നെടുമ്പാശ്ശേരി: ഏവിയേഷൻ മേഖലയിലെ അറ്റകുറ്റപ്പണികൾ, പരിശീലനങ്ങൾ, സാങ്കേതികസഹായ സേവനങ്ങൾ എന്നിവ ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിനായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 'സിയാൽ എയ്റോ പാർക്ക്' ഒരുങ്ങുന്നു. ഏവിയേഷൻ അനുബന്ധ കമ്പനികൾ, എയർക്രാഫ്റ്റ് ഹാങ്ങറുകൾ, എയർക്രാഫ്റ്റ് പാർക്കിങ് സൗകര്യം, ഏവിയേഷൻരംഗത്തെ വിവിധ പരിശീലന കേന്ദ്രങ്ങൾ, സാങ്കേതികസഹായ കേന്ദ്രങ്ങൾ എന്നിവ ഉൾപ്പെടുത്തി 36 ഏക്കർ സ്ഥലത്താണ് പദ്ധതി വരുന്നത്. ഒൻപതിന് രാവിലെ 10.30-ന് മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതി നാടിന് സമർപ്പിക്കും. അന്നേദിവസം 101 കോടി രൂപയുടെ ആറുപദ്ധതികൾകൂടി എയ്റോ പാർക്കിനൊപ്പം ചേർക്കപ്പെടും.
സിയാലിനെ സാങ്കേതികമായി സ്വയംപര്യാപ്തമാക്കുന്ന ടെക്നിക്കൽ സർവീസസ് ഫെസിലിറ്റി, പ്രീമിയം കോ-വർക്കിങ് സ്‌പേസായ സിഐഎഎസ്എൽ ബിസിനസ് സെന്റർ, രാജ്യത്തെ ഏറ്റവും വലിയ ഏവിയേഷൻ ബ്രീത്തിങ് അപ്പാരറ്റസ്ട് ട്രെയിനിങ് ഗാലറി എന്നിവയാണ് ഒന്നാംഘട്ടത്തിൽ പൂർത്തിയായതെന്ന് സിയാൽ മാനേജിങ് ഡയറക്ടർ എസ്. സുഹാസ് പറഞ്ഞു. രാജ്യത്താദ്യമായി നടപ്പാക്കുന്ന ഏവിയേഷൻ പ്രഷർ-ഫെഡ് ഫയർ ഫൈറ്റിങ് ഫെസിലിറ്റി, കേരളത്തിലെ ആദ്യ കവേർഡ് എയർക്രാഫ്റ്റ് പാർക്കിങ് ഹാങ്ങർ, അത്യാധുനിക അണ്ടർവാട്ടർ റെസ്‌ക്യു ട്രെയിനിങ് സെന്റർ എന്നിവ എയ്റോ പാർക്കിൽ ഉടൻ സജ്ജമാകും. രാജ്യത്തെ വ്യവസായമേഖലയ്ക്കുതന്നെ പുതിയൊരു മാതൃകയാണ് സിയാലിന്റെ ഈ ചുവടുവെപ്പ്. എയ്റോപാർക്ക് ഒന്നാംഘട്ടത്തിന്റെ തുടർച്ചയായി സിയാൽ ഐടി പാർക്ക് ഉൾപ്പെടുന്ന രണ്ടാംഘട്ടവും എയ്റോസിറ്റി എന്ന ബൃഹത്തായ പദ്ധതിയുടെ മൂന്നാംഘട്ടവും വരും വർഷങ്ങളിൽ ആരംഭിക്കും. ഈ പദ്ധതികൾ പൂർത്തിയാകുന്നതോടെ വിമാനങ്ങളുടെ അറ്റകുറ്റപ്പണി മുതൽ വിദഗ്ധ പരിശീലനംവരെ ഒരുകുടക്കീഴിൽ ലഭ്യമാകുന്ന ആഗോള ഏവിയേഷൻ ഹബ്ബായി കൊച്ചി മാറുമെന്ന് എസ്. സുഹാസ് പറഞ്ഞു.
സിഐഎഎസ്എൽ ബിസിനസ് സെന്റർ
എയ്റോപാർക്ക് പദ്ധതിയിൽ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ് 30 കോടി രൂപ ചെലവിൽ നിർമിച്ച സിഐഎഎസ്എൽ ബിസിനസ് സെന്റർ. 40,000 ചതുരശ്രയടി വിസ്തീർണത്തിൽ രണ്ടുനിലകളിലായി നിർമിച്ച ഈ അത്യാധുനിക കെട്ടിടം, ഒരു വിമാനത്താവള കമ്പനിയുടെ കീഴിൽ നേരിട്ട് പ്രവർത്തിക്കുന്ന ഇന്ത്യയിലെതന്നെ അപൂർവമായ പ്രീമിയം കോ-വർക്കിങ് സ്‌പേസാണ്. നാനൂറിലധികംപേർക്ക് ഒരേസമയം ജോലി ചെയ്യാനും മുപ്പതോളം കമ്പനികൾക്ക് ഒരേസമയം പ്രവർത്തിക്കാനുമുള്ള സൗകര്യമുണ്ട്. പ്രൈവറ്റ് ഓഫീസ് കാബിനുകൾ, കോൺഫറൻസ് റൂമുകൾ, റസ്റ്ററന്റുകൾ, പോഡ്കാസ്റ്റ് സ്റ്റുഡിയോ സ്‌പേസുകൾ എന്നിങ്ങനെ ഒരു ആധുനിക ബിസിനസ് ഹബ്ബിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്.
ടെക്നിക്കൽ സപ്പോർട്ട് സർവീസ് സെന്റർ
വിമാനത്താവള പ്രവർത്തനങ്ങളുടെ സുരക്ഷയും കാര്യക്ഷമതയും വർധിപ്പിക്കുന്നതിനായി 15 കോടി രൂപ ചെലവഴിച്ചാണ് അത്യാധുനിക ടെക്നിക്കൽ സർവീസസ് ഫെസിലിറ്റി സജ്ജമാക്കിയത്. വിമാനത്താവളത്തിനുള്ളിലെ സാങ്കേതികപരിപാലന രംഗത്ത് ഒരു കേന്ദ്രീകൃത നിയന്ത്രണ സംവിധാനം കൊണ്ടുവരുന്നു എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. വിമാനത്താവളത്തിലെ ആസ്തികളുടെ സംരക്ഷണം, മുൻകൂട്ടിയുള്ള അറ്റകുറ്റപ്പണി, വാർഷിക അറ്റകുറ്റപ്പണി, വെണ്ടർമാരുടെ നിയന്ത്രണം എന്നിവയെല്ലാം ഇനി ഈ ഒരൊറ്റ ഹബ്ബിന് കീഴിലായിരിക്കും ഏകോപിപ്പിക്കുക. ഡേറ്റാ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന ഈ സംവിധാനംവഴി ഓരോ ഉപകരണത്തിന്റെയും പ്രവർത്തനക്ഷമത നിരന്തരം നിരീക്ഷിക്കാനും കഴിയും.
വലിയ ബ്രീത്തിങ് അപ്പാരറ്റസ് ട്രെയിനിങ് ഗാലറി
അഗ്‌നിരക്ഷാസേനയുടെ കാര്യക്ഷമതയും അടിയന്തര സാഹചര്യങ്ങൾ നേരിടാനുള്ള കഴിവും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിനായി രണ്ടുകോടി രൂപ ചെലവിലാണ് ഏവിയേഷൻ ബ്രീത്തിങ് അപ്പാരറ്റസ് ട്രെയിനിങ് ഗാലറി സജ്ജമാക്കിയത്. അതീവ ദുഷ്‌കരമായ സാഹചര്യങ്ങളിൽപോലും പതറാതെ ജീവൻ രക്ഷാപ്രവർത്തനം നടത്താൻ സേനാംഗങ്ങളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
കേരളത്തിലെ ആദ്യ കവേർഡ് എയർക്രാഫ്റ്റ് പാർക്കിങ് ഫെസിലിറ്റി
വിമാന അറ്റകുറ്റപണിക്കായി 53,800 ചതുരശ്രയടി വിസ്തൃതിയിലാണ് 45 കോടി ചെലവിൽ സിയാലിൽ മൂന്നാമത്തെ ഹാങ്ങർ നിർമിക്കുന്നത്. ഇതിനോടുചേർന്ന് 7,000 ചതുരശ്രയടിയിൽ പ്രത്യേക ഓഫീസ്, വർക്ക്ഷോപ്പ് എന്നിവയും സജ്ജമാക്കും. ഒരേസമയം 13 നാരോ ബോഡി വിമാനങ്ങൾ പാർക്ക് ചെയ്യാൻ കഴിയുന്ന 3.5 ലക്ഷം ചതുരശ്ര അടിയുള്ള കവേർഡ് പാർക്കിങ് ഏരിയ സിയാലിന്റെ മാത്രം സവിശേഷതയാണ്. മൂന്നു മാസത്തിനുള്ളിൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
രാജ്യത്ത് ആദ്യമായി ലൈവ് ഫയർ ഫൈറ്റിങ് സംവിധാനം
വ്യോമയാന സുരക്ഷാ പരിശീലനരംഗത്ത് സിയാൽ നടത്തുന്ന മറ്റൊരു വിപ്ലവകരമായ ചുവടുവെപ്പാണ് എട്ടു കോടി രൂപ ചെലവിൽ നിർമിക്കുന്ന ഏവിയേഷൻ പ്രഷർ-ഫെഡ് ഫയർ ഫൈറ്റിങ് ഫെസിലിറ്റി. എയർബസ് എ-320 വിമാനത്തിന്റെ മാതൃകയിൽ ഒരുങ്ങുന്ന ഈ അത്യാധുനിക സംവിധാനം സിയാൽ എയ്റോ പാർക്കിൽ ഉടൻ സജ്ജമാകും.
അണ്ടർവാട്ടർ റെസ്‌ക്യു പരിശീലനകേന്ദ്രം
വ്യോമയാനസുരക്ഷയിൽ ഇന്ത്യയിലെ മറ്റൊരു വിമാനത്താവളത്തിനും അവകാശപ്പെടാനില്ലാത്ത അപൂർവനേട്ടം കൂടി സിയാൽ സ്വന്തമാക്കുകയാണ്. രാജ്യത്താദ്യമായി ഒരു വിമാനത്താവളത്തിനുള്ളിൽ സജ്ജമാക്കുന്ന അത്യാധുനിക അണ്ടർവാട്ടർ റെസ്‌ക്യു ട്രെയിനിങ് ഫെസിലിറ്റിയുടെ നിർമാണം ഉടൻ ആരംഭിക്കും. മൂന്നുകോടി രൂപ ചെലവിൽ അന്താരാഷ്ട്ര നിലവാരത്തിൽ ഒരുങ്ങുന്ന ഈ കേന്ദ്രം വിമാനത്താവളത്തിനുസമീപമുള്ള ജലാശയങ്ങളിലോ കടലിലോ ഉണ്ടാകാനിടയുള്ള അപകടസാഹചര്യങ്ങളെ നേരിടാൻ അടിയന്തര രക്ഷാസേനയെ സർവസജ്ജമാക്കുക എന്ന ലക്ഷ്യത്തോടെയാണ് വിഭാവനം ചെയ്തിരിക്കുന്നത്.
Content Highlights: CIAL Aero Park launched for aviation MRO, training, and tech services. CM inaugurates on the 9th. Explore state-of-the-art facilities at Kochi Airport.
Published: 04 Feb 2026, 09:58 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented