തിരുവനന്തപുരം: ക്രിസ്ത്യാനികളെ കൂടെനിർത്താനുള്ള ഔട്ട്റീച്ച് തദ്ദേശത്തിനുപിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പിലും പാളിയെന്ന ആശങ്കയിൽ ബി.ജെ.പി. 12 മണ്ഡലങ്ങളിൽ ജയസാധ്യതയുണ്ടെന്ന് കേന്ദ്രനേതൃത്വത്തിന് റിപ്പോർട്ട് നൽകിയ സംസ്ഥാനഘടകം ഇപ്പോൾ വിജയക്കണക്കിൽ പിന്നോട്ടുപോകുകയാണ്. വോട്ടെടുപ്പിന് തൊട്ടുമുൻപ്‌ വിദേശസംഭാവന നിയന്ത്രണ നിയമഭേദഗതിബിൽ (എഫ്.സി.ആർ.എ.) കേന്ദ്രസർക്കാർ കൊണ്ടുവന്നതും കേരളത്തിൽ തിരിച്ചടിയായി. ഔട്ട്റീച്ച് പരിപാടിയിൽ നഷ്ടവും ലാഭവും നോക്കേണ്ടെന്നും ക്രിസ്ത്യാനികളുടെ കുറെയെങ്കിലും വോട്ട് കിട്ടിയെന്നുമാണ് ബി.ജെ.പി.യുടെ കണക്കുകൂട്ടൽ.

To advertise here,

എഫ്.സി.ആർ.എ.യിൽ സഭാധ്യക്ഷന്മാർക്കിടയിൽ ഭിന്നാഭിപ്രായമുണ്ടെന്ന് ആശ്വസിക്കുകയാണ് ബി.ജെ.പി. തിരഞ്ഞെടുപ്പിനുപിന്നാലെ പി.സി. ജോർജും മകൻ ഷോൺ ജോർജും സഭകൾക്കെതിരേ തിരിഞ്ഞതിൽ പാർട്ടി അവരെ കുറ്റപ്പെടുത്തുന്നുമില്ല. ക്രിസ്ത്യൻ ഔട്ട്റീച്ചിൽ കൈ പൊള്ളിയതാകാം ഇതിനുകാരണം.

ഷോൺ ജോർജ് മത്സരിച്ച പാലായിൽ കഴിഞ്ഞദിവസം നടത്തിയ വിലയിരുത്തലിൽ വലിയതോതിൽ ക്രിസ്ത്യൻ വോട്ട് ചോർന്നിട്ടില്ലെന്ന് നേതാക്കൾ പറയുന്നു. ഇങ്ങനെ പറയുമ്പോഴും മൊത്തത്തിൽ സംതൃപ്തരല്ല ബി.ജെ.പി. നേതാക്കൾ.

മുപ്പതോളം എ ക്ലാസ് മണ്ഡലങ്ങളിൽ 12 ഇടത്തായിരുന്നു ബി.ജെ.പി.യുടെ ജയപ്രതീക്ഷ. ഓരോയിടത്തും എഫ്.സി.ആർ.എ. എത്രത്തോളം സ്വാധീനിച്ചെന്ന് പാർട്ടി പരിശോധിക്കും. ക്രിസ്ത്യൻ ഔട്ട്‌റീച്ചിന്റെ ഭാഗമായി നേരിട്ട് ബന്ധമുണ്ടാക്കേണ്ടത് സഭാധ്യക്ഷന്മാരുമായല്ല, ക്രിസ്ത്യൻ വിഭാഗത്തിലെ ഒരോ വിശ്വാസിയുമായിട്ടാകണമെന്ന് പാർട്ടി തീരുമാനിച്ചിരുന്നു. ഈ സമീപനം ഗുണകരമായോയെന്നും വിലയിരുത്തും.

വിജയിക്കാമെന്ന് ഇപ്പോൾ ഏറ്റവും ശുഭപ്രതീക്ഷയുള്ള മണ്ഡലങ്ങൾ നേമവും കഴക്കൂട്ടവുമാണ്. മഞ്ചേശ്വരം, പാലക്കാട് മണ്ഡലങ്ങളിലെ സാധ്യത തള്ളുന്നുമില്ല. നേമത്തും കഴക്കൂട്ടത്തും പാർട്ടിസ്ഥാനാർഥികളെ തോൽപ്പിക്കാൻ അടിയൊഴുക്കുണ്ടായെന്നും ബി.ജെ.പി. പറയുന്നു. ഈ അടിയൊഴുക്കിന്റെ ആഴമാണ് രണ്ടിടത്തെയും വിജയം നിശ്ചയിക്കുക.

രാജീവ് ചന്ദ്രശേഖർ മത്സരിക്കുന്ന നേമത്ത് എസ്.ഡി.പി.ഐ.യുടേതടക്കം മുസ്‌ലിം വോട്ടുകൾ യു.ഡി.എഫിനും എൽ.ഡി.എഫിനുമായി വിഭജിച്ചുപോയിട്ടുണ്ട്. നാടാർ സമുദായത്തിന്റെ വോട്ട് യു.ഡി.എഫിനും നായർവോട്ട് ബി.ജെ.പി.ക്കും കിട്ടിയെന്നാണ് ബി.ജെ.പി. വിലയിരുത്തൽ. നേമത്ത് വിജയത്തിന് അടുത്തെത്താനുള്ള അടിസ്ഥാനവോട്ടുണ്ടെന്നതും കഴക്കൂട്ടത്ത് വി. മുരളീധരൻ വർഷങ്ങളായി മണ്ഡലത്തിൽത്തന്നെ വലിയ സാന്നിധ്യമാണെന്നതുമാണ് ബി.ജെ.പി.യുടെ പ്രതീക്ഷയേറ്റാൻ കാരണം.