അരീക്കോട്: കട്ടാട്ട് കാഞ്ഞിരാല സൈനബയുടെയും മൈത്ര സ്വദേശിയും ഊർങ്ങാട്ടിരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി മുൻ പ്രസിഡന്റ്‌ കൊറളിയാടൻ മൂസാൻകുട്ടിയുടെയും മക്കളായ അസീമും അനീസും ജന്മംകെണ്ടും കാൽപ്പന്തുകളിയിലും എന്നും ഒരുമിച്ചായിരുന്നു. പരസ്പരം ഇണങ്ങിയും പിണങ്ങിയും ഒരുമിച്ച് ജീവിക്കുന്നതിനിടയിൽ അരീക്കോടിന്റെ മണ്ണിലലിഞ്ഞ കാൽപ്പന്ത് കളിയെ ഇരുവരും അവരറിയാതെ സ്വായത്തമാക്കിയരുന്നു.

To advertise here,

കളിയിൽ സമർഥരായ ഇരുവരേയും ഒരേ ടീമിൽ കളിക്കാൻ കൂട്ടുകാർ സമ്മതിക്കുമായിരുന്നില്ല. കളിക്കളത്തിൽ പരസ്പരം ഏറ്റുമുട്ടിയായിരുന്നു ഇരുവരും കാൽപ്പന്ത് കളിയുടെ ബാലപാഠം പഠിച്ചെടുത്തത്.

ഇരുവരും പരസ്പരം പന്തുതട്ടി കുതിക്കുന്ന കാഴ്ച ആവേശകരവും കൗതുകംനിറഞ്ഞതുമായിരുന്നൂവെന്ന് കൂട്ടുകാർ പറയുന്നു. കോളേജ് വിദ്യാഭ്യാസകാലത്ത് ഇരുവരും മമ്പാട് എം.ഇ.എസ്. കോളേജ് ടീമിനും ഒപ്പംതന്നെ അരീക്കോട് ടൗൺ ടീമിനുവേണ്ടിയും ഒരുമിച്ച് ബൂട്ടണിഞ്ഞു.

കളിയിൽ ഒരുപടി മുൻപിൽനിന്ന അസീം പല സംസ്ഥാനങ്ങളിലായി നിരവധി പ്രഗല്‌ഭ ടീമുകൾക്കുവേണ്ടി ജഴ്സിയണിഞ്ഞു. ഇന്ത്യൻ ബാങ്ക്, വാസ്കോ ഗോവ, സാൽഗോക്കർ ഗോവ, മുംബൈ എഫ്.സി., മഹിന്ദ്ര യുണൈറ്റഡ്, ഈസ്റ്റ്‌ ബംഗാൾ തുടങ്ങി വിവിധ ടീമുകൾക്ക് വേണ്ടി കളിക്കാൻ അസീമിന് ഭാഗ്യം ലഭിച്ചു.

സന്തോഷ്‌ ട്രോഫിയിൽ തമിഴ്‌നാടിനുവേണ്ടിയും മഹാരാഷ്ട്രയ്ക്കുവേണ്ടിയും കളിച്ച അസീം കേരള ടീമിനുവേണ്ടി അണ്ടർ 21 കളിച്ചു. ഐ-ലീഗ്, ഫെഡറേഷൻ കപ്പ്, ഡ്യൂറന്റ് കപ്പ്, ഐ.എഫ്.എ. ഷീൽഡ് കപ്പ് തുടങ്ങി ഇന്ത്യയിലെ ഒട്ടുമിക്ക പ്രഗല്‌ഭ ക്ലബ്‌ ടൂർണമെന്റുകളിൽ അസീം തന്റെ പ്രാഗല്‌ഭ്യം തെളിയിച്ചിട്ടുണ്ട്.

അതേസമയം കളിച്ചുവളരുന്നതിനെക്കാൾ മറ്റുള്ളവരെ കളിപ്പിച്ച് വളർത്തിയെടുക്കാനാണ് അനീസ് ശ്രദ്ധിച്ചത്. ഈ ലക്ഷ്യത്തോടെ ഫുട്ബോൾ പരിശീലകനായി മാറിയ അനീസിന്റെ സേവനം മുത്തൂറ്റ് ഫുട്ബോൾ അക്കാദമി അടക്കം പലരും ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

ഇരുവരും കളിച്ചും കളിപ്പിച്ചും മുന്നേറുന്നതിനിടയിൽ ജീവിതം പച്ചപിടിപ്പിക്കാനുള്ള നെട്ടോട്ടത്തിൽ അസീം കേന്ദ്ര സർക്കാരിനുകീഴിലെ കസ്റ്റംസ് വിഭാഗത്തിലും അനീസ് സംസ്ഥാനസർക്കാരിന് കീഴിലെ കെ.എസ്.ഇ.ബി.യിലുമാണ് ജോലിനേടിയെടുത്തത്. ജീവിതക്കളത്തിൽ അനീസിനെ തനിച്ചാക്കി അസീം ഒറ്റയ്ക്ക് യാത്രയായി. പ്രിയങ്കാഗാന്ധി എം.പി., കായികമന്ത്രി ഒ.ജെ. ജനീഷ് എന്നിവർക്കുവേണ്ടി നേതാക്കൾ റീത്ത് സമർപ്പിച്ചു.