പിരപ്പൻകോട് മുരളി | ഫോട്ടോ: ജി ശിവപ്രസാദ്
തിരുവനന്തപുരം: 'ചാക്കോ, തനിക്കറിയുമോ ഹിന്ദുപുരാണത്തില്‍ ഒരു വിദ്വാനുണ്ട് ദേവേന്ദ്രന്. ദേവന്മാരുടെ രാജാവ്. ആരെങ്കിലും എവിടെയെങ്കിലും തപസ്സിരുന്നാല് ഉടന്‍ അങ്ങേര് മഹാവിഷ്ണുവിന്റെ കാതില്ചെന്നു കുശുകുശുക്കും. ഇത് എന്റെ സ്ഥാനം തെറിപ്പിക്കാനാണ്. ഉടന്‍ നിര്‍ത്തിക്കണമെന്ന്. അതുപോലെ നമ്മുടെ കൂട്ടത്തിലുമുണ്ട് ചിലര്‍. ആരെന്ത് പുതിയ കാര്യം ചെയ്താലും അത് തന്റെ സ്ഥാനം തെറിപ്പിക്കാനാണെന്ന് ധരിച്ച് നടപടിയുമായി നടക്കുന്നവര്‍.'-
1988-ല്‍ അന്നത്തെ മന്ത്രിയായിരുന്ന ടി.കെ.രാമകൃഷ്ണന് തന്റെ പ്രൈവറ്റ് സെക്രട്ടറിയും അന്നത്തെ യുവജനനേതാവുമായ മത്തായി ചാക്കോയോടു പറഞ്ഞതാണിത്. പാര്‍ട്ടി 'വിചാരണകള്‍' പലരീതിയില്‍ നേരിടുന്ന പിരപ്പന്‍കോട് മുരളിയുടെ അനുഭവം ബോധ്യപ്പെടുത്താനുള്ള ഒരു കഥ. സി.പി.എം. 13-ാം പാര്‍ട്ടി കോണ്‍ഗ്രസ് തിരുവനന്തപുരത്ത് നടത്താന്‍ നിശ്ചയിച്ചപ്പോള്‍, അതിന്റെ സാംസ്കാരിക പ്രചാരണ ചുമതല ഏല്‍പ്പിക്കാനാണ് ടി.കെ. പിരപ്പന്‍കോടിനെ മന്ത്രി ഓഫീസിലേക്കു വിളിപ്പിച്ചത്. അന്ന് ജില്ലാനേതൃത്വത്തിന് അനഭിമതനായതിനാല്‍ സംഘാടകസമിതിയില്പ്പോലും പിരപ്പന്‍കോട് ഉണ്ടായിരുന്നില്ല. പിന്നെ, താനെങ്ങനെ ഇത് ഏറ്റെടുക്കുമെന്ന് ചോദിച്ചപ്പോള്‍, സ്വാഗതസംഘം കമ്മിറ്റിയൊക്കെ ഓഫീസ് ഫയലില്‍ നിരുപദ്രവകരമായി വിശ്രമിച്ചുകൊള്ളുമെന്നായിരുന്നു ടി.കെ.യുടെ മറുപടി.
നമുക്ക് കഥപറഞ്ഞു രസിക്കാം. പക്ഷേ, മുരളിയണ്ണന്‍ അനുഭവിക്കുന്ന പ്രയാസം ഇതുകൊണ്ടൊന്നും തീരില്ലല്ലോ- ചാക്കോ ചോദിച്ചു. നിനക്ക് അറിയാത്തതുകൊണ്ടാണ്. ഇത്തരം പ്രയാസം അനുഭവിച്ചതുകൊണ്ടാണ് മുരളിക്ക് ഒരുറച്ച കമ്യൂണിസ്റ്റുകാരനും എഴുത്തുകാരനുമായി മാറാന്‍ കഴിഞ്ഞത്- ഇതായിരുന്നു ടി.കെ.യുടെ മറുപടി. പിരപ്പന്‍കോട് മുരളി എഴുതിയ 'എന്റെ ഒ.എന്‍.വി.' എന്ന പുസ്തകത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. സി.പി.എമ്മില്‍ പ്രത്യേകിച്ച് തിരുവനന്തപുരം ജില്ലയിലെ പാര്‍ട്ടി ഘടകത്തില്‍ നടന്ന 'ക്രൂശിത' കഥകള്‍കൂടിയാണ് പുസ്തകത്തില്‍ തെളിയുന്നത്.
വിമത സ്വീകരണം പാര്‍ട്ടിവക
: 1988 മാര്‍ച്ച് 31-ന് ഒ.എന്‍.വി. അധ്യാപകജീവിതത്തില്‍നിന്ന് ഔദ്യോഗികമായി വിരമിക്കുമ്പോള്‍ അദ്ദേഹത്തിന് പുരോഗമന കലാസാഹിത്യസംഘം ജില്ലാ കമ്മിറ്റി തലസ്ഥാനത്ത് യാത്രയയപ്പ് സമ്മേളനവും പൗരസ്വീകരണവും നല്കാന് തീരുമാനിച്ചു. പാര്‍ട്ടിയില്‍ പ്രശ്നങ്ങളുള്ള സമയം. എം.വി.ആര്. പാര്‍ട്ടിക്കെതിരേ വെല്ലുവിളി ഉയര്‍ത്തുന്ന ഘട്ടം. രാഘവനോട് കൂറുപുലര്‍ത്തിയ യുവജന നേതാക്കളില്‍ പലരെയും ഇ.എം.എസ്., വി.എസ്., എസ്.ആര്.പി. എന്നിവര്‍ അനുനയിപ്പിച്ച് കൂടെനിര്‍ത്തി. എന്നാല്‍, തിരുവനന്തപുരം ജില്ലാ സെക്രട്ടറിക്ക് അവരെ അപ്പാടെ വിശ്വസിക്കാന്‍ കഴിഞ്ഞിരുന്നില്ല.
പൗരസ്വീകരണത്തിനു ജില്ലാ സെക്രട്ടറിയുടെ അനുമതി തേടി. ജില്ലാ പാര്‍ട്ടിയിലെ 'പരമോന്നതന്' കോളേജ് അധ്യാപക ഫ്രാക്ഷനിലെ സ്വന്തക്കാരെ വിളിച്ചുവരുത്തി ബദല്‍ യാത്രയയപ്പ് സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. പി.ഗോവിന്ദപ്പിള്ളയുടെ അധ്യക്ഷതയില്‍ പുരോഗമന കലാസാഹിത്യ സംഘം വിളിച്ച സ്വാഗതസംഘം രൂപവത്കരണ യോഗത്തിലാണ് ഇക്കാര്യം അറിയുന്നത്. ഞങ്ങളുടെ സമ്മേളനം ഒഴിവാക്കണമെന്ന് ഒ.എന്‍.വി. പറഞ്ഞു. പാര്‍ട്ടിയിലെ ഒരു വ്യക്തി ഈ സമ്മേളനം മാറ്റിവെച്ചില്ലെങ്കില്‍ അത് മുരളിയുടെ രാഷ്ട്രീയഭാവിയെ ബാധിക്കുമെന്ന് മുന്നറിയിപ്പ് തന്നു. പിന്മാറിയാല് പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് ഒ.എന്‍.വി.യോടു മറുപടിയായി പറഞ്ഞു. 'ഞാനെന്നും മുരളിക്കൊപ്പ'മുണ്ടാകുമെന്ന് ഒ.എന്‍.വി. പറഞ്ഞു.
'കവി അന്ന് വി.എസിനൊപ്പമായിരുന്നു' ഒ.എന്‍.വി.യുടെ രാഷ്ട്രീയം തുറന്നുപറഞ്ഞ് പിരപ്പന്‍കോട് മുരളി ......
സ്വീകരണയോഗത്തില്നിന്നു പിന്മാറില്ലെന്ന് ബോധ്യമായപ്പോള്‍ സംഘടനാ നേതാക്കളെ പിന്തിരിപ്പിക്കാനായിരുന്നു അടുത്ത ശ്രമം. ഈ സമ്മേളനത്തില്‍ ഉദ്ഘാടകനായ പ്രൊഫ. തിരുനെല്ലൂര്‍ കരുണാകരന് കമ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതൃത്വത്തെ ചേരിതിരിഞ്ഞ് ആക്രമിച്ചാണ് പ്രസംഗിച്ചത്. ഇത് പി.ഗോവിന്ദപ്പിള്ളയും പിരപ്പന്‍കോട് മുരളിയും ആസൂത്രിതമായി തയ്യാറാക്കിയ തിരക്കഥയാണെന്ന മട്ടില്‍ ചിലര്‍ സംസ്ഥാന-ജില്ലാ കമ്മിറ്റിക്ക് പരാതി നല്കി. ഇതിനു പിന്നാലെ, സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന് പ്രസിദ്ധീകരണമായ സര്‍വീസസില്‍ 'സിംഹാസനങ്ങള്‍' എന്ന പിരപ്പന്‍കോടിന്റെ കവിത അടിച്ചുവന്നു. ഇത് പാര്‍ട്ടി ജില്ലാ സെക്രട്ടറിയെ വ്യക്തിപരമായി അപകീര്‍ത്തിപ്പെടുത്തുന്നതാണെന്ന് പരാതി വേറെയും നല്കി. മലപ്പുറം എം.എസ്.പി. ക്യാമ്പിലെ കാഷ്യറായ മണമ്പൂര്‍ രാജന് ബാബുവിനെ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടതിന്റെ പേരില്‍ കരുണാകരന് സര്‍ക്കാരിനെതിരേ എഴുതിയ കവിതയാണത്. പരാതിയുടെ അടിസ്ഥാനത്തില്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റിയില്‍നിന്ന് പിരപ്പന്‍കോടിനെ ബ്രാഞ്ചിലേക്കു തരംതാഴ്ത്തി.
'അക്ഷരം നാവിന്മേല് കളിയാടും മര്‍ത്യനെ ശത്രുവായ് കാണുന്നൊരുഗ്രമൂര്ത്തി കരിനാഗനിറമുള്ള ചക്രവര്‍ത്തി...' -ഈ ബിംബങ്ങളെയാണ് തെറ്റായി വ്യാഖ്യാനിച്ചതെന്ന് പുസ്തകത്തില്‍ പറയുന്നു. പാര്‍ട്ടി നടപടിക്കു വിധേയനാകുന്ന സഖാവ് സ്മാര്‍ത്തവിചാരണയ്ക്കു വിധിക്കപ്പെട്ട നമ്പൂതിരി പെണ്കുട്ടിയെപോലെയാണെന്നും പിരപ്പന്‍കോട് പറയുന്നു.
ഒ.എന്‍.വി.ക്കും കമ്മിസാറന്മാരുടെ തിരസ്കാരം
പാര്‍ട്ടി ജില്ലാ കമ്മിറ്റിയിലേക്കു തിരഞ്ഞെടുക്കപ്പെട്ടുവെങ്കിലും ജില്ലാ നേതൃത്വം പറയത്തക്ക ഉത്തരവാദിത്വമൊന്നുംതന്നെ ഏല്‍പ്പിച്ചിരുന്നില്ല. അതുകൊണ്ട് സാംസ്കാരിക മേഖലയില്‍ ഇടപെട്ട് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു. ഒ.എന്‍.വി.യുടെയും പി.ജി.യുടെയും പിന്തുണയും സഹായവും ലഭിച്ചു. ദേശാഭിമാനി സ്റ്റഡി സര്‍ക്കിളിന്റെ ആരംഭകാലത്ത് ഒ.എന്‍.വി.യെ പ്രസ്ഥാനത്തില്‍നിന്ന് ഒഴിവാക്കി നിര്‍ത്താന്‍ അന്ന് പ്രസ്ഥാനത്തിന്റെ തലപ്പത്തുണ്ടായിരുന്ന പാര്‍ട്ടി നേതൃത്വത്തില്‍ പിടിപാടുള്ള ചില സാഹിത്യകാരന്മാര് രഹസ്യമായി ശ്രമിച്ചിരുന്നു. പ്രസ്ഥാനത്തിലെ പ്രത്യയശാസ്ത്ര 'കമ്മിസാറന്മാരെ' (പാര്‍ട്ടി സാംസ്കാരിക കേഡര്‍മാരെ പാര്‍ട്ടിയുടെ പേരില്‍ ഭീഷണിപ്പെടുത്തുന്ന ഓരോ കാലത്തെയും അവസരവാദി നേതാക്കളെ കവി വിളിക്കുന്ന പേര്) ബോധ്യപ്പെടുത്താന്‍ പ്രത്യയശാസ്ത്ര അച്ചടക്കപാലന നാട്യത്തിനോ അദ്ദേഹം തയ്യാറായിരുന്നില്ല.
ഒ.എന്‍.വി.യെ സ്റ്റഡി സര്‍ക്കിള്‍ വേദിയില്‍ വിളിക്കുന്നതിനോട് ദേശാഭിമാനിയിലെ വടക്കന്‍ ലോബിക്ക് അത്ര താത്പര്യമുണ്ടായിരുന്നില്ല. പാര്‍ട്ടി ഉന്നത നേതൃത്വവുമായി അടുപ്പമുള്ള ചിലര്‍ ഒ.എന്‍.വി.യെ സി.പി.ഐ. ബുദ്ധിജീവിയാണെന്ന് അരക്കിട്ട് ഉറപ്പിക്കാനുള്ള തലയണമന്ത്രങ്ങള്‍ ഉരുവിട്ടുകൊണ്ടിരുന്നു.
തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ ഇടത് സ്ഥാനാര്‍ഥിയായി ഒ.എന്‍.വി. മത്സരിച്ച് പരാജയപ്പെട്ടതിനെക്കുറിച്ച് പിരപ്പന്‍കോട് എഴുതിയത് ഇങ്ങനെയാണ്- 'പള്ളിയും പട്ടക്കാരനും കരയോഗം നായരും നാടാരും നാടാര്‍ സംഘവും പണച്ചാക്കുകളും പകല്‍ ചെങ്കൊടി പിടിച്ച് മുദ്രാവാക്യം വിളിച്ച് നടക്കുകയും രാത്രി വര്‍ഗീയ കൂടാരങ്ങളില്‍ അന്തിയുറങ്ങുകയും ചെയ്യുന്ന ഇടത്തരം ജീവനക്കാരുടെ സംഘടനാ കേഡര്‍മാരും സ്ഥാനാര്‍ഥിമോഹികളായ വിപ്ലവകാരികളും ഒക്കെചേര്ന്ന് സംഘടിപ്പിച്ച അട്ടിമറിയില്‍ ജനങ്ങള്‍ ഏറെ സ്നേഹിച്ച, ജനങ്ങളെ സ്നേഹിച്ച ഒ.എന്‍.വി. എന്ന സ്ഥാനാര്‍ഥി തോറ്റു. വേലുത്തമ്പിയെയും സ്വാതിതിരുനാളിനെയും സ്വദേശാഭിമാനിയെയും ഒറ്റുകൊടുത്ത തിരുവനന്തപുരത്തെ വരേണ്യ സംസ്കാരം ഒരിക്കല്‍കൂടി അതിന്റെ പിന്തിരിപ്പന് പതാക ഉയര്‍ത്തിക്കെട്ടി.
തോല്‍വിയില്‍ അദ്ദേഹത്തിനു മനസ്താപമോ, നിരാശയോ ഉണ്ടായിരുന്നില്ല. ഉണ്ടായിരുന്നെങ്കില്‍ ആ തിരഞ്ഞെടുപ്പോടെ കേന്ദ്രത്തില്‍ അധികാരത്തില്‍വന്ന ദേശീയ മുന്നണി സര്‍ക്കാര്‍ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യാന്‍ തയ്യാറായപ്പോള്‍ അതു നിരസിക്കുമായിരുന്നില്ല.
പിന്നില്‍നിന്നുള്ള കുത്ത്
പതിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസ് തിരുവനന്തപുരത്ത് നടത്താന്‍ നിശ്ചയിച്ചു. പാര്‍ട്ടി കോണ്‍ഗ്രസ് വന്നിട്ടും കവിത എഴുതിയതിനുള്ള ശിക്ഷ ഇളവുചെയ്യാന്‍ തയ്യാറായില്ല. ലോക്കല്‍ സമ്മേളന പ്രതിനിധിയാക്കുന്നതിലും വരെ ഞങ്ങളുടെ ജില്ലാ അധിപന് ഇടപെട്ടു. മേല്‍ഘടകത്തിലെ ചില സഖാക്കളുടെ അനുരഞ്ജനഫലമായാണ് ഞാന്‍ ലോക്കല്‍ കമ്മിറ്റിയില്‍ എത്തിയത്.
1991-ല്‍ ജില്ലാ കൗണ്‍സിലിലേക്കാണ് ആദ്യ മത്സരം. വി.എസും ചടയനും എ.കെ.ജി. സെന്ററിലേക്കു വിളിപ്പിച്ചു. ജില്ലാ കൗണ്‍സില്‍ മത്സരിക്കാന്‍ ആവശ്യപ്പെട്ടു. പട്ടത്ത് മത്സരിക്കാം. അവിടെയാകുമ്പോള്‍ പാലം വലിക്കാന്‍ ആരും ഉണ്ടാകില്ലല്ലോയെന്നായിരുന്നു വി.എസ്. പറഞ്ഞത്. 1996-ല്‍ വാമനപുരത്ത് നിയമസഭയിലേക്കു മത്സരിക്കാനിറങ്ങുന്നത് പാര്‍ട്ടിക്കകത്ത് ഉള്‍പാര്‍ട്ടി ഉരുള്‍പൊട്ടലുള്ള കാലത്തായിരുന്നു. താന്‍കൂടി വിയര്‍പ്പൊഴുക്കി ഉണ്ടാക്കിയ സംഘടനയുടെ അവിടത്തെ അധികാരികള്‍ എന്ന ഒരുയോഗത്തില്പോലും പങ്കെടുപ്പിക്കാതെ അകറ്റിനിര്‍ത്തിയിരുന്ന കാലത്താണ് അവിടെ സ്ഥാനാര്‍ഥിവേഷത്തില്‍ താന്‍ പ്രത്യക്ഷപ്പെടുന്നത്.
ഒ.എന്‍.വി. എന്ന അരാഷ്ട്രീയത
: 2016-ലെ തിരഞ്ഞെടുപ്പിനു മുമ്പായി നവകേരള മാര്‍ച്ച് സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. ശംഖുംമുഖത്തായിരുന്നു സമാപനം. ഒ.എന്‍.വി.യെ സംഘാടകസമിതി അധ്യക്ഷനാക്കണമെന്ന് ജില്ലയിലെ പാര്‍ട്ടി നേതാക്കള്‍ക്ക് മോഹം. ഇതിനു സമ്മതം വാങ്ങിക്കാന്‍ തന്നോട് ആവശ്യപ്പെട്ടു. ഒ.എന്‍.വി. രോഗബാധിതനും ക്ഷീണിതനുമായി കഴിയുന്ന ഘട്ടമായിരുന്നു അത്. എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലായി താന്‍. എം.എ.ബേബിയെ ഏല്‍പ്പിക്കുന്നതാകും നല്ലതെന്ന് കടകംപള്ളി സുരേന്ദ്രനോടു പറഞ്ഞു.
കമ്യൂണിസ്റ്റ് ഗവണ്മെന്റിന്റെ 50-ാം വാര്‍ഷികാഘോഷത്തിന്റെ സംഘാടകസമിതി ചെയര്‍മാനായി ഒ.എന്‍.വി.യെ നിശ്ചയിച്ചിരുന്നു. അന്ന് താനായിരുന്നു ജില്ലാ സെക്രട്ടറി. തന്റെ അരാഷ്ട്രീയതകൊണ്ടാണ് ഒ.എന്‍.വി.യെ സംഘാടകസമിതി ചെയര്‍മാനാക്കിയതെന്ന് വിമര്‍ശനമുന്നയിച്ചവരാണ് ഇന്ന് ഒ.എന്‍.വി.യെ സംഘാടകസമിതി ചെയര്‍മാനാക്കാന്‍ ഓടി നടക്കുന്നതെന്നോര്‍ത്ത് ഉള്ളാലെ ചിരിച്ചു- പുസ്തകത്തിലെ പിരപ്പന്‍കോടിന്റെ കുറിപ്പുകള്‍ ഇങ്ങനെ പോകുന്നു.
ഒ.എന്‍.വി.യുടെ രാഷ്ട്രീയം 05
ente ONV Books written by PIRAPPANKODE MURAL
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..