മൂന്നാർ: സഞ്ചാരികൾക്ക് നേരെ മൂന്നാർ മേഖലയിൽ തുടർച്ചയായി ഉണ്ടാകുന്ന ആക്രമണങ്ങൾ വിനോദസഞ്ചാര മേഖലയ്ക്ക് തിരിച്ചടിയാകുന്നു. നിസ്സാരകാര്യങ്ങളെ ചൊല്ലി വാക്കുതർക്കമുണ്ടാക്കുകയും പിന്നീട് കൂട്ടംചേർന്ന് ആക്രമിക്കുകയും ചെയ്യുന്ന പ്രവണതയാണ് കണ്ടുവരുന്നത്. ഇത്തരം ആക്രമണങ്ങളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ അതിവേഗം പ്രചരിക്കുന്നുണ്ട്. ഇത് സംസ്ഥാനത്തിനകത്തും പുറത്തും മൂന്നാറിന്റെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിച്ചു. സാമൂഹ്യവിരുദ്ധരായ ഏതാനും ചിലരുടെ പ്രവൃത്തി നാടിനെ മൊത്തത്തിൽ കളങ്കപ്പെടുത്തുന്ന നിലയിലായി.
സീസൺ തുടങ്ങിയതോടെ സ്വദേശികളും വിദേശികളുമായ അനവധി സഞ്ചാരികളാണ് മൂന്നാറിലെത്തുന്നത്. പ്രദേശത്തെ നൂറുകണക്കിന് ആളുകളാണ് പ്രത്യക്ഷമായും പരോക്ഷമായും വിനോദസഞ്ചാരത്തെ ആശ്രയിച്ച് ജീവിക്കുന്നത്. സഞ്ചാരികൾക്ക് നേരെയുള്ള തുടർച്ചയായ ആക്രമണങ്ങൾ മേഖലയെ പ്രതികൂലമായി ബാധിക്കും.
ഒരാഴ്ചയ്ക്കിടെ മൂന്ന് ആക്രമണം
ഒരാഴ്ചയ്ക്കിടെ മൂന്നുതവണയാണ് പ്രദേശത്ത് സഞ്ചാരികൾക്കുനേരേ ആക്രമണമുണ്ടായത്. മൂന്നിന് വൈകീട്ടോടെ പള്ളിവാസൽ ആറ്റുകാട് ഭാഗത്തുവെച്ച് സഞ്ചാരികളെ ആക്രമിച്ചു. വാഹനങ്ങൾ തമ്മിൽ ഉരസിയതുമായി ബന്ധപ്പെട്ടിട്ടുണ്ടായ തർക്കമാണ് കാരണം. പള്ളിവാസൻ ഫാക്ടറി ഡിവിഷൻ സ്വദേശികളായ മൂന്നുപേർ ചേർന്ന് വാഹനം തടഞ്ഞ് തമിഴ്നാട് തിരിച്ചിറപ്പള്ളി സ്വദേശികളായ രണ്ടുവിദ്യാർഥികളെ കല്ലുകൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചു. മൂന്നാർ പോലീസ് പ്രതികളെ പിടികൂടി കൊലപാതകശ്രമം ചുമത്തി റിമാൻഡ് ചെയ്തു.
ഞായറാഴ്ച ടോപ്പ്സ്റ്റേഷനിൽ മിനി വാനിലെത്തിയ കൊല്ലം സ്വദേശികളായ സഞ്ചാരികൾക്കുനേരേയും ആക്രമണമുണ്ടായി. പാതയോരത്ത് മൂത്രമൊഴിച്ചതിനെ ചൊല്ലിയുണ്ടായ തർക്കമാണ് ആക്രമണത്തിന് കാരണമായത്. സ്ത്രീകൾ ഉൾപ്പെടെയുള്ളവർ ചേർന്നാണ് സഞ്ചാരികളെ മർദിച്ചത്. മരക്കൊമ്പുകൾ ഉപയോഗിച്ച് സഞ്ചാരികളെ ആക്രമിക്കുകയും വാഹനം തകർക്കുകയും ചെയ്തു. തമിഴ്നാട് കുരങ്ങിണി പോലീസ് സ്റ്റേഷന്റെ പരിധിയിലാണ് ആക്രമണമുണ്ടായത്. സഞ്ചാരികൾ പരാതി നൽകാതെ മടങ്ങി.
തിങ്കളാഴ്ച രാത്രി മുറിയന്വേഷിച്ച് മൂന്നാർ ടൗണിലെത്തിയ കുടുംബത്തിനുനേരെയും ആക്രമണമുണ്ടായി. ടൗണിലെ ടൂറിസ്റ്റ് ഗൈഡ് മുറി നൽകാമെന്ന് പറഞ്ഞ് ഇവരെ മൂന്നാർ നഗറിലേക്ക് കൊണ്ടുപോയി. ദൂരക്കൂടുതൽ കാരണം ഇവർ മുറിയെടുക്കാൻ തയ്യാറായില്ല. ഇതിന്റെ വൈരത്തിൽ യുവാക്കൾ ഇവരുടെ വാഹനം തടഞ്ഞ് വഴിയോരക്കടയിലെ കസേര ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. തൃക്കാക്കര സ്വദേശികളായ ഇവർ ചികിത്സയിലാണ്.
Published: 09 Oct 2025, 07:55 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented