തിരുവനന്തപുരം: കേരളത്തിനെതിരെയുള്ള കേന്ദ്രസര്‍ക്കാരിന്റെ അവഗണനയ്ക്കും സാമ്പത്തിക സഹായം നിഷേധിക്കുന്നതിനുമെതിരേ ദേശീയ-സംസ്ഥാന തലത്തില്‍ പ്രതിഷേധങ്ങള്‍ കടുപ്പിക്കാന്‍ ഇടതുപക്ഷം. ദേശീയതലത്തില്‍ ഡല്‍ഹിയിലെ കേന്ദ്രഭരണ ആസ്ഥാനത്ത് കേരളത്തിലെ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ പ്രക്ഷോഭം നടത്തും. സംസ്ഥാനതലത്തില്‍ കണ്‍വന്‍ഷനുകള്‍ നടത്തുന്നതിനും തീരുമാനമായതായി എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ.പി. ജയരാജന്‍ അറിയിച്ചു.
മുഖ്യമന്ത്രി, മറ്റു മന്ത്രിമാര്‍, സംസ്ഥാനത്തെ മുഴുവന്‍ എം.എല്‍.എ.മാര്‍, ഇടതുപക്ഷ എം.പി.മാര്‍, ഇടതുപക്ഷ സംഘടനാ നേതാക്കള്‍ എന്നിവരെല്ലാം ഡല്‍ഹിയില്‍ നടക്കുന്ന പ്രക്ഷോഭ പരിപാടിയില്‍ പങ്കെടുക്കുമെന്ന് ഇ.പി. അറിയിച്ചു. ജനുവരിയിലാണ് സമരത്തിന് ഉദ്ദേശിക്കുന്നതെന്നും ജയരാജന്‍ വ്യക്തമാക്കി. കൂടാതെ സംസ്ഥാനതലത്തില്‍ കണ്‍വന്‍ഷനുകളും നടത്തും. നവംബര്‍ 18 മുതല്‍ ഡിസംബര്‍ 24 വരെ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തിലുള്ള നവകേരള സദസ്സിനിടെയായിരിക്കും കണ്‍വന്‍ഷന്‍ നടത്തുക. ജില്ലകള്‍ തോറും സെമിനാര്‍ ഉള്‍പ്പെടെയുള്ള പരിപാടികളും നടത്തും. ഇടതുമുന്നണി പ്രവര്‍ത്തകരല്ലാത്തവരെയും പരിപാടിയില്‍ പങ്കെടുപ്പിക്കുമെന്നും ജയരാജന്‍ അറിയിച്ചു.
സംസ്ഥാനങ്ങളോടുള്ള കേന്ദ്രത്തിന്റെ അവഗണന ദേശീയാടിസ്ഥാനത്തിലുള്ള പ്രശ്‌നമാണ്. കേന്ദ്രത്തിന്റെ അവഗണനയ്ക്കിരയായ ബി.ജെ.പി. ഇതര സംസ്ഥാന സര്‍ക്കാരുകളുമായി ബന്ധപ്പെടും. അവരുടെ സഹായങ്ങള്‍ അഭ്യര്‍ഥിക്കും. ഇത്തരത്തിലുള്ള സംസ്ഥാനങ്ങളുടെ ഒരു കൂട്ടായ്മ കൊണ്ടുവരും. കേരളത്തിലെ ധനമന്ത്രി ഈ സംസ്ഥാനങ്ങൾ സന്ദർശിച്ച് അവിടത്തെ സ്ഥിതി സംബന്ധിച്ച് വിലയിരുത്തും. അതിന്റെ അടിസ്ഥാനത്തിലായിരിക്കും കൂട്ടായ്മ നടത്തി മുന്നോട്ടുപോകുകയെന്നും ജയരാജന്‍ പറഞ്ഞു.
കേരളം സാമ്പത്തികമായി പ്രയാസത്തിലാണ്. ഇക്കൊല്ലം 71,000 കോടി രൂപ പഴയ കുടിശ്ശിക പിരിച്ചു. കുടിശ്ശിക പിരിച്ചെടുക്കുന്നില്ലെന്ന ഓഡിറ്റ് വിഭാഗത്തിന്റെ നിരീക്ഷണം തെറ്റാണ്. ഇ.എം.എസ്. സര്‍ക്കാരിന്റെ കാലം മുതലുള്ള കുടിശ്ശിക പിരിച്ചെടുക്കുന്നില്ലെന്ന് ചൂണ്ടിക്കാണിക്കാന്‍ വികസന വിരോധികള്‍ക്കേ കഴിയൂ. അവയില്‍ പലരും മരിച്ചവരോ സ്ഥാപനങ്ങള്‍ പൂട്ടിയവയോ ആണ്. ഇതെല്ലാം ചൂണ്ടിക്കാണിച്ച് കേരളത്തെ കുറ്റപ്പെടുത്തുന്നു.
കേന്ദ്രം കേരളത്തെ അവഗണിക്കുകയാണ്. അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ പോലും നല്‍കുന്നില്ല. ഇതിനെതിരെയാണ് കണ്‍വന്‍ഷന്‍. പുതിയ ട്രെയിനുകള്‍, പഴയ കോച്ചുകള്‍ മാറ്റി പുതിയവ സ്ഥാപിക്കല്‍, റബ്ബറിന് ന്യായമായ വില എന്നിവയെല്ലാം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: central neglect, ldf is ready to protest in delhi, including the cm will participate
Published: 10 Nov 2023, 07:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented