തിരുവനന്തപുരം: തിരഞ്ഞെടുപ്പ് തോൽവിയിൽ സിപിഎം ജില്ലാ കമ്മിറ്റിയിൽ ആഞ്ഞടിച്ച് നേതാക്കൾ. മുൻ മേയർ ആര്യാ രാജേന്ദ്രനും ജില്ലാ നേതൃത്വത്തിനുമെതിരേ രൂക്ഷമായ വിമർശനമാണ് ജില്ലാ കമ്മിറ്റി അംഗങ്ങൾ ഉയർത്തിയത്. മുഖ്യമന്ത്രി അയ്യപ്പസംഗമത്തിന് വെള്ളാപ്പള്ളി നടേശനെ കാറിൽ കൊണ്ടുപോയതും ശബരിമല സ്വർണക്കൊള്ളയും തിരഞ്ഞെടുപ്പിനെ ബാധിച്ചെന്നും നേതാക്കൾ ആരോപിച്ചു.
മുൻ മേയർ വി.കെ. പ്രശാന്ത്, മുൻ ജില്ലാപ്പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, എസ്.എ. സുന്ദർ, കരമന ഹരി, എസ്.പി. ദീപക് എന്നിവർ ആര്യയ്ക്കെതിരേ രൂക്ഷവിമർശനമാണ് ഉയർത്തിയത്.
ആര്യയെക്കുറിച്ചുള്ള ചർച്ചകൾ ഒഴിവാക്കാൻ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും സെക്രട്ടേറിയറ്റ് അംഗം പുത്തലത്ത് ദിനേശനും പല ഘട്ടത്തിലും ഇടപെടേണ്ടിവന്നു. ആര്യയുടെ അഹങ്കാരത്തോടെയുള്ള പെരുമാറ്റമാണ് തലസ്ഥാനത്തെ തിരിച്ചടിക്കു കാരണമെന്ന് അംഗങ്ങൾ തുറന്നടിച്ചു. കോർപ്പറേഷൻ ഭരണകൂടത്തെ തിരുത്താൻ യഥാസമയം ഇടപെടുന്നതിൽ പാർട്ടി ഫ്രാക്ഷനുകൾക്ക് പരാജയമുണ്ടായെന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടി. കോർപ്പറേഷനിലെ അഴിമതി ആരോപണങ്ങളും പാർട്ടി പരാജയത്തിനു തിരിച്ചടിയായി. ജില്ലാപ്പഞ്ചായത്തിന്റെ ഭരണപരാജയത്തിനെതിരേയും അംഗങ്ങൾ ആരോപണങ്ങൾ ഉയർത്തി. പ്രസിഡന്റും വൈസ് പ്രസിഡന്റും തമ്മിൽ ഏകോപനമില്ലാത്തത് സീറ്റുകൾ നഷ്ടപ്പെടുന്നതിനിടയാക്കി.
പാർട്ടിയിൽ മൂന്ന് ജില്ലാ സെക്രട്ടറിമാർ നിയന്ത്രിക്കുന്നതരത്തിൽ കാര്യങ്ങളെത്തി. പാർട്ടിയിൽ രൂക്ഷമായ വിഭാഗീയത നിലനിൽക്കുന്നു. നേമം, കോവളം ഏരിയകൾ നിയന്ത്രിക്കുന്നത് ജില്ലാ സെക്രട്ടറിയല്ല. വി. ജോയിക്കു മുകളിൽ വി. ശിവൻകുട്ടിയും കടകംപള്ളി സുരേന്ദ്രനും ജില്ലാഭരണം നിയന്ത്രിക്കുകയാണെന്ന ആരോപണവും ഉയർന്നു.
കോർപ്പറേഷനിലെ സ്ഥാനാർഥിനിർണയത്തിൽ വീഴ്ചവന്നു. ഏരിയാ സെക്രട്ടറിമാരായ കെ. ശ്രീകുമാർ, വഞ്ചിയൂർ ബാബു, ആർ.കെ. ശിവജി എന്നിവരെ മത്സരിപ്പിക്കാതെ പാർട്ടിസ്ഥാനാർഥികളെ ജയിപ്പിക്കാനുള്ള ജോലിയായിരുന്നു ഏൽപ്പിക്കേണ്ടിയിരുന്നത്. കടകംപള്ളിയിലെ സ്ഥാനാർഥിനിയന്ത്രണംപോലും പാളി. സ്ഥാനാർഥിയെ അടിച്ചേൽപ്പിക്കുകയായിരുന്നു. കഴക്കൂട്ടത്ത് ബിജെപി കൂടുതൽ വാർഡുകൾ പിടിക്കുന്ന സ്ഥിതിയുണ്ടായി. ഭൂരിപക്ഷ വോട്ടർമാരും ന്യൂനപക്ഷ വോട്ടർമാരും പാർട്ടിയിൽ നിന്നകന്നു. മന്ത്രിമാരുടെ പിഎമാർക്കു മുന്നിൽ എംഎൽഎമാർ ഓച്ചാനിച്ചുനിൽക്കേണ്ട അവസ്ഥയാണെന്ന് കെ. ആൻസലൻ എംഎൽഎ തുറന്നടിച്ചു. ഭരണത്തിന് എല്ലാ നിയന്ത്രണവും നൽകി പാർട്ടി മാറിനിൽക്കുകയാണ്. സംഘടന പലയിടത്തും പരാജയമാണെന്നും നേതാക്കൾ തുറന്നടിച്ചു.
Content Highlights: arya rajendran vellapally natesan cpm district committee critism
Published: 23 Dec 2025, 07:51 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented