വടകര: വടകരയിലെയും നാദാപുരത്തെയും ബി.ജെ.പി. നേതാക്കൾക്കും പ്രവർത്തകർക്കുമെതിരേയുള്ള നടപടിയെച്ചൊല്ലി പുതിയ രാഷ്ട്രീയവിവാദം പുകയുന്നു. നിയമസഭാതിരഞ്ഞെടുപ്പിൽ രണ്ട് മണ്ഡലങ്ങളിലും വിമതനീക്കം നടത്തിയതിനാണ് ഒൻപതുപേരെ ബി.ജെ.പി. പുറത്താക്കിയതെങ്കിലും സി.പി.എം. തുടക്കംമുതൽ പ്രചരിപ്പിച്ചത് യു.ഡി.എഫിന് വോട്ടുമറിച്ചതിനാണ് നടപടിയെന്നാണ്. കഴിഞ്ഞദിവസം സി.പി.എം. സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദനും ഇത് ഏറ്റുപിടിച്ചതോടെ തിരഞ്ഞെടുപ്പുകാലത്ത് ഏറെകേട്ട ഡീൽ ആരോപണം വീണ്ടും ചർച്ചയായി.
പാർട്ടിക്കകത്തെ പൊട്ടിത്തെറിയും ഇതേത്തുടർന്നുണ്ടായ പരസ്യപ്രതിഷേധങ്ങളുമെല്ലാം ബി.ജെ.പി. കോഴിക്കോട് നോർത്ത് ജില്ലാകമ്മിറ്റിക്ക് വെല്ലുവിളി ഉയർത്തിയ ഘട്ടത്തിൽത്തന്നെയാണ് നടപടിയെച്ചൊല്ലി മറ്റൊരു വിവാദംകൂടി ഉയരുന്നത്. ഇതോടെ ഡീൽ ആരോപണത്തിനും മറുപടിപറയേണ്ട അവസ്ഥയിലായി ബി.ജെ.പി. നേതൃത്വം.
വടകരയിലും നാദാപുരത്തും സ്ഥാനാർഥിനിർണയത്തിലെ അസംതൃപ്തിയെത്തുടർന്ന് ബി.ജെ.പി.യിലെ ഒരുവിഭാഗം വിമതനീക്കം നടത്തിയിരുന്നു. രണ്ടിടത്തും വിമതർ പത്രിക നൽകി. ഇതിൽ വടകരയിലെ പത്രിക തള്ളിയപ്പോൾ നാദാപുരത്ത് വിമതസ്ഥാനാർഥി തുടർന്നു. വടകരയിൽ പത്രിക നൽകിയ പി. ശ്യാംരാജ് ഉൾപ്പെടെ മൂന്നുപേരെയും നാദാപുരത്ത് മത്സരിച്ച പത്മകുമാർ ഉൾപ്പെടെ ആറുപേരെയുമാണ് നോർത്ത് ജില്ലാകമ്മിറ്റി പുറത്താക്കിയത്.
പിറ്റേദിവസംതന്നെ പുറത്താക്കപ്പെട്ടവരും ഇവരെ അനുകൂലിക്കുന്നവരും നോർത്ത് ജില്ലാപ്രസിഡന്റ് സി.ആർ. പ്രഫുൽകൃഷ്ണനെതിരേ മുദ്രാവാക്യം മുഴക്കി പരസ്യമായി രംഗത്തിറങ്ങി. പ്രഫുൽകൃഷ്ണന്റെ കോലംകത്തിക്കുകയും ചെയ്തു. പിന്നാലെ കായക്കൊടി തളീക്കരയിലും വിമതർ പ്രകടനം നടത്തി പ്രഫുലിന്റെ കോലംകത്തിച്ചു. മറ്റുസ്ഥലങ്ങളിലും വരുംദിവസം പ്രതിഷേധങ്ങൾ ഉയരുമെന്നാണ് വിമതകേന്ദ്രങ്ങളിൽനിന്ന് ലഭിക്കുന്ന സൂചന.
പ്രതിഷേധങ്ങളെ മറ്റിടങ്ങളിലേക്ക് പടരാതിരിക്കാൻ നേതൃത്വം ജാഗ്രതയിലിരിക്കുമ്പോഴാണ്, നടപടിയെ മറ്റൊരുതരത്തിൽ വ്യാഖ്യാനിച്ചുകൊണ്ട് സംസ്ഥാനതലത്തിൽത്തന്നെ പ്രചാരണം വന്നത്. ഡീൽ ആരോപണത്തിന്റെ പേരിലാണ് വടകരയിലെയും നാദാപുരത്തെയും നടപടിയെന്നത് തീർത്തും തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണമാണെന്നും വിമതസ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ടാണ് നടപടിയെന്നും നോർത്ത് ജില്ലാ പ്രസിഡന്റ് സി.ആർ. പ്രഫുൽകൃഷ്ണൻ പറഞ്ഞു.
വിമതസ്ഥാനാർഥികളെയും പ്രത്യക്ഷത്തിൽ അവർക്ക് പിന്തുണ നൽകിയവരെയുമാണ് പുറത്താക്കിയത്.പരാജയം മറച്ചുവെക്കാനാണ് സി.പി.എമ്മിന്റെ ഈ ആരോപണം. ബി.ജെ.പിക്ക് ഇത്തവണ വലിയതോതിൽ വോട്ടുകൂടുമെന്നും പ്രഫുൽ വ്യക്തമാക്കി.
Content Highlights: Expulsion of nine BJP workers in Vadakara and Nadapuram for rebel activities., CPM leaders allege the action is due to a secret deal with UDF., BJP leadership dismisses deal rumors, citing disciplinary action against candidate selection dissent., Public protests and effigy burning against North District President C.R. Praful Krishna., BJP claims vote share increase despite internal turmoil.
Published: 26 Apr 2026, 09:19 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented