കൊച്ചി: ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ അക്രമങ്ങള്‍ തടയുന്നതിനായി ആശുപത്രികളില്‍ സംസ്ഥാന വ്യവസായ സുരക്ഷാ സേനയെ (എസ്.ഐ.എസ്.എഫ്.) വിന്യസിക്കും. ഏതൊക്കെ ആശുപത്രികളിലാണ് സേനയെ വേണ്ടതെന്നു തീരുമാനിക്കാന്‍ ആരോഗ്യവകുപ്പിനെ ചുമതലപ്പെടുത്തിയെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സ്വകാര്യ ആശുപത്രികളില്‍ എസ്.ഐ.എസ്.എഫിന്റെ ചെലവ് മാനേജ്മെന്റ് വഹിക്കണം.
ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ അക്രമങ്ങള്‍ തടയുന്നതിനായി ആശുപത്രികളില്‍ സുരക്ഷാസംവിധാനങ്ങള്‍ മെച്ചപ്പെടുത്താന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നിലപാട് ഹൈക്കോടതിയെ അറിയിച്ചത്. വ്യവസായ സുരക്ഷാ സേനയെ ആശുപത്രികളില്‍ വിന്യസിക്കാന്‍ തീരുമാനിച്ചതായി ഗവണ്മെന്റ് പ്ലീഡര്‍ ഹൈക്കോടതിയെ അറിയിച്ചു.
നിലവില്‍ സംസ്ഥാന ആരോഗ്യവകുപ്പിനോടുതന്നെ ഏതൊക്കെ ആശുപത്രികളിലാണ് ആദ്യഘട്ടത്തില്‍ എസ്.ഐ.എസ്.എഫിന്റെ സേവനം വേണ്ടതെന്നത് അറിയിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആരോഗ്യവകുപ്പില്‍നിന്ന് ഇതുസംബന്ധിച്ച അറിയിപ്പ് ലഭിക്കുന്ന മുറയ്ക്കുതന്നെ എസ്.ഐ.എസ്.എഫിനെ വിന്യസിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
അതേസമയം, സ്വകാര്യ ആശുപത്രികളില്‍ എസ്.ഐ.എസ്.എഫിന്റെ സേവനം ആവശ്യപ്പെടുകയാണെങ്കില് സേനയെ വിട്ടുനല്‍കാന്‍ തയ്യാറാണ്. എന്നാല്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായിവരുന്ന പണം സ്വകാര്യ ആശുപത്രികള്‍തന്നെ നല്‍കേണ്ടിവരുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
അതോടൊപ്പം ഡോ. വന്ദനാ ദാസിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യവും കോടതിയുടെ മുന്നിലുണ്ടായിരുന്നു. സര്‍ക്കാര്‍ അത് അനുഭാവപൂര്‍വം പരിഗണിക്കുന്നുവെന്നും ഗവണ്മെന്റ് പ്ലീഡര്‍ കോടതിയെ അറിയിച്ചു. അടുത്തദിവസം കേസ് കോടതി വീണ്ടും പരിഗണിക്കുമ്പോള്‍ ഇക്കാര്യത്തിലുള്ള തീരുമാനംകൂടി സര്‍ക്കാര്‍ വ്യക്തമാക്കും.
Content Highlights: attack on hospital staff, sisf appointment in hospital
Published: 25 May 2023, 05:16 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented