
കാക്കനാട്: അവധി ദിവസം ഒന്ന് നീന്തിക്കുളിക്കാനിറങ്ങിയതായിരുന്നു ഇടപ്പള്ളി ട്രാഫിക് സ്റ്റേഷനിലെ എ.എസ്.ഐ. ടി.കെ. അമൽ. എന്നാൽ വടവുകോട് ഐനിച്ചിറ കുളത്തിലെത്തിയ അദ്ദേഹം കണ്ടത് പായലും പ്ലാസ്റ്റിക് മാലിന്യവും നിറഞ്ഞ ശോചനീയാവസ്ഥയായിരുന്നു. നാടിന് മാലിന്യപ്പൊതികൾ സമ്മാനിച്ച ആ കുളം ഒരുമാസം നീണ്ട ഒറ്റയാൾ പോരാട്ടത്തിലൂടെ വൃത്തിയാക്കി മാതൃകയാവുകയാണ് ഈ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ. വടവുകോട്-പുത്തൻകുരിശ് പഞ്ചായത്തിലെ പാടത്തിന് നടുവിലുള്ള പത്ത് സെന്റോളം വരുന്ന മനോഹരമായ കുളമാണ് നശിച്ചുകൊണ്ടിരുന്നത്.
പ്ലാസ്റ്റിക് കുപ്പികൾ, കവറുകളിൽ കെട്ടിയ മാലിന്യം, ചുറ്റും വളർന്നു പന്തലിച്ച കാടുകൾ എന്നിവയായിരുന്നു നീന്തിക്കുളിക്കാനെത്തിയ അമലിനെ സ്വീകരിച്ചത്. എന്നാൽ ഇതിൽ മനം മടുത്ത് മടങ്ങുന്നതിനു പകരം, സഹായത്തിന് ആരെയും കാത്തുനിൽക്കാതെ അദ്ദേഹം നേരിട്ട് കുളത്തിലിറങ്ങുകയായിരുന്നു.
മാറ്റം തുടങ്ങിയത് ഇങ്ങനെ
ആദ്യദിവസം തന്നെ കുളത്തിൽ ഒഴുകി നടന്ന പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ചു. രണ്ടാംദിവസം വാക്കത്തിയും കുട്ടയുമായെത്തി പായലും മാലിന്യവും നീക്കിത്തുടങ്ങി. ഏകദേശം നാല് ചാക്ക് പ്ലാസ്റ്റിക് കുപ്പികളാണ് കുളത്തിൽനിന്ന് മാത്രം ലഭിച്ചത്. അമലിന്റെ പ്രവൃത്തി കണ്ട് സമീപത്തെ കുട്ടികളും കൈകോർത്തു. കുളം നവീകരിക്കുമെന്ന് പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തി ഉറപ്പുനൽകിയെങ്കിലും അമൽ തന്റെ ശുചീകരണ യജ്ഞം തുടർന്നു.
കുളം വൃത്തിയായതോടെ ചുറ്റുമുള്ള കാടുവെട്ടിത്തെളിക്കലായി അടുത്ത ലക്ഷ്യം. കുളത്തിൽ കാൽ കഴുകാൻ വന്ന അതിഥിത്തൊഴിലാളിയും അമലിന്റെ സഹായത്തിനെത്തി. ജോലി കഴിഞ്ഞ് കിട്ടുന്ന ഒഴിവുസമയങ്ങളിലാണ് ശുചീകരണം നടത്തിയത്. ഇപ്പോൾ ഏകദേശം 90 ശതമാനം പണികളും പൂർത്തിയായെന്നും ആർക്കും ഇറങ്ങിക്കുളിക്കാൻ പാകത്തിൽ കുളം മാറിക്കഴിഞ്ഞെന്നും ടി.കെ. അമൽ പറഞ്ഞു.
അടുത്ത ലക്ഷ്യം മനോഹരമായ പൂന്തോട്ടം
പരിസ്ഥിതി സംരക്ഷണത്തിൽ ഏറെ താത്പര്യമുള്ള അമൽ നേരത്തേതന്നെ ഒട്ടേറെ തണൽമരങ്ങളും ഫലവൃക്ഷങ്ങളും വെച്ചുപിടിപ്പിച്ചിട്ടുണ്ട്. തൃക്കാക്കര പോലീസ് സ്റ്റേഷനിൽ ജോലി ചെയ്തിരുന്ന സമയത്ത് സ്റ്റേഷൻ പരിസരത്തും റോഡരികിലും നിരവധി തണൽമരങ്ങൾ നട്ടുനനച്ചു വളർത്താൻ അദ്ദേഹം മുൻകൈ എടുത്തിരുന്നു. ഐനിച്ചിറ കുളത്തിന് ചുറ്റും മനോഹരമായ ഒരു പൂന്തോട്ടം ഒരുക്കുകയാണ് അമലിന്റെ അടുത്ത ലക്ഷ്യം.
പഞ്ചായത്ത് അധികൃതർകൂടി മനസ്സുവെച്ചാൽ കുളത്തിന് സംരക്ഷണവേലിയും വാക്ക്വേയും ഇരിപ്പിടങ്ങളും ഒരുക്കി ഈ പ്രദേശത്തെ, നാടിന് മാതൃകയായ ഒരു സായാഹ്ന വിശ്രമകേന്ദ്രമാക്കി മാറ്റാൻ സാധിക്കും.
Content Highlights: ASI TK Amal single-handedly cleaned a neglected, waste-filled pond in Inichira., The one-month initiative involved removing plastic waste, weeds, and debris., Amal's efforts inspired local children and migrant workers to join the cleanup., Future plans include creating a garden and recreational space around the pond., Demonstrates individual responsibility in environmental protection and community development.
Published: 12 Mar 2026, 01:25 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented