തിരുവനന്തപുരം: കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ അക്കൗണ്ടന്റ് ജനറൽ (എജി) ഓഫീസുകളിൽ ജീവനക്കാരെ വെട്ടിക്കുറച്ചതിനു പിന്നാലെ സിഎജി ഓഡിറ്റിന് പുറംകരാർ നൽകാനും തീരുമാനം. സ്വയംഭരണസ്ഥാപനങ്ങളിലും പൊതു,തദ്ദേശ മേഖലകളിലും നടത്തേണ്ട ഓഡിറ്റ് ചാർട്ടേഡ് അക്കൗണ്ടന്റുമാരെ(സിഎ) ഏൽപ്പിക്കാൻ താത്പര്യപത്രം ക്ഷണിച്ചു. 2025 ജൂലായ് മുതൽ 2027 മാർച്ചുവരെ രണ്ടു വർഷത്തേക്കാണ് കരാർ.
കേരളത്തിൽ കൊച്ചിയും കോഴിക്കോടുമടക്കം വിവിധ സംസ്ഥാനങ്ങളിലെ 40 കേന്ദ്രങ്ങളിൽ പുറംകരാർ ഓഡിറ്റ് നടത്തുമെന്നാണ് താത്‌പര്യപത്രം വ്യക്തമാക്കുന്നത്.
സിവിൽസർവീസ് റാങ്ക്പട്ടികയിൽനിന്ന് നിയമിക്കപ്പെടുന്ന ഇന്ത്യൻ ഓഡിറ്റ് ആൻഡ് അക്കൗണ്ട്‌സ് (ഐഎഎഡി) വിഭാഗത്തിലെ ഉദ്യോഗസ്ഥർ ചെയ്തിരുന്ന ജോലികളിലാണ് സിഎക്കാരെ നിയോഗിക്കുന്നത്. രാജ്യത്തെ പല പദ്ധതികളിലെയും ക്രമക്കേടുകൾ സിഎജി റിപ്പോർട്ടിലൂടെ പുറത്തുവന്നത് ഐഎഎഡി ഉദ്യോഗസ്ഥരുടെ ഓഡിറ്റ് മികവിന്റെ ഫലമായിരുന്നു. അതേസമയം, സിഎക്കാരുടെ ഓഡിറ്റിന് സിഎജിയിലെ ഓഡിറ്റ് ഓഫീസർമാരുടെ മേൽനോട്ടവും പരിശോധനയും ഉണ്ടാവുമെന്നാണ് അധികൃതരുടെ വാദം.
അഴിമതിക്കു വഴിതെളിയും; വിശ്വാസ്യത മങ്ങും
സിഎ സ്ഥാപനങ്ങൾക്ക് കരാർനൽകുന്നതിലൂടെ ഓഡിറ്റിൽ സ്വകാര്യപങ്കാളിത്തം നടപ്പാക്കിയിരിക്കുകയാണ് സിഎജി. പുതിയ ഓഡിറ്റ് രീതി അഴിമതിക്കിടയാക്കുമെന്നാണ് വിമർശനം.
സ്വയംഭരണസ്ഥാപനങ്ങൾക്കും മറ്റും സഹായധനവും വായ്പയുമായി കോടിക്കണക്കിനുരൂപയാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നൽകാറുള്ളത്. ഇതിന്റെ ധനവിനിയോഗറിപ്പോർട്ട് സർക്കാരിന് സമർപ്പിക്കാൻ പലപ്പോഴും സിഎക്കാർതന്നെയാണ് ഓഡിറ്റ് ചെയ്യാറ്. ഇതേ കണക്കുകൾ സിഎജിക്കുവേണ്ടിയും സിഎക്കാർതന്നെ ഓഡിറ്റ് ചെയ്യുന്നതിലാണ് വൈരുധ്യം.
ഓഡിറ്റിന് സിഎജി പിന്തുടരുന്ന മാനദണ്ഡങ്ങളോ കാർക്കശ്യമോ സിഎക്കാരുടെ കണക്കെടുപ്പിൽ പ്രതിഫലിക്കാനിടയില്ല. ഇത് സിഎജി റിപ്പോർട്ടുകളുടെ കാര്യക്ഷമതയെയും വിശ്വാസ്യതയെയും ബാധിക്കും.
ആത്മഹത്യാപരമെന്ന് ജീവനക്കാർ
ഓഡിറ്റിങ്ങിന് സിഎക്കാരിൽനിന്ന് താത്‌പര്യപത്രം ക്ഷണിച്ച സിഎജി നടപടി ആത്മഹത്യാപരവും ഭരണഘടനയുടെ അന്തഃസത്തയ്ക്ക് എതിരാണെന്നും ഓൾ ഇന്ത്യ ഓഡിറ്റ് ആൻഡ് അക്കൗണ്ട്‌സ് ഓഫീസേഴ്‌സ് അസോസിയേഷൻ കുറ്റപ്പെടുത്തി. പുറംകരാർ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അസോസിയേഷൻ സിഎജിക്കു കത്തയച്ചു. ആവശ്യത്തിന് ജീവനക്കാരെ നിയമിച്ച് ഓഡിറ്റിനുള്ള ഭരണഘടനാബാധ്യത നിറവേറ്റുകയാണ് സിഎജി ചെയ്യേണ്ടതെന്ന് അസോസിയേഷൻ പ്രസിഡന്റ് ബിനോദ് കുമാർ ഉപാധ്യയയും സെക്രട്ടറി ജനറൽ ഒ.എസ്. സുധാകരനും പറഞ്ഞു.
ജോലിഭാരം; സ്വയംവിരമിക്കലിന് എജി ജീവനക്കാർ
കേന്ദ്രസർക്കാരിന്റെ അപ്രഖ്യാപിത നിരോധനനിയമനം ജോലിഭാരം കൂട്ടിയതോടെ, കൂട്ടത്തോടെ സ്വയംവിരമിക്കലിന് തയ്യാറെടുത്ത് അക്കൗണ്ടന്റ് ജനറൽ (എജി) ഓഫീസ് ജീവനക്കാർ. എട്ടാം ശമ്പളക്കമ്മിഷൻ ശുപാർശയനുസരിച്ചുള്ള വേതനപരിഷ്കാരം അടുത്ത വർഷം നടപ്പായശേഷം ഒട്ടേറെ ജീവനക്കാർ സ്വയംവിരമിക്കും.
സംസ്ഥാനസർക്കാർ ജീവനക്കാരുടെ സർവീസ് കാര്യം പരിശോധിക്കാൻ 600 പേർക്ക് ഒരാൾ എന്ന നിലയിലായിരുന്നു എജി ഓഫീസിലെ അനുപാതം. ജീവനക്കാരെ കേന്ദ്രം വെട്ടിക്കുറച്ചതോടെ, ഈ അനുപാതം ആയിരംപേർക്ക് ഒരു ഉദ്യോഗസ്ഥൻ എന്നായി ചുരുങ്ങി. ഇതോടെ, ജോലിഭാരവും വർധിച്ചു. എട്ടാം ശമ്പളക്കമ്മിഷൻ നടപ്പാകുന്നതോടെ, വിരമിക്കുന്നവരുടെ സംഖ്യ ഇനിയും കൂടുമെന്ന് എജി വൃത്തങ്ങൾ പറഞ്ഞു.
ജീവനക്കാരുടെ എണ്ണം അനുവദിക്കപ്പെടുന്ന തസ്തികകളുടെ പകുതിയാക്കി കുറയ്ക്കാൻ തുടങ്ങിയിട്ട് ഒമ്പതു വർഷമായി. 2016-ൽ 2045 തസ്തികയുണ്ടായിരുന്നു. അതിൽ ജീവനക്കാർ 1181 ആയി കുറഞ്ഞു. കോവിഡ് കാലയളവിൽ ഗ്രൂപ്പ് ഡി തസ്തിക പൂർണമായും ഇല്ലാതാക്കുകയും ക്ലറിക്കൽ തസ്തികകൾ പുനഃക്രമീകരണം വരുത്തുകയും ചെയ്തതോടെ 1500 തസ്തികയായിക്കുറഞ്ഞു. അതിലുള്ളതാവട്ടെ അഞ്ഞൂറിൽതാഴെ ജീവനക്കാരും. അനുവദിക്കപ്പെട്ടതിൽ 30 ശതമാനത്തിൽതാഴെ ജീവനക്കാർ മാത്രമേ ഇപ്പോൾ സംസ്ഥാനത്തെ എജി ഓഫീസുകളിലുള്ളൂ.
എജി ഓഫീസുകൾ പൂട്ടരുത്; എ.എ. റഹീം
കേരളത്തിലെ എജി മേഖലാ ഓഫീസുകൾ പൂട്ടരുതെന്ന് ആവശ്യപ്പെട്ട് എ.എ. റഹീം എംപി സിഎജിക്കു കത്തയച്ചു. ‘മാതൃഭൂമി’ വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് നടപടി. ജീവനക്കാരുടെ എണ്ണം കുറഞ്ഞത് ഓഡിറ്റിങ് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളെ സാരമായി ബാധിക്കും. നിലവിലുള്ള തസ്തികകളിലേക്ക് ഉടൻ നിയമനം നടത്തണമെന്നും എ.എ. റഹീം ആവശ്യപ്പെട്ടു.
Content Highlights: CAG outsources audits to CAs in Kerala
Published: 05 Jun 2025, 06:50 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented