തിരുവനന്തപുരം: കിഫ്ബി വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുന്ന സി.എ.ജി റിപ്പോര്‍ട്ട് നിയമസഭയില്‍. കിഫ്ബി മസാല ബോണ്ട് കേന്ദ്രസര്‍ക്കാരിന്റെ അധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.

To advertise here,

കിഫ്ബി സംസ്ഥാനത്തിന്റെ പ്രത്യക്ഷ ബാധ്യതയാണെന്നും മസാല ബോണ്ട് ബാഹ്യമായ കടമാണെന്നും സി.എ.ജി. റിപ്പോര്‍ട്ടിലുണ്ട്. കിഫ്ബിയുടെ കടമെടുപ്പ് ആകസ്മിക ബാധ്യതയാണെന്ന സര്‍ക്കാര്‍ നിലപാട് ആശ്ചര്യകരമാണെന്നും ഭരണഘടനാ വ്യവസ്ഥ പാലിക്കാതെയാണ് കിഫ്ബി വായ്പ എടുക്കലെന്നും സി.എ.ജി. റിപ്പോര്‍ട്ടിലുണ്ട്.

കിഫ്ബിക്ക് സ്വന്തമായ വരുമാന സ്രോതസില്ലെന്നും കടമെടുപ്പ് തനത് വരുമാനത്തിലെ ബാധ്യതയാകുമെന്നും സി.എ.ജി. റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. കിഫ്ബി സംസ്ഥാനത്തിന്റെ പ്രത്യക്ഷ ബാധ്യതയാണെന്നും സി.എ.ജി. റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

ഇന്ത്യന്‍ ഭരണഘടനയുടെ ഏഴാം ഷെഡ്യൂള്‍ കേരളം മറികടന്നെന്ന ഗുരുതര ആരോപണവും സി.എ.ജി. റിപ്പോര്‍ട്ടിലുണ്ട്. വിദേശ കടമെടുപ്പിനുള്ള അധികാരം കേന്ദ്രത്തിന് മാത്രമാണ്. അതുകൊണ്ടു തന്നെ കേരളം നടത്തിയത് ഭരണഘടന വ്യവസ്ഥകളുടെ ലംഘനമാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

കേരളത്തിന്റേത് ഇല്ലാത്ത അധികാരമാണെന്നും കേന്ദ്രത്തിന്റെ അധികാരത്തിന്മേല്‍ സംസ്ഥാനം കടന്നുകയറിയെന്നും റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്നു. കിഫ്ബിയുടെ മസാല ബോണ്ടിന് ആര്‍.ബി.ഐ. നല്‍കിയ അനുമതി ചോദ്യം ചെയ്യപ്പെടാവുന്നതാണെന്നും സി.എ.ജി. റിപ്പോര്‍ട്ട് പറയുന്നു. കിഫ്ബി വളയമില്ലാതെ ചാടിയെന്നും സി.എ.ജി. വിമര്‍ശിക്കുന്നു.

content highlights: cag report on kiifb