഷനടക്കമുള്ളവര്‍ നല്‍കിയ ഹര്‍ജികളിലാണ് ഉത്തരവ്.

To advertise here,

വിരമിച്ച ജീവനക്കാര്‍ക്ക് മദ്യം അനുവദിച്ചാല്‍ സര്‍വീസിലുള്ളവരും ആവശ്യം ഉന്നയിക്കുമെന്നും സുരക്ഷാപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുമെന്നുമായിരുന്നു സിഐഎസ്എഫിന്റെ വാദം. എന്നാല്‍, സിആര്‍പിഎഫ്, ബിഎസ്എഫ് തുടങ്ങിയ സിഎപിഎഫിന്റെ ഭാഗമായ മറ്റ് സേനകളിലെ വിരമിച്ച ജീവനക്കാര്‍ക്ക് മദ്യം അനുവദിക്കുമ്പോള്‍ സിഐഎസ്എഫിന് മദ്യം നിഷേധിക്കുന്നത് തെറ്റാണെന്ന് കോടതി വിലയിരുത്തി.

വിരമിച്ച ജീവനക്കാര്‍ക്ക് മദ്യം നിഷേധിച്ച് സിഐഎസ്എഫ് കഴിഞ്ഞവര്‍ഷം ജൂണില്‍ പുറപ്പെടുവിച്ച ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. കാന്റീന്‍ വഴി മദ്യം ലഭിക്കാന്‍ വിരമിച്ച ജീവനക്കാരുടെ വിവരങ്ങള്‍ സിഎപിഎഫ് കാന്റീനുകള്‍ക്ക് നല്‍കാന്‍ സിഐഎസ്എഫ് ഡയറക്ടര്‍ ജനറലിന് നിര്‍ദേശവും നല്‍കി.