വടകര (കോഴിക്കോട്): അമ്മൂമ്മയെയും പേരമകളെയും ഇടിച്ചിട്ട് കടന്നുപോയതാണ് ആ കാർ. അമ്മൂമ്മ മരണപ്പെട്ടു, പേരമകൾ ഒമ്പതുവയസ്സുകാരി ദൃഷാന ആറുമാസമായി അബോധാവസ്ഥയിൽ കഴിയുന്നു. കാർ കണ്ടെത്താൻ ആദ്യം വടകര പോലീസും പിന്നെ ക്രൈംബ്രാഞ്ചും അന്വേഷിച്ചെങ്കിലും കാർ ഇപ്പോഴും കാണാമറയത്തു തന്നെ. 

To advertise here,

തലശ്ശേരി പന്ന്യന്നൂർ പഞ്ചായത്ത് ഓഫീസിനുസമീപം പുത്തലത്ത് ബേബി (62) മരിക്കുകയും മകളുടെ മകൾ ദൃഷാനയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത സംഭവത്തിലാണ് ആറുമാസം കഴിഞ്ഞിട്ടും കാർ കണ്ടെത്താൻ കഴിയാത്തത്. വിഷയത്തിൽ ഹൈക്കോടതിയും മനുഷ്യാവകാശ കമ്മിഷനുമെല്ലാം ഇടപെട്ടതോടെ പ്രത്യേക അന്വേഷണസംഘം അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

ഫെബ്രുവരി 17-ന് രാത്രി വടകരയ്ക്കു സമീപം ചോറോട് അമൃതാനന്ദമയീമഠം സ്റ്റോപ്പിലാണ് അപകടമുണ്ടായത്. രാത്രി ഒമ്പതുമണിയോടെ ചോറോടിലെ ബന്ധുവീട്ടിലേക്ക് പോകാനായി ബസ്സിറങ്ങി റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് വെള്ളനിറത്തിലുള്ള കാർ ഇരുവരെയും ഇടിച്ചുവീഴ്ത്തിയത്. കാർ നിർത്താതെ പോയി.

ആശുപത്രിയിലെത്തിക്കുമ്പോഴേക്കും ബേബി മരിച്ചു. ദൃഷാന അബോധാവസ്ഥയിൽ ഇപ്പോഴും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കണ്ണൂർ മേലെ ചൊവ്വ വടക്കൻ കോവിൽ സുധീറിന്റെയും സ്മിതയുടെയും മകളാണ് ദൃഷാന. അപകടമുണ്ടാക്കിയ ഇരട്ടദുരന്തത്തിന്റെ വേദനയിൽനിന്ന് ഇനിയും മുക്തമായിട്ടില്ല കുടുംബം. കാർ കണ്ടെത്താൻ കഴിയാത്തതുകൊണ്ടുതന്നെ അപകട ഇൻഷുറൻസ് തുക കിട്ടാനുള്ള സാധ്യതയുമില്ല.

അപകടം നടന്നശേഷം പോലീസ് സമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചിരുന്നെങ്കിലും തെളിവൊന്നും കിട്ടിയില്ല. പിന്നീട് അന്വേഷണം ഇഴഞ്ഞു. ഇതോടെ ബന്ധുക്കൾ മുഖ്യമന്ത്രി ഉൾപ്പെടെയുളളവർക്ക് പരാതി നൽകി. ഇപ്പോഴാണ് വീണ്ടും അന്വേഷണം ഊർജിതമായത്. വെളുത്ത കാറാണെന്ന് മാത്രമറിയാം. ചില ദൃശ്യങ്ങൾ പരിശോധിച്ചതിൽ സ്വിഫ്റ്റ് കാറാണെന്നും സംശയമുണ്ട്.

ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ജി. ബാലചന്ദ്രന്റെ നേതൃത്വത്തിലാണ് ഇപ്പോൾ അന്വേഷണം. കാറിന്റെ മുൻവശത്ത് കേടുപാടുണ്ടാകാൻ സാധ്യതയുള്ളതിനാൽ അപകടം നടന്നതിനു ശേഷമുള്ള ദിവസങ്ങളിൽ വർക്ക് ഷോപ്പ്, സ്പെയർ പാർട്‌സ് ഷോപ്പ്, സർവീസ് സെൻറർ എന്നിവിടങ്ങളിൽ വെള്ള നിറത്തിലുള്ള സ്വിഫ്റ്റ് കാർ നന്നാക്കാൻ കൊണ്ടുവന്നിട്ടുണ്ടെങ്കിൽ അറിയിക്കണമെന്ന സന്ദേശം ക്രൈംബ്രാഞ്ച് പ്രചരിപ്പിക്കുന്നുണ്ട്. അറിയിക്കേണ്ട നമ്പർ: 9497990120, 8086530022, 9947481919.

മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു

:കാറപകടത്തിൽ മുത്തശ്ശി മരിക്കുകയും ഒൻപതുവയസ്സുള്ള കൊച്ചുമകൾ അബോധാവസ്ഥയിലാവുകയും ചെയ്ത സംഭവത്തിൽ ഇടിച്ച വാഹനം കണ്ടെത്താത്ത പോലീസിന്റെപേരിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു.

ജില്ലാ പോലീസ് മേധാവി (കോഴിക്കോട്‌ റൂറൽ) ഇതുവരെ നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് നാലാഴ്ചയ്ക്കകം ഹാജരാക്കണമെന്ന് കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മിഷൻ കേസെടുത്തത്.

നാലുമാസംമുൻപാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. ഇടിച്ച കാർ കണ്ടെത്താനായില്ലെങ്കിൽ ഇൻഷുറൻസ് സഹായം കിട്ടില്ല. കോഴിക്കോട് മെഡിക്കൽ കോളേജിലെ ഫിസിക്കൽ മെഡിസിൻ റിഹാബിലിറ്റേഷൻ സെന്ററിലെ വരാന്തയിലാണ് തൃഷാനയുടെ കുടുംബം കഴിയുന്നത്.