
തിരുവനന്തപുരം: തിരുമലയിൽ ബിജെപി കൗൺസിലറുടെ ആത്മഹത്യ റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്ക് നേരെ ബിജെപി പ്രവർത്തകരുടെ കൈയേറ്റ ശ്രമം. പ്രവർത്തകർ ക്യാമറകൾ തകർക്കുകയും മാധ്യമപ്രവർത്തകരെ തള്ളിയിടുകയും ചെയ്തു.
തിരുമല ബിജെപി കൗൺസിലർ കെ അനിൽകുമാറിനെയാണ് ഓഫീസിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സഹകരണ ബാങ്കുമായി ബന്ധപ്പെട്ട പ്രതിസന്ധിയിൽ പാർട്ടി സഹായിച്ചില്ലെന്നും താനും കുടുംബവും ഒറ്റപ്പെട്ടുപോയെന്നും വ്യക്തമാക്കുന്ന ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. ഈ വിവരങ്ങൾ റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്ക് നേരെ ബിജെപി പ്രവർത്തകർ അക്രമാസക്തരാവുകയും കൈയേറ്റം ചെയ്യുകയുമായിരുന്നു.
പാർട്ടിക്കെതിരെ സംസാരിച്ചു എന്ന് ആരോപിച്ചായിരുന്നു ബിജെപി പ്രവർത്തകരുടെ ആക്രോശം. റിപ്പോർട്ടർമാരെയും ക്യാമറാമാന്മാരെയും അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. കെട്ടിടത്തിന്റെ രണ്ടാം നിലയിലുള്ള കൗൺസിലറുടെ ഓഫീസിൽ നിന്ന് മാധ്യമപ്രവർത്തകരെ സ്റ്റെപ്പുകളിലൂടെ താഴേക്ക് തള്ളിയിറക്കി. ഈ അതിക്രമത്തിൽ മാധ്യമപ്രവർത്തകർക്ക് പരിക്കേൽക്കുകയും ക്യാമറയടക്കമുള്ള ഉപകരണങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. സ്ഥലത്ത് സംഘർഷാവസ്ഥ ഉടലെടുത്തതോടെ പോലീസ് ഇടപെട്ടു.
സഹകരണ ബാങ്കുമായി ബന്ധപ്പെട്ടുണ്ടായ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് അനിൽകുമാറിന് നിക്ഷേപകർക്ക് പണം തിരികെ നൽകാൻ കഴിയാത്ത സാഹചര്യമുണ്ടായി. ഈ പ്രതിസന്ധി ഘട്ടത്തിൽ പാർട്ടിയിൽ നിന്ന് വേണ്ടത്ര പിന്തുണ ലഭിച്ചില്ല. കുറ്റവാളിയായി ചിത്രീകരിക്കപ്പെട്ടു. ഈ വലിയ പ്രതിസന്ധിയിൽ ഒറ്റപ്പെട്ടുപോയതോടെ കഴിഞ്ഞ കുറച്ചുനാളുകളായി കടുത്ത മനോവിഷമം അനുഭവിച്ചിരുന്നുവെന്നും അതിനാലാണ് ആത്മഹത്യ ചെയ്യുന്നതെന്നും അനിൽ കുമാർ ആത്മഹത്യകുറിപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് പോലീസ് വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.
Content Highlights: BJP workers attacked journalists reporting on the suicide of a BJP councillor in Thiruvananthapuram
Published: 20 Sept 2025, 01:01 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented