
തിരുവനന്തപുരം: രണ്ടാഴ്ചയോളമായി ആശ വർക്കർമാർ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന സമരം പൂർണ നിസ്സഹകരണത്തിലേക്കു മാറി. വീടുകൾതോറും കയറിയിറങ്ങിയുള്ള സേവനങ്ങളും കണക്കെടുപ്പും ഉൾപ്പെടെയുള്ള പ്രവർത്തനം നിർത്തി. സംസ്ഥാനത്തെ 27,000 ആശ വർക്കർമാരും സമരത്തിന്റെ ഭാഗമായി നിസ്സഹകരണത്തിലാണെന്ന് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ അവകാശപ്പെട്ടു.
ഈ മാസം 10 മുതലാണ് ആശ വർക്കർമാർ സെക്രട്ടേറിയറ്റിനു മുന്നിൽ സമരം തുടങ്ങിയത്. പലതവണ ആരോഗ്യമന്ത്രിയുമായി ചർച്ചനടത്തിയിട്ടും ആവശ്യങ്ങൾ അംഗീകരിക്കപ്പെട്ടില്ല. ഓണറേറിയവും അലവൻസും ഉൾപ്പെടെ 9000 രൂപയാണ് വേതനമെന്ന് ആശ വർക്കർമാർ പറയുമ്പോൾ, 13200 രൂപ വരെ ലഭിക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രിയുടെ ഓഫീസ് അവകാശപ്പെട്ടിരുന്നു.
അനുവദിച്ച കുടിശ്ശിക കിട്ടിയില്ല
കഴിഞ്ഞദിവസം രണ്ടു മാസത്തെ ഓണറേറിയം ധനവകുപ്പ് അനുവദിച്ചിരുന്നു. എന്നാൽ, പകുതിയോളം പേർക്കു മാത്രമാണ് തുക ലഭിച്ചത്. 7000 രൂപയായ ഓണറേറിയത്തിൽ 500 മുതൽ 1000 രൂപ വരെ കുറഞ്ഞതായി ആശ വർക്കർമാർ പറയുന്നു.
മന്ത്രിമാർക്കും ഉദ്യോഗസ്ഥർക്കും കോടികൾ മാറ്റിവെക്കുന്ന സർക്കാരിന് ആശമാരുടെ ഓണറേറിയവും ക്ഷേമപെൻഷനും നൽകാൻ കഴിയാത്തതെന്തുകൊണ്ടെന്ന് വിശദീകരിക്കണമെന്ന് സമരക്കാരെ സന്ദർശിച്ച മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ ആവശ്യപ്പെട്ടു. എം.എൽ.എ.മാരായ എം.വിൻസന്റ്, രാഹുൽ മാങ്കൂട്ടത്തിൽ എന്നിവരും ആശ വർക്കർമാരെ സന്ദർശിച്ചിരുന്നു.
Content Highlights: asha workers kerala-protest- services stopped
Published: 23 Feb 2025, 08:33 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented