
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിലെ മന്ത്രിസഭാ പുനഃസംഘടന അന്തിമഘട്ടത്തിലേക്കെന്ന് സൂചന. കെ.ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും ഡിസംബര്‍ 29-ന് സത്യപ്രതിജ്ഞ ചെയ്‌തേക്കുമെന്നാണ് വിവരം. പുനഃസംഘടനയുമായി ബന്ധപ്പെട്ട് ഡിസംബര്‍ 24-ന് ചേരുന്ന ഇടതുമുന്നണി യോഗം തീരുമാനമെടുക്കും.
സര്‍ക്കാര്‍ രണ്ടരവര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ ഇടതുമുന്നണിയിലെ രണ്ടുഘടകകക്ഷികള്‍ മന്ത്രിപദവി മറ്റ് രണ്ടു ഘടകകക്ഷികള്‍ക്ക് കൈമാറണമെന്ന് നേരത്തേ തന്നെ ധാരണയായിരുന്നു. മറ്റുമന്ത്രിമാരുടെ ചുമതലകള്‍ മാറുന്നവിധം വകുപ്പുമാറ്റം വേണ്ടെന്നാണ് സി.പി.എമ്മിന്റെയും മുഖ്യമന്ത്രിയുടെയും നിലപാട്.
ഇതനുസരിച്ച് ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ മന്ത്രിസ്ഥാനം ആന്റണി രാജു ഒഴിയുമ്പോള്‍ ഗതാഗതവകുപ്പ് കോണ്‍ഗ്രസ്(ബി)യുടെ ഗണേഷ് കുമാറിന് ലഭിക്കും. ഐ.എന്‍.എലിന്റെ മന്ത്രിസ്ഥാനമാണ് കോണ്‍ഗ്രസ്-എസിന് കൈമാറുക. തുറമുഖം, പുരാവസ്തു, മ്യൂസിയും വകുപ്പുകളാണ് ഐ.എന്‍.എലിന്റെ മന്ത്രിയായ അഹമ്മദ് ദേവര്‍കോവിലിന്റെ ചുമതലയിലുള്ളത്. ഇത് രാമചന്ദ്രന്‍ കടന്നപ്പള്ളിക്ക് കൈമാറും.
മന്ത്രിസഭ പുനഃസംഘടന നടപ്പാകുന്നതോടെ, ഏക എം.എല്‍.എ.മാരുള്ള മുന്നണിയിലെ ആര്‍.ജെ.ഡി. ഒഴികെയുള്ള കക്ഷികള്‍ക്കെല്ലാം സര്‍ക്കാരില്‍ പ്രാതിനിധ്യം ലഭിക്കും. മന്ത്രിസ്ഥാനം ലഭിക്കാത്ത ആര്‍.ജെ.ഡി.ക്ക് മറ്റുസ്ഥാനങ്ങള്‍ നല്‍കുന്നത് പരിഗണിക്കേണ്ടിവരുമെന്നാണ് എല്‍.ഡി.എഫ്. നേതാക്കള്‍ നല്‍കുന്ന സൂചന. മുന്നണിയോഗത്തിനൊപ്പം ആര്‍.ജെ.ഡി.യുമായി ഉഭയകക്ഷി ചര്‍ച്ചനടത്താനും സാധ്യതയുണ്ട്.
Content Highlights: cabinet reshuffle kb ganesh kumar and kadannappally ramachandran to swea in as ministers
Published: 20 Dec 2023, 03:21 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented