തിരുവനന്തപുരം: സി.പി.എം ഇന്ത്യന്‍ രാഷ്ട്രീയത്തിലെ 'കൂപമണ്ഡൂക' (കിണറ്റിലെ തവള) മാണെന്ന് കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പ്. തന്റെ യൂടൂബ് ചാനലിലെ വീഡിയോയിലാണ് ചെറിയാന്‍ ഫിലിപ്പ് സി.പി.എമ്മിന്റെ രാഷ്ട്രീയ നയത്തിനെതിരെ വിമര്‍ശനമുന്നയിച്ചത്.

To advertise here,

ലോകം വെട്ടിപ്പിടിക്കാന്‍ ഇറങ്ങിയ കമ്മ്യൂണിസ്റ്റുകാര്‍ ഇപ്പോള്‍ ജീവിക്കുന്നത് കേരളം എന്ന കിണറ്റിലാണ്. ഈ കിണര്‍ വറ്റിയാല്‍ കമ്മ്യൂണിസ്റ്റ് ജീവികള്‍ക്ക് വംശനാശം നേരിടും. സംഖ്യാബലത്തിന്റെയും വോട്ടുവിഹിതത്തിന്റെയും അടിസ്ഥാനത്തില്‍ ഒരു ദേശീയ കക്ഷിയാവാന്‍ അര്‍ഹതയില്ലാത്ത ഇന്ത്യയിലെ പന്ത്രണ്ടാമത്തെ കക്ഷിയായ സി പി എം ആണ് ഒന്നാമത്തെ പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസിനെ വെല്ലുവിളിക്കുന്നത്. 

സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസിന്റെ രേഖ ഒരു രാഷ്ട്രീയ തമാശയാണ്. കോണ്‍ഗ്രസുമായി വിവാഹബന്ധം പാടില്ലെന്നും പ്രാദേശികമായി അവിഹിത ബന്ധം ആവാമെന്നുമാണ് രേഖയില്‍ പറയുന്നത്. പാര്‍ട്ടി കോണ്‍ഗ്രസിനെ കേരള ഘടകം ഹൈജാക്ക് ചെയ്യുകയാണ്. 

കോണ്‍ഗ്രസിനെ ആവശ്യമില്ലെന്ന് സി.പി.എം പറയുന്ന ദേശീയ സഖ്യത്തില്‍ ഒരു കക്ഷിയേപ്പോലും അണിനിരത്താനുള്ള പ്രാപ്തി സി.പി.എമ്മിനില്ല. ബി.ജെ.പി വിരുദ്ധ പ്രതിപക്ഷ കക്ഷികളില്‍ ഭൂരിപക്ഷവും ഇപ്പോള്‍ കോണ്‍ഗ്രസുമായി സഹകരിക്കുന്നുണ്ട്. സി.പി.എമ്മിനോടൊപ്പം ഇടതുപക്ഷ കക്ഷികള്‍ പോലുമില്ലെന്നും ഇടതുപക്ഷ കക്ഷികളെല്ലാം ദേശീയ തലത്തില്‍ കോണ്‍ഗ്രസിനോടൊപ്പമാണെന്നും ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു.