തിരുവനന്തപുരം: കേന്ദ്രമന്ത്രി അമിത്ഷാ നേരിട്ടുനയിക്കുന്ന തിരഞ്ഞെടുപ്പിൽ ബിജെപിക്ക് പുതിയ തന്ത്രങ്ങൾ. തൊഴിലുറപ്പ് പദ്ധതിയുൾപ്പെടെ ചെറുതും വലുതുമായ വിവിധ മേഖലകളിൽ സ്വാധീനം ഉറപ്പിക്കാനാണ് ശ്രമം. കേന്ദ്രസർക്കാർ തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചതിനെതിരേയുള്ള വിമർശനങ്ങളെ മറികടക്കാനും തൊഴിലുറപ്പ് മേഖലയിലെ സിപിഎം കുത്തക തകർക്കാനും ആക്‌ഷൻപ്ലാൻ തയ്യാറാക്കുകയാണ് ലക്ഷ്യം.
ആദ്യഘട്ടത്തിൽ വാർഡുകൾതോറും ബിജെപിക്കാരുൾപ്പെടെയുള്ള തൊഴിലാളികളുടെയും അനുഭാവികളുടെയും സമ്മേളനം വിളിക്കും. നിയമസഭാ മണ്ഡലം അടിസ്ഥാനമാക്കി പഞ്ചായത്തുതലത്തിലും കൂട്ടായ്മയും സമിതികളുമുണ്ടാക്കി തൊഴിലുറപ്പ് തൊഴിലാളികളെ സംഘടിപ്പിക്കും. ഇതിനും തുടർപ്രവർത്തനങ്ങൾക്കും സംസ്ഥാന നേതാക്കൾക്ക് ചുമതല നൽകി.
മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ പേര് വി ബി ജി റാംജി എന്നാക്കിയതിനും വിഹിതം വെട്ടിക്കുറച്ചതിനും പുതിയ വ്യവസ്ഥകൾ ഏർപ്പെടുത്തിയതിനുമെതിരേ സംസ്ഥാനസർക്കാരും പ്രതിപക്ഷവും രംഗത്തുണ്ട്. ഇതിനെ പ്രതിരോധിക്കാൻ ഇപ്പോൾ നൽകിക്കൊണ്ടിരിക്കുന്ന തൊഴിൽദിനങ്ങൾ നൂറിൽനിന്ന് 125 ആയി മോദി സർക്കാർ ഉയർത്തിയെന്നും തൊഴിൽ നൽകിയില്ലെങ്കിൽ നഷ്ടപരിഹാരം ഉറപ്പാക്കിയെന്നും തൊഴിലാളികളെ ബോധ്യപ്പെടുത്തും.
സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷ്, കർഷകമോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജി രാഘവൻ, വി. ഉണ്ണികൃഷ്ണൻ, അശോകൻ കുളനട, എൻ. ഹരി എന്നീ നേതാക്കൾക്കാണ് തൊഴിലുറപ്പിന്റെ ചുമതല. ബൂത്തുതലംമുതൽ 10 ദിവസത്തിനകം കമ്മിറ്റികൾ രൂപവത്കരിക്കാൻ കഴിഞ്ഞ ദിവസത്തെ എൻഡിഎ നേതൃയോഗം തീരുമാനിച്ചിരുന്നു. തിരഞ്ഞെടുപ്പ് സംബന്ധിച്ച് കൂടുതൽ ചർച്ചകൾക്ക് ഈയാഴ്ചതന്നെ പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ഡൽഹിക്ക് പോകും.
Content Highlights: BJP's New Strategy: Engaging MGNREGA Workers Ahead of Elections
Published: 13 Jan 2026, 07:17 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented