ന്യൂഡല്‍ഹി: പാലക്കാട് പുതിയ വിമാനത്താവളത്തിനായി അപേക്ഷനല്‍കിയാല്‍ പരിഗണിക്കുമെന്ന് കേന്ദ്ര വ്യോമയാനമന്ത്രി കെ. റാം മോഹന്‍ നായിഡു അറിയിച്ചു. വി.കെ. ശ്രീകണ്ഠന്‍ എം.പി.യെയാണ് ഇക്കാര്യം അറിയിച്ചത്. പുതിയ വിമാനത്താവളം നിര്‍മിക്കുന്നതിനുള്ള അപേക്ഷ സംസ്ഥാനസര്‍ക്കാരില്‍നിന്നോ വിമാനത്താവള ഡിവലപ്പറില്‍നിന്നോ ലഭിച്ചാല്‍ നിലവിലുള്ള നയത്തിലെ വ്യവസ്ഥകളനുസരിച്ച് പരിഗണിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

To advertise here,

പാലക്കാട് പുതിയവിമാനത്താവളം സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് വി.കെ. ശ്രീകണ്ഠന്‍ നല്‍കിയ നിവേദനത്തിനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യമറിയിച്ചത്. രാജ്യത്ത് പുതിയ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍, നടപടിക്രമങ്ങള്‍, വ്യവസ്ഥകള്‍, എന്നിവയുള്‍പ്പെടുന്ന ഒരു ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളനയം 2008-ല്‍ കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ഇതനുസരിച്ചാണ് അപേക്ഷനല്‍കേണ്ടത്. എന്നാല്‍, സംസ്ഥാനസര്‍ക്കാരില്‍നിന്നോ ഏതെങ്കിലും ഏജന്‍സിയില്‍നിന്നോ പാലക്കാട് വിമാനത്താവളത്തിനായി ഇതുവരെ അപേക്ഷകളൊന്നും ലഭിച്ചിട്ടില്ല.

എന്നാല്‍, പാലക്കാട് ജില്ലയിലെ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ഗ്രൗണ്ട്, ഇന്ദിരാഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയം, എന്നീ ഹെലിപ്പോര്‍ട്ടുകള്‍ സ്ഥാപിക്കാന്‍ റീജണല്‍ കണക്ടിവിറ്റി സ്‌കീമായ ഉഡാന്‍ അനുസരിച്ച് ടെന്‍ഡര്‍ ക്ഷണിച്ചിട്ടുണ്ട്. ഏതെങ്കിലും വ്യോമയാനകമ്പനി ഈ ഹെലിപോര്‍ട്ടുകള്‍ക്ക് സാധുവായ അപേക്ഷ സമര്‍പ്പിക്കുകയാണെങ്കില്‍ അത് നിയമസാധുതയനുസരിച്ച് പരിഗണിക്കുന്നതാണെന്നും മന്ത്രി അറിയിച്ചു.