തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില കൂട്ടണമെന്ന് ബെവ്കോ. വില കൂട്ടണമെന്ന് ആവശ്യപ്പെട്ട് എക്സൈസ് വകുപ്പ് സർക്കാരിന് ശുപാർശ നൽകി. മദ്യ കമ്പനികളുടെ ആവശ്യം കൂടി പരിഗണിച്ചാണ് ബെവ്കോയുടെ ശുപാർശ.

നിർമാതാക്കളിൽ നിന്ന് വാങ്ങുന്ന മദ്യത്തിന് അടിസ്ഥാന വിലയിൽ ഏഴ് ശതമാനം വർധന വരുത്താനാണ് ബെവ്കോയുടെ ശുപാർശ. ഇതുനടപ്പായാൽ ആനുപാതികമായി നികുതിയും കൂടുന്നതോടെ സംസ്ഥാനത്ത് മദ്യവില ലിറ്ററിന് 100 രൂപ വരെയെങ്കിലും കൂടിയേക്കും.

മദ്യനിർമാണത്തിനുള്ള അസംസ്കൃത വസ്തുക്കളുടെ വില വർധിച്ചതിനാൽ വിവിധ ബ്രാൻഡുകൾക്ക് 20-30 ശതമാനം വില വർധിപ്പിക്കണമെന്നായിരുന്നു മദ്യകമ്പനികൾ ആവശ്യപ്പെട്ടത്. കഴിഞ്ഞ ദിവസം ചേർന്ന ബെവ്കോ ഡയറക്ടർ ബോർഡ് യോഗത്തിൽ ഏഴ് ശതമാനം വില വർധന അംഗീകരിക്കുകയായിരുന്നു.

മദ്യവില പുതുക്കി നിശ്ചയിച്ചില്ലെങ്കിൽ മദ്യ വിതരണം നിർത്തേണ്ടി വരുമെന്ന് കാട്ടി നേരത്തെ ബെവ്കോ എംഡിക്ക് മദ്യകമ്പനികൾ കത്ത് നൽകിയിരുന്നു. മദ്യവില പുതുക്കി നിശ്ചയിക്കുന്നതിനുള്ള ടെൻഡർ നടപടികൾ വൈകുന്നതാണ് ഇത്തരമൊരു കത്തുനൽകാൻ മദ്യകമ്പനികളെ പ്രേരിപ്പിച്ചത്. മദ്യനിർമാണത്തിനുള്ള എക്സ്ട്രാ ന്യൂട്രൽ ആൽക്കഹോളിന്റെ വില വർധിച്ചു, പാക്കിങ്ങിനും ഗതാഗതത്തിനും ചെലവേറിയെന്നും കമ്പനികൾ ബെവ്കോ എംഡിക്ക് നൽകിയ കത്തിൽ പറഞ്ഞിരുന്നു.

content highlights:Bevco recommended increase in liquor price