
കൊല്ലം: ഛത്തീസ്ഗഢിൽ കന്യാസ്ത്രീകൾ അറസ്റ്റിലായ സംഭവം വഴി ക്രൈസ്തവ വിശ്വാസികളും ഹിന്ദുത്വവാദികളും പാർട്ടിയിൽനിന്ന് അകന്നതായി ബിജെപി വിലയിരുത്തൽ. ക്രൈസ്തവ സഭകളുടെ വിശ്വാസം തിരിച്ചുപിടിക്കാനായി അരമനകളിൽ സന്ദർശനം നടത്താൻ ബിജെപി തീരുമാനിച്ചു. കഴിഞ്ഞദിവസം ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിൽ, പാർട്ടിയിലെ ക്രൈസ്തവ നേതാക്കളുടെ പ്രത്യേക യോഗത്തിലാണ് തീരുമാനമെടുത്തത്.
ക്രൈസ്തവ നേതാക്കളെ മാത്രം അരമനകളിലേക്ക് അയയ്ക്കാനാണ് പരിപാടി. സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജിനാണ് ചുമതല. ന്യൂനപക്ഷ മോർച്ച സംസ്ഥാന പ്രസിഡന്റ് സുമിത് ജോർജും വിവിധ മതമേലധ്യക്ഷന്മാരെ കാണും. കന്യാസ്ത്രീകൾക്ക് ജാമ്യം കിട്ടാൻ നടത്തിയ നീക്കങ്ങൾ സഭാ നേതൃത്വത്തെ അറിയിക്കുകയാണ് ലക്ഷ്യം. കുറഞ്ഞത് ഒരു മണിക്കൂർ അരമനകളിൽ ചെലവഴിക്കാനും പറഞ്ഞിട്ടുണ്ട്.
അതേസമയം ഛത്തീസ്ഗഢ് സംഭവത്തിൽ വിഎച്ച്പി, ഹിന്ദു ഐക്യവേദി തുടങ്ങിയ സംഘടനകൾ ബിജെപി സംസ്ഥാന നേതൃത്വത്തിനുമേൽ സമ്മർദം ശക്തമാക്കിയിട്ടുണ്ട്. വിഎച്ച്പി ദേശീയ നേതാക്കൾതന്നെ ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനെതിരേ ചൊവ്വാഴ്ച രംഗത്തെത്തി. കന്യാസ്ത്രീകൾക്കൊപ്പം പിടിയിലായ പെൺകുട്ടികളുടെ മൊഴിമാറ്റത്തിൽ ഗൂഢാലോചന നടന്നെന്ന ഗുരുതരമായ ആരോപണവും ഹിന്ദു ഐക്യവേദി ഉന്നയിച്ചു. ഛത്തീസ്ഗഢ് വിഷയത്തിൽ കാണിച്ച തിടുക്കം ദീർഘകാലാടിസ്ഥാനത്തിൽ പാർട്ടിക്ക് ദോഷംചെയ്യുമെന്ന നിലപാടിലാണ് ഒരു വിഭാഗം ബിജെപി സംസ്ഥാന നേതാക്കളും. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ സംഘപരിവാർ സംഘടനകളെ പിണക്കുന്നത് ദോഷമാകുമെന്ന് അവർ പറയുന്നു.
Content Highlights: BJP Seeks to Mend Ties with Christian Community After Chhattisgarh Incident
Published: 06 Aug 2025, 07:56 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented