തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധത്തിന് വഴങ്ങി റേഷന്‍ മസ്റ്ററിങ് നടത്തിയെങ്കിലും ഭക്ഷ്യവിഹിതത്തില്‍ ആശങ്കപ്പെട്ട് കേരളം. ഗുണഭോക്താക്കളുടെ ഇ-കെ.വൈ.സി. നടത്തിയില്ലെങ്കില്‍ അടുത്ത സാമ്പത്തികവര്‍ഷം മുതല്‍ ഭക്ഷ്യധാന്യവിഹിതം ലഭിക്കില്ലെന്നതാണ് കേന്ദ്രം നല്‍കിയിട്ടുള്ള സൂചന. ഇതിനുപുറമേ, മഹാരാഷ്ട്ര മാതൃകയില്‍ ഭക്ഷ്യധാന്യത്തിനു പകരം റേഷനുള്ള പണം ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടില്‍ നല്‍കുന്ന പദ്ധതി (ഡി.ബി.ടി.) അണിയറയിലുണ്ടെന്നാണ് കേരളത്തെ അലട്ടുന്ന പ്രശ്‌നം. ഇതോടെ, മുന്‍ഗണനാവിഭാഗങ്ങള്‍ക്ക് മാത്രമായി റേഷന്‍ ചുരുങ്ങും.

To advertise here,

സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് റേഷന്‍ മസ്റ്ററിങ് കേന്ദ്രം നിര്‍ബന്ധമാക്കിയത്. ബി.പി.എല്‍. വിഭാഗത്തില്‍ ആറുലക്ഷവും മുന്‍ഗണനാവിഭാഗത്തില്‍ 32 ലക്ഷവുമാണ് കേരളത്തിലെ റേഷന്‍ ഗുണഭോക്താക്കള്‍. ഇതില്‍ 95 ശതമാനം മസ്റ്ററിങ് പൂര്‍ത്തിയായി. മറ്റു സംസ്ഥാനങ്ങള്‍ ഇതിനെക്കാള്‍ പിന്നിലായതിനാല്‍ കഴിഞ്ഞ ഡിസംബര്‍ 31 എന്നത് മാര്‍ച്ച് 31 വരെ നീട്ടുമെന്നാണ് പ്രതീക്ഷ. മസ്റ്ററിങ് നിര്‍ബന്ധമായതിനാല്‍ ചെയ്യാത്തവര്‍ക്ക് അടുത്ത സാമ്പത്തികവര്‍ഷംമുതല്‍ ഭക്ഷ്യവിഹിതം ലഭിക്കാനിടയില്ല.

മഹാരാഷ്ട്ര തിരഞ്ഞെടുപ്പിനു മുന്‍പായി മുംബൈയിലെ രണ്ടിടത്തും താനെയില്‍ ഒരിടത്തും പരീക്ഷണാടിസ്ഥാനത്തില്‍ ഡി.ബി.ടി. പദ്ധതി നടപ്പാക്കിയിരുന്നു. പുതുച്ചേരിയിലും പഞ്ചാബിലെ ചിലയിടങ്ങളിലുമൊക്കെ പദ്ധതി നടപ്പായിവരുന്നു. മസ്റ്ററിങ് വഴി ഗുണഭോക്താക്കളുടെ വിവരങ്ങള്‍ മുഴുവന്‍ കേന്ദ്രത്തിന്റെ പക്കലായതിനാല്‍ ഡി.ബി.ടി. നടപ്പാക്കാന്‍ ബുദ്ധിമുട്ടില്ല. അങ്ങനെ വന്നാല്‍, സംസ്ഥാനത്തെ റേഷന്‍സംവിധാനങ്ങള്‍ അടിമുടി താളംതെറ്റും. റേഷന്‍കടകള്‍ അപ്രസക്തമാവും.

ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവര്‍ ഉള്‍പ്പെടെയുള്ള മുന്‍ഗണനാവിഭാഗങ്ങള്‍ക്കുമാത്രമേ കേന്ദ്രത്തിന്റെ കണക്കില്‍ റേഷന് അര്‍ഹതയുള്ളൂ. കേരളത്തിലാവട്ടെ, മുന്‍ഗണനേതര വിഭാഗങ്ങള്‍ക്ക് സബ്സിഡിയിലും അല്ലാതെയും ഭക്ഷ്യധാന്യം വിതരണംചെയ്യുന്നുണ്ട്.