പൊട്ടലും ചീറ്റലും വിഴുപ്പലക്കലും കോണ്‍ഗ്രസില്‍ പുത്തരിയല്ല. പ്രസ്താവനായുദ്ധവും പോര്‍വിളിയും അതിന്റെ രക്തത്തിലുള്ളതാണ്. ലക്കും ലഗാനുമില്ലാതെ എന്തും പറയാന്‍ ലൈസന്‍സുള്ള വിശാല ജനാധിപത്യം കൊടികുത്തി വാഴുന്ന പ്രസ്ഥാനം. കൂട്ടയടി പേടിച്ച് 30 വര്‍ഷമായി സംഘടനാ തിരഞ്ഞെടുപ്പ് പോലും നടത്താന്‍ ആരും ധൈര്യപ്പെട്ടില്ല. റബര്‍ ബാന്‍ഡ് പോലെയാണ് അവിടെ ജനാധിപത്യം. സിഗ്‌നല്‍ കിട്ടിയാല്‍ ഒരറ്റം വലിഞ്ഞു തുടങ്ങും പ്രത്യാക്രമണം മറ്റേ അറ്റത്ത് നിന്നുമുണ്ടാവും. അങ്ങനെ പോര്‍വിളി നീണ്ട് പെട്ടെന്ന് സമാധാനം പിറക്കും. റബര്‍ ബാന്‍ഡ് ചുരുങ്ങും. പഴയ നിലയിലാകും. ഇതാണ് പതിവ് രീതി. ഡി.സി.സി. അധ്യക്ഷന്മാരെ പ്രഖ്യാപിച്ചതില്‍ അനിഷ്ടവും അസ്വാരസ്യവും അവിടെയും ഇവിടെയും പൊട്ടല്‍ തുടരുകയാണ്. അധ്യക്ഷന്മാരെ കെ.സി. വേണുഗോപാല്‍ പ്രഖ്യാപിച്ചപ്പോള്‍ 20 മിനിറ്റുള്ളില്‍ സുധാകരന്‍ പുറത്തിറക്കിയത് രണ്ട് പേരെ സസ്പെന്‍ഡ് ചെയ്തുള്ള വാര്‍ത്താക്കുറിപ്പാണ്. 

ഡി.സി.സി. അധ്യക്ഷന്മാരുടെ പുനഃസംഘടനയുമായി ബന്ധപ്പെട്ട് നവമാധ്യമങ്ങളില്‍ പല ബ്രിഗേഡുകളും ഉദയംകൊണ്ടിരുന്നു. നേതാക്കന്മാരുടെ ചുരുക്കപ്പേരിനൊപ്പം ബ്രിഗേഡ് എന്നൊരു വിശേഷണം ചേര്‍ത്തവയായിരുന്നു അവ. സുധാകരനെ പിന്തുണച്ച് കെ.എസ്. ബ്രിഗേഡും രമേശ് ചെന്നിത്തലയെ പിന്തുണച്ച് ആര്‍.സി. ബ്രിഗേഡ് എന്നിങ്ങനെ. 

അച്ചടക്കത്തിന്റെ വാള്‍ വീശിക്കൊണ്ടാണ് സുധാകരന്‍ ഫലത്തില്‍ നിയമനം നടത്തിയത്. അത് കോണ്‍ഗ്രസില്‍ പതിവുള്ളതല്ല. മുന്‍ഗാമികള്‍ പരസ്യപ്രസ്താവന വിലക്കലും വിശദീകരണം ചോദിക്കലും ആലോചിച്ച വേഗത്തിലാണ് സുധാകരന്റെ നടപടി വന്നത്. പലരും ഞെട്ടിയത് അതുകൊണ്ടാണ്. പൊട്ടിത്തെറി മുന്നില്‍ കണ്ട് ഒരു മുഴം മുന്നെ കണ്ടുള്ള നീക്കമായിരുന്നു അത്. ശിവദാസന്‍ നായരുടെ പ്രതികരണത്തില്‍ ആ ഞെട്ടല്‍ വ്യക്തം. പറഞ്ഞതെന്തെന്ന് രണ്ടാമതൊന്ന് ആലോചിക്കാന്‍ കഴിയും മുന്നെ അനില്‍കുമാറിന് കൈയില്‍ കിട്ടി സസ്പെന്‍ഷന്‍. ഇതുകൊണ്ട് ആരും മിണ്ടാതിരുന്നില്ല. ചര്‍ച്ചവേണ്ടിയിരുന്നു എന്ന വാക്കില്‍ ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും പരിഭവം പറഞ്ഞു. വിശ്വസ്തത തെളിയിച്ച് കെ. ബാബുവിന്റെ നിയോഗം. ഐ ഗ്രൂപ്പില്‍ നിന്ന് കാര്യമായ പ്രതികരണമുണ്ടായില്ല. ഐ ഗ്രൂപ്പ് സുധാകരനിലും സതീശനിലുമായി ഏറക്കുറേ ലയിച്ചുകഴിഞ്ഞു. കേഡര്‍ രീതിയില്‍ നാല് പതിറ്റാണ്ട് നിന്ന എ ഗ്രൂപ്പും ബലക്ഷയത്തിലാണ്. ഉമ്മന്‍ ചാണ്ടിക്ക് പകരക്കാരനാകാന്‍ അവിടെയും മത്സരമുണ്ട്. 

പട്ടിക വന്നപ്പോള്‍ ഇന്ന ആള്‍ ആയതിലോ ആക്കാത്തതിലോ ആരും പരാതി പറയുന്നില്ല. അതാണ് ശ്രദ്ധേയം. അപ്പോള്‍ സംഗതി വ്യക്തം. ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും വേണ്ടത്ര പരിഗണന കിട്ടുന്നില്ല. പ്രത്യക്ഷത്തില്‍ ഇപ്പോഴത്തെ പോരാട്ടം കേവലം അസ്വാരസ്യമല്ല. മറിച്ച് അധികാരത്തിന്റെ പിടി അയയുന്നവരും അത് പിടിച്ചെടുക്കുന്നവരും തമ്മിലുള്ള ശീതസമരമാണ്. ആദ്യം കെ.പി.സി.സി. അധ്യക്ഷന്‍ പിന്നാലെ പ്രതിപക്ഷ നേതാവ്. രണ്ടാം ഘട്ടത്തില്‍ ഡി.സി.സി. അധ്യക്ഷന്മാര്‍. രണ്ട് പതിറ്റാണ്ടായി കേരളത്തില്‍ കോണ്‍ഗ്രസിനെ നിയന്ത്രിച്ച ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും പറയുന്നതൊന്നും ഇപ്പോള്‍ പണ്ടേ പോലെ ഫലിക്കുന്നില്ല. അടുത്ത റൗണ്ട് കെ.പി.സി.സി. ഭാരവാഹികളുടെ തിരഞ്ഞെടുപ്പാണ്. അതോടെ അധികാരകൈമാറ്റം പൂര്‍ണമാകും. പൊട്ടിത്തെറികളുടെ പരിസമാപ്തിയില്‍ പാര്‍ട്ടി സുധാകരനും-സതീശനും കൈപ്പിടിയിലാകാനാണ് എല്ലാ സാധ്യതയും.

ബാബു പ്രസാദിനെ ആലപ്പുഴയില്‍ അധ്യക്ഷനാക്കാനെങ്കിലും കഴിഞ്ഞതില്‍ ചെന്നിത്തലയ്ക്ക് ആശ്വസിക്കാം. ആറ് പേര്‍ എ ഗ്രൂപ്പുകാരാണെന്ന് സമാധാനിക്കുമ്പോഴും അവസാന നിമിഷത്തെ മാറ്റങ്ങളില്‍ കോട്ടയത്ത് ഉമ്മന്‍ ചാണ്ടി ആദ്യം പറഞ്ഞ ഫില്‍സണ്‍ മാത്യൂസ് പുറത്താകുകയും നാട്ടകം സുരേഷിന് നറുക്കുവീഴുകയും ചെയ്തു. കോട്ടയവും ഇടുക്കിയും തമ്മിലുണ്ടായ മാറ്റത്തില്‍ സാമുദായിക സമവാക്യവും ഇതില്‍ നിര്‍ണായകമായി. ഉമ്മന്‍ ചാണ്ടി നിര്‍ദേശിച്ച പേരുകളില്‍ നാട്ടകം സുരേഷും ഉണ്ടായിരുന്നെങ്കിലും എ ഗ്രൂപ്പിലാണെങ്കിലും തിരുവഞ്ചൂരുമായാണ് സുരേഷിന് കൂടുതല്‍ അടുപ്പം. കൊടിക്കുന്നിലിനും പി.ജെ. കുര്യനും, പി.ടി. തോമസിനും, കെ. മുരളീധരനും, കെ.സി. വേണുഗോപാലിനും ഓരോരുത്തരെ അധ്യക്ഷന്മാരായി അവരോധിക്കാനായി. സതീശന്‍ സ്വന്തം വിശ്വസ്തനെ എറണാകുളത്തും സുധാകരന്‍ കണ്ണൂരിലും പ്രതിഷ്ഠിച്ചു. 

ചെന്നിത്തലയുടെ വിശ്വസ്തനായിരുന്ന തൃശൂരെ ജോസ് വള്ളൂര്‍ ഇപ്പോള്‍ സുധാകര ക്യാമ്പിലാണ്. എ ഗ്രൂപ്പിലായിരുന്നെങ്കിലും കാസര്‍കോട്ടെ പി.കെ. ഫൈസലിനും ഇപ്പോ കെ.സിയും കെ.എസ്സുമായാണ് കൂടുതല്‍ അടുപ്പം. ഉറച്ച എ ഗ്രൂപ്പുകാരനാണെങ്കിലും പാലോട് രവിക്ക് സതീശനുമായി നല്ല ബന്ധം. നെടുമങ്ങാട്ട് പാലോട് രവി കാലുവാരിയെന്ന് പത്രസമ്മേളനം വിളിച്ചുപറഞ്ഞതിന് സ്ഥാനാര്‍ഥിയായിരുന്ന പ്രശാന്ത് സസ്പെന്‍ഷനിലായി. ആരോപണവിധേയന്‍ പ്രസിഡന്റുമായി. 

അധികാരത്തിന്റെ തോണി ആലപ്പുഴയും കോട്ടയവും വിട്ട് എറണാകുളത്തേക്കും കണ്ണൂരേക്കും ഒഴുകുകയാണ്. തന്ന പേരുകള്‍ ഉയര്‍ത്തിക്കാട്ടിയാണ് സുധാകരന്‍, ഉമ്മന്‍ ചാണ്ടിക്ക് മറുപടി നല്‍കിയത്. ഉമ്മന്‍ ചാണ്ടി പറഞ്ഞത് നിഷേധിക്കേണ്ടി വരുന്നതില്‍ വിഷമമമുണ്ടെന്ന മിതത്വം സാധാരണ സുധാകരനില്‍ കാണാത്തതാണ്. സതീശന്‍ ഒന്നുകൂടി കടത്തി പറഞ്ഞു. ഇനി ആ സമ്മര്‍ദം ഫലിക്കില്ല നടക്കില്ല എന്ന് പറയുന്നത് ഉമ്മന്‍ ചാണ്ടിക്കും ചെന്നിത്തലയ്ക്കുമുള്ള കൃത്യമായ മുന്നണിയിപ്പാണ്. 2011-ല്‍ മന്ത്രിമാരുടെ പട്ടികയില്‍ ഉണ്ടായിരുന്ന താന്‍ എങ്ങനെ വെട്ടിമാറ്റപ്പെട്ടു എന്ന സതീശന്റെ ചോദ്യം ചെന്നിത്തലയെ ഉന്നമിട്ടായിരുന്നു.

വിവാദങ്ങള്‍ക്കിടയിലും പട്ടികയില്‍ ചില പതിവ് രീതികളുടെ പൊളിച്ചെഴുത്തുമുണ്ടായി. കോട്ടയത്തും എറണാകുളത്തും കുറേക്കാലമായി ക്രിസ്ത്യന്‍ സമുദായത്തില്‍ നിന്നൊരാളായിരുന്നു അധ്യക്ഷനെങ്കില്‍ ഇത്തവണ കോട്ടയത്ത് ഈഴവ വിഭാഗത്തില്‍ നിന്നൊരാള്‍ പ്രസിഡന്റായി. എറണാകുളത്ത് ഷിയാസിന്റെ വരവ് കാര്യമായ എതിര്‍പ്പില്ലാതെയായിരുന്നു. മലപ്പുറത്ത് വി.എസ്. ജോയിയുടെ വരവും പതിവ് തെറ്റിച്ചുകൊണ്ടായിരുന്നു. ഏറ്റവും പ്രായം കുറഞ്ഞ ഡി.സി.സി. പ്രസിഡന്റുമാണ് ജോയ്. പാലക്കാട്ടെ എ.വി. ഗോപിനാഥും ശിവദാസന്‍ നായരും നെടുമങ്ങാട്ടെ പ്രശാന്തും, അനില്‍കുമാറും ഒക്കെ ഇനി സ്വയം ഒതുങ്ങുമോ അതോ പൊട്ടിത്തെറിച്ചുപോകുമോ അധികം കാക്കേണ്ടി വരില്ല.

ഇടതുപക്ഷം ഭരണത്തുടര്‍ച്ച നേടിയത് അവസരമാക്കി കോണ്‍ഗ്രസില്‍ ഗ്രൂപ്പുകളുടെ ബാരിക്കേഡ് പൊളിച്ചാണ് കെ. സുധാകരനും വി.ഡി. സതീശനും തലപ്പത്തെത്തിയത്. ആപത്തില്‍ യോജിക്കാറുള്ള എക്കും ഐക്കും അത് കണ്ടുനില്‍ക്കാനെ കഴിഞ്ഞുള്ളൂ. കേന്ദ്രത്തില്‍ പിടിയുള്ള കെ.സി. വേണുഗോപാലിന്റെ ആശിര്‍വാദവും ഇവരുടെ പിടിച്ചെടുക്കലിനുണ്ടായിരുന്നു. 

മൂന്നു പതിറ്റാണ്ടിലേറെയായി കോണ്‍ഗ്രസില്‍ ഉമ്മന്‍ ചാണ്ടി അധികാരകേന്ദ്രമായിരുന്നു. കരുണാകരനും ആന്റണിയും തലപ്പത്തുള്ളപ്പോഴും അണിയറയില്‍ ചരടിന്റെ ഒരറ്റം ഉമ്മന്‍ ചാണ്ടിയുടെ കൈയിലായിരുന്നു. കരുണാകരന്‍ ക്ഷീണിച്ച താലത്ത് മുരളിയെ വെട്ടി ചെന്നിത്തല വിശാല ഐ ഗ്രൂപ്പുമായി പയറ്റി കെ.പി.സി.സി. അധ്യക്ഷനും പ്രതിപക്ഷ നേതാവും ആയി. ഈ രണ്ട് നേതാക്കള്‍ക്കും ഇത് ഇറക്കത്തിന്റെ കാലമാണ്. പരമ്പരാഗത എ, ഐ ഗ്രൂപ്പുകളുടെ അസ്തമയത്തിന് ഇനി അധികകാലമുണ്ടാവില്ല. തന്ത്രങ്ങളുടെ അമരക്കാരനും ഇനി ഒരങ്കത്തിന് ബാല്യമുണ്ടോ എന്ന അന്വേഷണത്തിലാണ്. മിനി കേഡർ പാർട്ടി ആക്കാൻ ആഗ്രഹിക്കുന്ന സുധാകരന് ഇനി ആ ലക്ഷ്യം പൂർത്തിയാക്കാനാകുമോ എന്നും കണ്ടറിയണം. 

content highlights: as oommen chandy and ramesh chennithala loses grip,vd satheesan and kc venugopal becomes strongholds in congress