തിരുവനന്തപുരം: കെപിസിസിയുടെ പരിപാടിയിൽ ജി. സുധാകരൻ പങ്കെടുത്തത് ‍കോൺ​ഗ്രസിന്റെ ക്ഷണപ്രകാരമാണെന്ന് രമേശ് ചെന്നിത്തല. അതിലൊരു തെറ്റുമില്ല. ​ഗാന്ധിജിയുടേയും ശ്രീനാരായണ​ഗുരുവിന്റെയും സമാ​ഗമത്തിന്റെ 100 വർഷം പൂർത്തിയായപ്പോൾ രാഷ്ട്രീയത്തിനതീതമായി നടത്തിയ പരിപാടിയായിരുന്നു അതെന്നും ചെന്നിത്തല പറഞ്ഞു. 

To advertise here,

കെപിസിസി സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുത്തതിന്റെ പേരിൽ ജി.സുധാകരനെ വളഞ്ഞിട്ട് ആക്രമിക്കുന്ന സൈബർ സഖാക്കൾ ആ പ്രവർത്തനം നിർത്തണം. അത് പൊതുജീവിതത്തിൽ നിൽക്കുന്ന വ്യക്തികളോട് ചെയ്യേണ്ട കാര്യമല്ല. ജി.സുധാകരൻ ആലപ്പുഴയിലും അമ്പലപ്പുഴയിലും എല്ലാ ചടങ്ങുകളിലും പങ്കെടുക്കുന്നയാളുകളാണ്. അദ്ദേഹത്തെപ്പോലൊരു സീനിയർ നേതാവിനെ വളരെ മോശമായി പാർട്ടി സഖാക്കൾതന്നെ സൈബറിടങ്ങളുപയോ​ഗിച്ച് ആക്രമിക്കുന്നത് അപലപനീയമാണ്. അതവസാനിപ്പിക്കാൻ പാർട്ടി നേതൃത്വം മുൻകയ്യെടുക്കണമെന്നും  രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

വയനാട്ടിലെ സിദ്ദാർത്ഥന്റെ മരണവുമായും ക്യാമ്പസുകളിലെ ലഹരി ഉപയോ​ഗവുമായും ബന്ധപ്പെട്ട ചോദ്യങ്ങൾക്കും അദ്ദേഹം മറുപടി പറഞ്ഞു. ന​ഗ്നനനാക്കി ഒരു വിദ്യാർത്ഥിയെ 140 പേർ വളഞ്ഞിട്ട് രണ്ടുദിവസക്കാലം പീഡിപ്പിച്ചതിന്റെ ഫലമായിട്ടാണ് ആത്മഹത്യയോ കൊലപാതകമോ സംഭവിക്കുന്നത്. ഇവിടെ നടക്കുന്ന റാ​ഗിങ് കേസുകളിൽ മുഴുവൻ എസ്എഫ്ഐക്കാരാണ് പ്രതികൾ. കോട്ടയത്ത് നഴ്സിങ് കോളേജിൽ വിദ്യാർത്ഥിയുടെ ദേഹത്ത് കോമ്പസുകൊണ്ട് വരഞ്ഞ സംഭവത്തിലെ പ്രതികൾ മുഴുവൻ എസ്എഫ്ഐക്കാരാണ്. കാര്യവട്ടം ക്യാമ്പസിലെ റാ​ഗിങ് കേസിലും എസ്എഫ്ഐക്കാരാണ് പ്രതികൾ.

കളമശ്ശേരിയിലെ കഞ്ചാവ് കേസിലും പിടിച്ചത് എസ്എഫ്ഐക്കാരെയാണ്. എസ്എഫ്ഐക്കാരുടെ മുറിയിൽ കെഎസ്‌യുക്കാർ താമസിച്ചു എന്നാണെങ്കിൽ അവരുടെമേൽ നടപടിയെടുക്കട്ടെ. ആരാണ് അതിനെ എതിർക്കുന്നത്. കക്ഷിരാഷ്ട്രീയത്തിനതീതമായിത്തന്നെ മുഖംനോക്കാതെ നടപടിയെടുക്കട്ടെ. പക്ഷേ ഭൂരിപക്ഷം കേസുകളിലും എസ്എഫ്ഐ ഉണ്ട് എന്നത് മറക്കരുത്. ഒരു സംഘടനയെന്ന നിലയിൽ അവരതിനെ നിയന്ത്രിക്കണം. കഴിഞ്ഞദിവസം ആ കുട്ടിയെ പുറത്താക്കിയത് വളരെ നന്നായി.

രാഷ്ട്രീയ വൈരത്തിനപ്പുറം ലഹരി മാഫിയയെ അമർച്ച ചെയ്യാനാണ് ശ്രമിക്കേണ്ടത്. കേരളംപോലൊരു സംസ്ഥാനത്ത് ക്യാമ്പസുകളിൽ നടക്കുന്ന ഇത്തരം പ്രവർത്തനങ്ങളിൽ എസ്എഫ്ഐയുടെ പങ്കാളിത്തം ഞാൻ ചൂണ്ടിക്കാണിച്ച കേസുകളിലെല്ലാമുണ്ട്. അതുകൊണ്ട് അവരത് തിരുത്തണമെന്ന് പറയുന്നത് തെറ്റാണോയെന്നും രമേശ് ചെന്നിത്തല ചോദിച്ചു.