
സുന്ദരമായ ആ മുഖത്ത് എപ്പോഴും ഒരു പുഞ്ചിരിയുണ്ടാവും. മുന്നിലെത്തുന്നവർക്കുള്ള ആദ്യ സ്നേഹസമ്മാനം. വാക്കുകളിൽ നന്മയുടെ നനവ്. പ്രവൃത്തികളിൽ കരുണയുടെയും കരുതലിന്റെയും തൂവൽസ്പർശം. കേരളത്തിലെ 17 ലക്ഷം ലത്തീൻ കത്തോലിക്കരുടെ ആത്മീയാധ്യക്ഷൻ. 12 രൂപതകളും 13 മെത്രാന്മാരുമുള്ള, അനേകം സ്ഥാപനങ്ങളുള്ള ലത്തീൻസഭയുടെ ആഡംബരമൊന്നുമില്ല. ലാളിത്യത്തിന്റെ ഇടയനാണ് ഇപ്പോൾ ആർച്ച് ബിഷപ്പായി നിയോഗിക്കപ്പെട്ട ഡോ. വർഗീസ് ചക്കാലക്കൽ. ദൈവം തനിക്കുനൽകിയ അളവറ്റ സ്നേഹം അനേകർക്കായി പങ്കിടുമെന്ന് പുതിയ ഇടയൻ പറഞ്ഞു.
ജനങ്ങളെ സ്നേഹിക്കുന്ന, അവരിൽനിന്ന് നാലിരട്ടിയായി ആ സ്നേഹം തിരിച്ചുവാങ്ങിയ നല്ലിടയനാണ് അങ്ങ്. എന്താണ് ഇങ്ങനെയൊരു സമീപനം ജീവിതത്തിൽ സ്വീകരിക്കാൻ കാരണം
അസീസിയയിലെ വിശുദ്ധ ഫ്രാൻസിസിന്റെ ആഴമേറിയ സ്വാധീനം. ഞാൻ നേരിട്ടനുഭവിച്ചിട്ടുള്ള മൂന്നു മാർപാപ്പമാരുടെ സ്നേഹം എന്നും മനസ്സുനിറയെ കാത്തുസൂക്ഷിച്ചു. മാർഗദീപംപോലെ അഗതികളുടെ അമ്മ മദർ തെരേസ നൽകിയ ഉപദേശങ്ങൾ. എന്റെ മുൻഗാമി പത്രോണി പിതാവും തൃശ്ശൂർ ബിഷപ്പായിരുന്ന മാർ ജോസഫ് കുണ്ടുകുളവുമൊക്കെ വ്യക്തിജീവിതത്തിൽ ആഴത്തിൽ സ്വാധീനംചെലുത്തിയിരുന്നു. സ്നേഹത്തിന്റെ നാഗരികതയാണ് നമുക്കുണ്ടാവേണ്ടത്.
ബിഷപ്പുമാർ അവകാശപ്രഖ്യാപനങ്ങളുമായി തെരുവിലിറങ്ങുന്ന കാലമാണിത്. അക്കൂട്ടത്തിൽ ചക്കാലക്കൽ പിതാവിനെ കാണാറില്ലല്ലോ...
സർക്കാരിനോട് പറയാനുള്ളത് പറയണം. പക്ഷേ, അത് മറ്റുള്ളവരെ വേദനിപ്പിക്കുന്ന ശൈലിയിലാവരുത്. ആരേയും താഴ്ത്തിക്കെട്ടുന്ന തരത്തിലുമാവരുത്. ഭരണാധികാരികളെ പ്രോത്സാഹിപ്പിക്കേണ്ടിടത്ത് മറക്കരുത്. തിരുത്തേണ്ടിടത്ത് ശ്രമിക്കുകയും വേണം. കാര്യങ്ങൾ പഠിച്ചിട്ടുവേണം പ്രതിഷേധിക്കാൻ. ചർച്ചകളും അഭിപ്രായസമന്വയവുമാണ് നല്ലത്. പക്ഷേ, നിർഭാഗ്യവശാൽ ഇന്ന് വിമർശനം കൂടിക്കൂടി വരുന്നു.
അതിരൂപതാധ്യക്ഷൻ എന്ന വലിയ ഉത്തരവാദിത്വം ഏറ്റെടുക്കുമ്പോൾ ആഗ്രഹിക്കുന്ന കർമപരിപാടികൾ എന്തൊക്കെയാണ് ?
വൈദികരുമായി ആലോചിച്ച് അതേക്കുറിച്ചെല്ലാം തീരുമാനമെടുക്കും. സാമ്പത്തികക്ലേശമുള്ളവർക്ക് തൊഴിൽനൈപുണിപരിശീലനം നൽകണം. കോഴിക്കോട് മേരിക്കുന്നിൽ ഒരു വലിയ കാരുണ്യഗ്രാമം ഒരുങ്ങണം. എല്ലാവരാലും തള്ളപ്പെട്ടവർക്ക് അവിടം അഭയമാവണം. സഭയിലെ തീർഥാടനകേന്ദ്രങ്ങൾ ആത്മീയസംഗമകേന്ദ്രങ്ങളാവണം. വീടില്ലാത്തവർക്ക് വീട് നൽകണം. പാവപ്പെട്ട വിദ്യാർഥികൾക്ക് പഠനാവസരം ഒരുക്കണം. ഇതിനൊന്നും മതപരമായ നിബന്ധനകളോ വേലിക്കെട്ടുകളോ ഉണ്ടാവരുത്.
മുനമ്പം പ്രശ്നപരിഹാരമടക്കമുള്ള വിഷയങ്ങൾ പുതിയ ആർച്ച് ബിഷപ്പിനെ കാത്തിരിക്കുന്നുണ്ട്...
ആ പ്രശ്നം പരിഹരിക്കാൻ ആത്മാർഥമായ ശ്രമങ്ങളുണ്ടാവും. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയവരുമായി മുൻപ് ചർച്ചനടത്തിയിരുന്നു. കളത്തിപ്പറമ്പിൽ പിതാവും ഞാനും ചർച്ചയിൽ പങ്കെടുത്തു. രമ്യമായ പരിഹാരമുണ്ടാവുമെന്ന് പ്രതീക്ഷയുണ്ട്.
ആശംസയറിയിക്കാനെത്തിയ മുഖ്യമന്ത്രിയോട് രാഷ്ട്രീയം സംസാരിച്ചോ? സഭയുടെ ആവശ്യങ്ങൾ ഉന്നയിച്ചോ?
രാഷ്ട്രീയമൊന്നും സംസാരിച്ചില്ല. സഭയുടെ ആവശ്യങ്ങളും ഉന്നയിച്ചില്ല. അതിനൊക്കെ പിന്നീട് അവസരമുണ്ടല്ലോ. ഇപ്പോഴത്തേത് ഒരു സൗഹൃദസന്ദർശനം മാത്രമായിരുന്നല്ലോ.
ആർച്ച് ബിഷപ്പാവുമെന്ന് മുൻപേ അറിഞ്ഞിരുന്നോ?
ഒരാഴ്ചമുൻപ് സൂചനകിട്ടി. പക്ഷേ, അക്കാര്യം ആരോടും പറയരുതെന്ന് കർശനനിർദേശമുണ്ടായിരുന്നു. ഷിക്കാഗോയിൽ ധ്യാനം കൊടുക്കുമ്പോഴാണ് അറിഞ്ഞത്. ഡൽഹിയിലെ അപ്പോസ്തലിക് ന്യൂൺഷ്യോ ആണ് സൂചിപ്പിച്ചത്.
ഇതരസമുദായങ്ങളിലും സഭകളിലും ആരോടൊക്കെയാണ് അടുപ്പം?
എല്ലാവരോടും അടുപ്പമാണ്. മാർ ക്ലീമീസ് കാതോലിക്കബാവ, കർദിനാൾ മാർ ജോർജ് ആലഞ്ചേരി, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, ഡോ. ഹുസൈൻ മടവൂർ എന്നിവരോടൊക്കെ വളരെ അടുത്ത ബന്ധമുണ്ട്. സാദിഖലി തങ്ങൾ എല്ലാ ക്രിസ്മസിനും ഇവിടെയെത്തി എനിക്ക് ക്രിസ്മസ് സമ്മാനം നൽകാറുണ്ട്.
ഇഷ്ടഭക്ഷണം?
നാടൻ ഭക്ഷണമാണ് ഏറ്റവും ഇഷ്ടം. കഞ്ഞിയും കപ്പയും ചേനയും ചേമ്പുമൊക്കെ ഇഷ്ടമാണ്.
ഹോബി
വായന ഇഷ്ടമാണ്. പത്രമാസികകൾമുതൽ സാഹിത്യകൃതികൾവരെ വായിക്കാറുണ്ട്. എം. മുകുന്ദന്റെ കഥകൾ വളരെ ഇഷ്ടമാണ്.
അതിർവരമ്പുകളില്ലാതെ എല്ലാവരുടെയും സ്നേഹം കിട്ടുന്നു. അതിന്റെ രഹസ്യം
അതാണ് മാറ്റൊലിയുടെ നിയമം. ലോ ഓഫ് എക്കോ. നീ നല്ലവനാണ് എന്നുപറയുക. അതിന്റെ മുഴക്കം നാം കേൾക്കുന്നതും അങ്ങനെയായിരിക്കും-നിഷ്കളങ്കസ്‌നേഹം എല്ലാവർക്കും നൽകുക. അത് തിരിച്ചുകിട്ടുകതന്നെ ചെയ്യും. 14 വർഷം ഞാൻ കണ്ണൂർ രൂപതാമെത്രാനായിരുന്നു. മുഖ്യമന്ത്രി പിണറായിയും കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരനും മറ്റും കണ്ണൂർക്കാലം മുതൽ അടുത്ത മിത്രങ്ങളായിരുന്നു. സ്നേഹത്തിന് രാഷ്ട്രീയഭേദം പാടില്ലെന്നാണ് എന്റെ പ്രമാണം.
ആർച്ച് ബിഷപ്പിനെ സങ്കടപ്പെടുത്തുന്നതെന്ത്?
പുതിയതലമുറ മയക്കുമരുന്നുകൾക്ക് അടിമപ്പെടുന്നല്ലോ എന്നത് മനസ്സിലെ ഉണങ്ങാത്ത മുറിവാണ്. കോഴിക്കോട് രൂപതയ്ക്ക് 60 പള്ളികളും നൂറിലേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളുമുണ്ട്. അവിടെയെല്ലാം ലഹരിവിരുദ്ധ ബോധവത്കരണം ശക്തമാക്കിയിട്ടുണ്ട്. നാമെല്ലാവരും ചേർന്ന് മയക്കുമരുന്നെന്ന വിപത്തിനെ നേരിടണം.
Content Highlights: Archbishop Varghese Chakkalakal: A New Era of Compassion
Published: 13 Apr 2025, 09:47 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented