
പുത്തന്‍കുരിശ്: സമാധാനത്തോടെ പോവുക... എന്ന പ്രാര്‍ഥനാഗീതം മുഴങ്ങിയപ്പോള്‍ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയെ അവസാനമായി ഒരു നോക്ക് കാണാന്‍ എത്തിയവരുടെ മിഴികള്‍ നിറയുന്നുണ്ടായിരുന്നു. നല്ല ഇടയന് യാത്രയയപ്പ് നല്‍കാന്‍ പുത്തന്‍കുരിശിലെ സഭ ആസ്ഥാനത്തിന് സമീപത്തുള്ള കത്തീഡ്രലില്‍ ആയിരങ്ങളാണ് എത്തിച്ചേര്‍ന്നത്.
യാക്കോബായ സഭയുടെ പ്രാദേശിക തലവനും ശ്രേഷ്ഠ കാതോലിക്കയുമായ ആബൂന്‍ മാര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ സംസ്‌കാര ശുശ്രൂഷകള്‍ പൂര്‍ത്തിയായി. പുത്തന്‍കുരിശിലെ സഭാ ആസ്ഥാനത്തോട് ചേര്‍ന്നുള്ള മാര്‍ അത്തനേഷ്യസ് കത്തീഡ്രലില്‍ പ്രത്യേകം തയ്യാറാക്കിയ കല്ലറയില്‍ ഭൗതികശരീരം സംസ്‌കരിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ മെത്രാപ്പോലീത്തന്‍ ട്രസ്റ്റി ജോസഫ് മാര്‍ ഗ്രിഗോറിയോസിന്റെ കാര്‍മികത്വത്തിലായിരുന്നു കബറടക്കം. പാത്രിയാര്‍ക്കിസ് ബാവയുടെ പ്രതിനിധികളായി അമേരിക്ക, യു.കെ. ആര്‍ച്ച് ബിഷപ്പുമാര്‍ ശുശ്രൂഷകളില്‍ പങ്കെടുത്തു. വിവിധ സഭ മേലധ്യക്ഷന്‍മാരും രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തുള്ളവരും സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തു.
മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, കേന്ദ്രമന്ത്രി സുരേഷ് ഗോപി, മന്ത്രി പി. പ്രസാദ്, കെ.സി. വേണുഗോപാല്‍, ജോസ് കെ. മാണി, കെ. സുധാകരന്‍, അനൂപ് ജേക്കബ് തുടങ്ങിയവര്‍ ആദരാഞ്ജലി അര്‍പ്പിക്കാന്‍ സഭാ ആസ്ഥാനത്തെത്തിയിരുന്നു.

പൊതുദര്‍ശനം ആരംഭിച്ചതു മുതല്‍ ആയിരങ്ങളാണ് അദ്ദേഹത്തെ കാണാന്‍ കോതമംഗലം ചെറിയ പള്ളിയിലേക്കും പിന്നീട് വലിയ പള്ളിയിലേക്കും പുത്തന്‍ കുരിശ് പള്ളിയിലേക്കും എത്തിക്കൊണ്ടിരുന്നത്.
ശ്രേഷ്ഠ ബാവ തയ്യാറാക്കിയ വില്‍പത്രത്തില്‍ തന്റെ പിന്‍ഗാമിയായി ജോസഫ് മാര്‍ ഗ്രിഗോറിയോസ് വരണമെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ ജോസഫ് മാര്‍ ഗ്രിഗോറിയോസ് ശ്രേഷ്ഠ ബാവയുടെ പിന്‍ഗാമി ആയേക്കും.
പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം സഭാവിശ്വാസികളെ ചേര്‍ത്ത് പിടിച്ചും അരമനക്കുള്ളില്‍ ഒളിക്കാതെ പ്രതിഷേധിച്ചും കലഹിച്ചും സഭാവിശ്വാസികളോടൊപ്പം ചേര്‍ന്നു നിന്ന വ്യക്തിത്വമായിരുന്നു ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടേത്. ആതുരാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സഭാ വിശ്വാസികള്‍ക്കായി പടുത്തയര്‍ത്തിയ അദ്ദേഹത്തെ മലങ്കര സഭയുടെ യാക്കോബ് ബുര്‍ദാന എന്നാണ് വിശ്വാസികള്‍ ഭക്തിയോടെ വിളിക്കുന്നത്. 22 വര്‍ഷം യാക്കോബായ സഭയെ നയിച്ച നായകനാണ് സഭാമക്കള്‍ വിടനല്‍കിയത്. തന്റെ ജീവതത്തിലൂടെയും ആശയത്തിലൂടേയും പകരംവെക്കാനില്ലാത്ത നേതൃത്വമാണ് കടന്നുപോയത്.
Content Highlights: Head of jacobite syrian orthodox church catholicos mor baselios thomas funeral
Published: 02 Nov 2024, 06:50 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented