ട്രെയിനിനടിയിലേക്ക് വീണ 48-കാരിയെ ജീവിതത്തിലേക്ക് തിരിച്ചുകയറ്റിയ തൃശ്ശൂർ സ്വദേശിയുടെ നന്മ ലോകമറിയുന്നത് മൂന്നാഴ്ചയ്ക്കു ശേഷം

ബുധനാഴ്ച ഒറ്റപ്പാലം വള്ളുവനാട് ആശുപത്രിയിൽ ലിൻസിയെ കാണാൻ ആനന്ദ് എത്തിയപ്പോൾ
തൃശ്ശൂർ: ‘നീങ്ങിത്തുടങ്ങിയ പാലരുവി എക്സ്പ്രസ് പെട്ടെന്നു നിന്നു, പുറത്തുനിന്ന് അലറിക്കരച്ചിൽ. ചാടിയിറങ്ങിയപ്പോൾ കണ്ടത് പ്ലാറ്റ്ഫോമിൽ വീണുകിടന്ന് കരയുന്ന രണ്ട് സ്ത്രീകളെ. തലയിൽ കൈവെച്ചും അമ്പരന്നും നിൽക്കുകയാണ് റെയിൽവേ പോലീസുകാരടക്കമുള്ളവർ’ ‘ട്രെയിനിനടിയിൽ പാളത്തിൽ ചുരുണ്ടുകൂടിക്കിടക്കുന്ന സ്ത്രീയെ കണ്ട ഉടൻ വണ്ടിക്കടിയിലേക്ക് നൂണ്ടിറങ്ങി. നവംബർ രണ്ടിന് നടന്ന ആ സംഭവത്തിനുശേഷം ബുധനാഴ്ച ഒറ്റപ്പാലം വള്ളുവനാട് ആശുപത്രിയിലെ മുറിയിൽ കട്ടിലിൽ കിടന്ന് ലിൻസി എന്നെ നോക്കി പറഞ്ഞു, എനിക്ക് നിങ്ങളെ കെട്ടിപ്പിടിക്കണമെന്നുണ്ട്, പക്ഷേ സാധിക്കുന്നില്ലല്ലോ’.
‘എന്റെ മനസ്സു പറഞ്ഞു, ഞാനല്ല നിങ്ങളുടെ രക്ഷകൻ, അന്ന് ചങ്ങല വലിച്ച കൈയില്ലേ അതാണ് ദൈവത്തിന്റെ കൈ’ - തൃശ്ശൂർ ഒല്ലൂർ എടക്കുന്നി വിളക്കത്തറ വീട്ടിൽ ആനന്ദിന്റെ (53) വാക്കുകളിൽ മനുഷ്യസ്നേഹത്തിന്റെ സമാനതകളില്ലാത്ത തിളക്കം.
കൃത്യസമയത്ത് ചങ്ങല വലിച്ച രക്ഷകനെ രക്ഷാപ്രവർത്തനത്തിനുശേഷം ട്രെയിനിൽ കയറിയപ്പോൾ ആനന്ദ് കണ്ടു. പാലക്കാട് നിന്ന് തൃശ്ശൂരിലേക്ക് വന്നിരുന്ന അധ്യാപകസംഘത്തിലെ ഒരാളായിരുന്നു അത്.
തിരുവനന്തപുരം എസ്‌കെ ആശുപത്രിയിലെ ഫിസിയോതെറാപ്പിസ്റ്റായ ലിൻസി(48)യ്ക്കാണ് ആനന്ദ് രക്ഷകനായത്. പിറ്റേന്നുതന്നെ ഒറ്റപ്പാലം പോലീസ് സ്റ്റേഷൻവഴി താൻ രക്ഷിച്ച സ്ത്രീയെക്കുറിച്ച് ആനന്ദ് അന്വേഷിച്ചു. സുഹൃത്തുവഴി അവരുടെ ബന്ധുക്കളുടെ നമ്പർ വാങ്ങി. പിന്നീട് ലിൻസിയുടെ ബന്ധുക്കൾ കൃത്യമായി വിവരങ്ങൾ അറിയിച്ചു. ഒടുവിൽ ലിൻസി തന്റെ രക്ഷകനെ കാണണമെന്ന ആഗ്രഹമറിയിച്ചപ്പോഴാണ് ആനന്ദ് ആശുപത്രിയിലേക്കെത്തുന്നത്.
ട്രെയിനിൽ കയറുന്നതിനിടെയാണ് വീണത്. അപകടത്തിൽ പാദം നഷ്ടപ്പെടുകയും തലയ്ക്കും നടുവിനും ഗുരുതര പരിക്കേൽക്കുകയും ചെയ്തെങ്കിലും ലിൻസി ആനന്ദിനോട് പറഞ്ഞു, ഞാൻ ഇനിയും നടക്കും. ഒറ്റപ്പാലം വള്ളുവനാട് ആശുപത്രിയിലെ മൂന്നാഴ്ചത്തെ ചികിത്സയ്ക്കുശേഷം ഇപ്പോൾ തിരുവനന്തപുരത്ത് തുടർചികിത്സയിലാണ് ലിൻസി.
തൃശ്ശൂരിൽ എലിഫന്റ് സ്ക്വാഡിലെയും സർപ്പ സ്ക്വാഡിലെയും അംഗമായ ആനന്ദ് പറയുന്നു. ഒല്ലൂർ ചീരാച്ചിയിൽ ബുള്ളറ്റ് വർക്ക്ഷോപ്പ് നടത്തുന്ന ആനന്ദ് ഒട്ടേറെ അപകടയിടങ്ങളിൽ രക്ഷകനായിട്ടുണ്ട്. ഭാര്യ ദിവ്യക്കും ഭാര്യാപിതാവിനുമൊപ്പം, മായന്നൂർ നവോദയയിൽ പഠിക്കുന്ന മകൻ ശിവയെ കണ്ട് മടങ്ങുമ്പോഴാണ് ലിൻസിയുടെ രക്ഷകനായത്. ദേവ് ആണ് മറ്റൊരു മകൻ.
Content Highlights: A selfless act of bravery: Anand saves a woman from a moving train in Thrissur, showcasing incredible human spirit.
Published: 29 Nov 2025, 04:20 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented