തൊടുപുഴ (ഇടുക്കി): പാതിവില തട്ടിപ്പുകേസിലെ പ്രതി അനന്തുകൃഷ്ണന്‍ രണ്ടരലക്ഷം രൂപ സി.പി.എം. ഇടുക്കി ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ടിലേക്ക് സംഭാവന ചെയ്തുവെന്ന് ജില്ലാസെക്രട്ടറി സി.വി. വര്‍ഗീസ്. പാര്‍ട്ടിഫണ്ട് സമാഹരണത്തിനായി മൂലമറ്റം ഏരിയാ കമ്മിറ്റി സമീപിച്ചതിനെത്തുടര്‍ന്നാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
''കൃത്യമായി അക്കൗണ്ട് കൈകാര്യംചെയ്യുന്ന പാര്‍ട്ടിയാണ് ഞങ്ങളുടേത്. പാര്‍ട്ടിനേതൃത്വം എവിടെയെങ്കിലും പോയി പണം പിരിക്കുന്ന രീതിയില്ല. അതത് പ്രദേശത്തെ പാര്‍ട്ടി കമ്മിറ്റികള്‍ക്കാണ് അതിന്റെ ചുമതല. അതുപ്രകാരം മൂലമറ്റം ഏരിയാ കമ്മിറ്റിക്കാര്‍ അനന്തുകൃഷ്ണനെ സമീപിച്ചു. തുടര്‍ന്ന് ഇയാള്‍, അക്കൗണ്ടില്‍നിന്ന് ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ടിലേക്ക് പണം ഇട്ടു. ഏറെനാള്‍ മുന്‍പാണ് ഈ സംഭവം. അന്ന് ഇയാള്‍ തട്ടിപ്പുകാരനാണെന്ന് അറിയില്ലായിരുന്നു''.
അനന്തുകൃഷ്ണന്‍ സംഘടിപ്പിച്ച ഒരുപരിപാടിയില്‍ പങ്കെടുത്തിട്ടുമുണ്ട്. പദ്ധതിയെക്കുറിച്ച് അന്നേ സംശയം പ്രകടിപ്പിച്ചിരുന്നു. തനിക്ക് സ്വന്തം അക്കൗണ്ടില്ല. ആരോടും സ്വകാര്യ പണമിടപാട് നടത്താറില്ല. തന്റെ അക്കൗണ്ടിലേക്ക് 25 ലക്ഷം രൂപ വന്നുവെന്ന ആരോപണം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
കണക്കുകളിലെ അന്തരം പരിശോധിച്ച് പോലീസ്, മൂവാറ്റുപുഴയിൽ മാത്രം 9.147 കോടി
മൂവാറ്റുപുഴ: പാതിവില തട്ടിപ്പ് കേസിൽ പണം കൈമാറിയ സീഡ് സൊസൈറ്റികളുടെയും പണമെത്തിയ അനന്തുകൃഷ്ണന്റെ സ്ഥാപനത്തിലെയും കണക്കുകൾ തമ്മിലുള്ള അന്തരം പരിശോധിച്ച് പോലീസ്. കണക്കുകളിൽ ക്രമക്കേടുകൾ പോലീസ് പരിശോധിച്ചുവരുകയാണ്.
അനന്തുകൃഷ്ണന്റെ അറസ്റ്റിലേക്ക് നയിച്ച പരാതി നൽകിയ മൂവാറ്റുപുഴ സീഡ് സൊസൈറ്റിയിൽനിന്ന് ഇയാളുടെ കമ്പനികളുമായി നടത്തിയ സാമ്പത്തിക ക്രയവിക്രയങ്ങളുടെ വിശദമായ കണക്കുകൾ ശേഖരിച്ചിട്ടുണ്ട്. അനന്തുകൃഷ്ണന്റെ ജീവനക്കാരെ ഒരുമിച്ചും അല്ലാതെയും രണ്ട് ദിവസം പോലീസ് ചോദ്യംചെയ്തു. കേസന്വേഷിക്കുന്ന മൂവാറ്റുപുഴ പോലീസ് ഇൻസ്പെക്ടർ ബേസിൽ തോമസിന്റെ നേതൃത്വത്തിലാണ് ചോദ്യംചെയ്യലും തെളിവെടുപ്പും.
കണക്കുകൾ കൃത്യതപ്പെടുത്തുന്നതിന്റെ ഭാഗമായി അനന്തുകൃഷ്ണന്റെ സ്ഥാപനങ്ങളിലെ അക്കൗണ്ടന്റുമാർ അടക്കമുള്ള ജീവനക്കാരെ സീഡ് സൊസൈറ്റി ഭാരവാഹികൾക്കൊപ്പമിരുത്തി പോലീസ് സാന്നിധ്യത്തിൽ രേഖകൾ പരിശോധിച്ചു. ബാങ്കുകളിലൂടെ മാത്രം ക്രയവിക്രയം നടത്തിയതിനാൽ എത്ര പണം നൽകിയെന്ന് കണ്ടെത്തുക ബുദ്ധിമുട്ടാവില്ല.
അപേക്ഷകരുടെ പേരുകൾ കൃത്യമായി പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടോയെന്നും ഇവർക്ക് എന്താണ് ഓഫർ എന്ന് രേഖപ്പെടുത്തിയിട്ടുണ്ടോയെന്നും പരിശോധിച്ചു. മൂവാറ്റുപുഴ സീഡ് സൊസൈറ്റിയുടെ പരിധിയിൽ മാത്രം 9.147 കോടിയാണ് അപേക്ഷകരിൽ നിന്ന് പിരിച്ചെടുത്തതിൽ കൊടുക്കാനുള്ളത്. 1337 ഇരുചക്രവാഹനങ്ങൾ, 127 തയ്യൽ മെഷീൻ, 60 ലാപ്‌ടോപ്പ്, 216 ഗൃഹോപകരണങ്ങൾ എന്നിവ കൊടുക്കാനുണ്ട്. വീട് വാഗ്ദാനം നൽകി 50,000 രൂപയും ആയവനയിൽ 9 പേർക്ക് കാർഷിക സഹായം നൽകാമെന്ന് വാഗ്ദാനം ചെയ്ത് 9 പേരിൽ നിന്ന് 1800 രൂപ വീതവും സമാഹരിച്ചിട്ടുണ്ട്.
1420 പേരിൽ 83 പേർക്ക് മാത്രമാണ് വാഹനം കിട്ടിയത്. അനന്തുകൃഷ്ണന്റെ പോലീസ് കസ്റ്റഡി തിങ്കളാഴ്ച അവസാനിക്കും.
Content Highlights: ananthu krishnan donated 2.5 lakh to account of idukki cpm says cv varghese
Published: 10 Feb 2025, 07:37 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented