മഞ്ചേരി: ദേവീമാഹാത്മ്യത്തിലെ ശ്ലോകങ്ങൾ പതിനായിരംതവണ ആവർത്തിച്ചുചൊല്ലുന്ന അയുത ചണ്ഡികാമഹായാഗത്തിന് മഞ്ചേരി മുള്ളമ്പാറയിലെ സനാതനധർമ സേവാകേന്ദ്രത്തിലെ ചണ്ഡികാപുരിയിൽ തുടക്കമായി.

To advertise here,

ചൊവ്വാഴ്ച രാവിലെ മഹായാഗത്തിന്റെ മുഖ്യസംഘാടകനായ ജൂന അഘാഡയുടെ മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതിയും ട്രിച്ചി തിരു ഈങ്കോയ് മല ലളിതാ മഹിളാസമാജം മഠാധിപതി യോഗിനി ശ്രീജയാംബ വിദ്യാംബ സരസ്വതിയും ചേർന്ന് ദീപംതെളിച്ചു. നവാക്ഷരീ ദീക്ഷ സ്വീകരിച്ച മുന്നൂറോളം ദേവീ ഉപാസകർ പതിനൊന്ന് ഹോമകുണ്ഡങ്ങളിലേക്ക് ഹവനം നടത്തി. ഹോമത്തിന് സാക്ഷ്യംവഹിക്കാൻ ഒട്ടേറെ ഭക്തരെത്തി. സ്ത്രീകൾ നേതൃത്വംനൽകുന്നെന്ന പ്രത്യേകതയും ഈ ഹോമത്തിനുണ്ട്. വരുംദിവസങ്ങളിൽ നടക്കുന്ന ഹോമത്തിൽ ആയിരം ദേവീ ഉപാസകർ ഹവനം പൂർത്തിയാക്കും.

ചണ്ഡികാഹോമം കൂടാതെ മഹാഗണപതിഹോമം, ദേവീമാഹാത്മ്യ സമ്പൂർണ പാരായണം, നവാക്ഷരീജപം എന്നിവയുമുണ്ടായി.

സാംസ്‌കാരികസദസ്സിൽ ക്ഷേത്ര സംരക്ഷണസമിതി സംസ്ഥാന ജനറൽസെക്രട്ടറി കെ.എസ്. നാരായണൻ, വയമ്പ്രം വാസുദേവപ്രസാദ് എന്നിവർ സംസാരിച്ചു. തുടർന്ന് മൻസിയയും സംഘവും നൃത്തസന്ധ്യ അവതരിപ്പിച്ചു. പത്തിന് വൈകീട്ട് മൊടപ്പിലാപ്പള്ളി പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ നടക്കുന്ന ഗുരുതിയോടെ മഹായാഗം സമാപിക്കും.