
കൊച്ചി: ദേശീയ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കേണ്ട കായിക താരങ്ങള്‍ ട്രെയിന്‍ കിട്ടാതെ കാത്തിരുന്ന സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടല്‍. കേരള ടീമിനെ വിമാനത്തില്‍ മത്സര സ്ഥലത്തേക്ക് കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ മാതൃഭൂമി ഡോട്ട് കോമിനോട് വ്യക്തമാക്കി.
പതിനേഴാം തീയതി മധ്യപ്രദേശിലെ നര്‍മദപുരത്ത് വെച്ച് നടക്കുന്ന ദേശീയ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കേണ്ട ജൂനിയര്‍, സീനിയര്‍ വിഭാഗത്തിലുള്ള കായിക താരങ്ങളുടെ യാത്രയായിരുന്നു ടിക്കറ്റ് കണ്‍ഫേം ആകാത്തതിനാല്‍ പ്രതിസന്ധിയിലായത്. വ്യാഴാഴ്ച ഉച്ചക്ക് 1.30-ന് എറണാകുളത്ത് നിന്നും പുറപ്പെടേണ്ടിയിരുന്ന മംഗള- ലക്ഷദ്വീപ് എക്സ്പ്രസിലാണ് യാത്ര ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ ഒന്നരയോടെയാണ് ഇവരുടെ ടിക്കറ്റ് കണ്‍ഫേം ആയിട്ടില്ലെന്ന വിവരം അധികൃതര്‍ അറിയിക്കുന്നത്. രണ്ട് പേരുടെ ടിക്കറ്റ് മാത്രമാണ് കണ്‍ഫേം ആയത്. എന്നാല്‍ ഇക്കാര്യം അധികൃതര്‍ താരങ്ങളെയോ രക്ഷിതാക്കളെയോ നേരത്തേ അറിയിച്ചിട്ടില്ലെന്നുമായിരുന്നു ആക്ഷേപം.
20 കായിക താരങ്ങൾക്കും ടീം മാനേജറും കോച്ചുമടക്കമുള്ള മറ്റു മൂന്നുപേർക്കും തേർഡ് എ സി ടിക്കറ്റ് പൊതു വിദ്യാഭ്യാസ വകുപ്പ് എടുത്തു നൽകിയിരുന്നു. ടിക്കറ്റ് കൺഫേം ചെയ്യാൻ മന്ത്രിമാരുടെയും എംപിമാരുടെയും എമർജൻസി ക്വാട്ടയിൽ അപേക്ഷ നൽകുകയും ചെയ്തു. എന്നാൽ മുഴുവൻ ടിക്കറ്റുകളും കൺഫേം ആയില്ല. തുടർന്ന് ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട മന്ത്രി വി ശിവൻകുട്ടി കുട്ടികളെ വിമാനത്തിൽ അയയ്ക്കാൻ നിർദ്ദേശം നൽകുകയായിരുന്നു.
'ചില സമയങ്ങളില്‍ ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ഇത്തരത്തില്‍ സംഭവിക്കാറുണ്ട്. എന്നാല്‍ റെയില്‍വേയുടെ അടക്കം സഹായത്താല്‍ താരങ്ങളെ കൃത്യമായി മത്സരങ്ങളില്‍ പങ്കെടുപ്പിക്കാന്‍ കഴിയാറുണ്ട്. എന്നാല്‍ ഇന്ന് രണ്ട് ബോഗികള്‍ മാറ്റിയതിനാലാണ് ടിക്കറ്റ് കിട്ടാതെ പോയത്. കുട്ടികള്‍ക്ക് പതിനാറാം തീയതിയാണ് മത്സര സ്ഥലത്ത് റിപ്പോര്‍ട്ട് ചെയ്യേണ്ടത്. വിമാനത്തിന്റെ ലഭ്യതയനുസരിച്ച് കുട്ടികളെ പതിനാറാം തീയതിക്ക് മുമ്പായി എത്തിക്കാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. കായിക താരങ്ങളെ മത്സരത്തിന് കൊണ്ടുപോകുന്നതിന് വേണ്ട എല്ലാ ചെലവും സര്‍ക്കാരാണ് വഹിക്കുന്നത്. കുട്ടികളുടെ വിമാനടിക്കറ്റ് അടക്കമുള്ള ചെലവുകളും സര്‍ക്കാരാണ് വഹിക്കുന്നത്' - ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു.
ജൂനിയര്‍, സീനിയര്‍ വിഭാഗത്തിലുള്ള താരങ്ങളാണ് ട്രെയിന്‍ കിട്ടാതെ എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ കാത്തിരുന്നത്. ടീം കോച്ച്, മാനേജര്‍ അടക്കം 23 പേരുടെ യാത്രയാണ് ടിക്കറ്റ് കണ്‍ഫേം ആകാത്തതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായിരുന്നത്.
Content Highlights: Badminton players will be transported by plane and not by train; Department of Education intervened
Published: 14 Nov 2024, 07:06 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented