തിരുവനന്തപുരം: എ.ഡി.ജി.പിക്കെതിരായ അന്വേഷണത്തില്‍ ഡി.ജി.പി. റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച  നടത്തി സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എ.കെ.ജി. സെന്ററിലാണ് ഇരുവരും കൂടിക്കാഴ്ച  നടത്തിയത്. സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും യോഗത്തില്‍ പങ്കെടുത്തു. 

To advertise here,

എ.ഡി.ജി.പിയെ മാറ്റണമെന്ന സി.പി.ഐയുടെ ആവശ്യം വീണ്ടും ഉന്നയിച്ചതായാണ് വിവരം. നിയമസഭാ സമ്മേളനം തുടങ്ങുന്നതിന് മുന്നോടിയായി എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റണമെന്നാണ് സി.പി.ഐയുടെ ആവശ്യം. സി.പി.എം.- സി.പി.ഐ. നേതൃയോഗം വ്യാഴാഴ്ച ചേരാനിരിക്കെയായിരുന്നു നിര്‍ണായകയോഗം.

ഡിജിപിയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം നടപടി സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി ബിനോയ് വിശ്വത്തിന് ഉറപ്പ് നല്‍കിയതായാണ് റിപ്പോര്‍ട്ട്. എ.ഡി.ജി.പിക്കെതിരായി പൂരം കലക്കല്‍ വിഷയമുള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ മുതല്‍ തല്‍സ്ഥാനത്ത് നിന്ന് നീക്കണമെന്ന് സി.പി.ഐ. ആവശ്യപ്പെട്ടിരുന്നു. 

അതേസമയം, മരംമുറി, ഫോണ്‍ചോര്‍ത്തല്‍, മാമി തിരോധാനം, ആര്‍എസ്എസ് നേതാക്കളുമായുള്ള വിവാദ കൂടിക്കാഴ്ച ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഡി.ജി.പി. വ്യാഴാഴ്ച അന്വേഷണ റിപ്പോര്‍ട്ട്  സമര്‍പ്പിക്കും.