ആലുവ: പ്രസിദ്ധമായ ആലുവ ശിവരാത്രിക്ക് പെരിയാറിന്റെ തീരത്തെ മണപ്പുറം ഒരുങ്ങി. ബുധനാഴ്ച വൈകീട്ടോടെ മണപ്പുറത്തെ തിരക്ക് ആരംഭിക്കും. ശിവപഞ്ചാക്ഷരി മന്ത്രം ചൊല്ലി മണപ്പുറത്ത് കാത്തിരിക്കുന്ന വിശ്വാസികള്‍ അര്‍ധരാത്രിക്കുശേഷം ബലിയിടാനായി തീരത്തെത്തും. കുംഭമാസത്തിലെ അമാവാസി നാളായ വ്യാഴാഴ്ച വരെ ബലിതര്‍പ്പണം തുടരാം.

To advertise here,

വ്യാഴാഴ്ച രാവിലെ 8.30 മുതലാണ് അമാവാസി തര്‍പ്പണം ആരംഭിക്കുന്നത്. കാളകൂട വിഷം പാനം ചെയ്ത ശിവന് ആപത്തുണ്ടാകാതിരിക്കാന്‍ പാര്‍വതിയും ഭൂതഗണങ്ങളും ഉറക്കമൊഴിച്ച് സ്തുതികള്‍ ചൊല്ലിയ രാത്രിയാണ് ശിവരാത്രിയായതെന്നാണ് ഐതിഹ്യം. ഇതിന്റെ ചുവടുപിടിച്ച് ശിവരാത്രി നാളില്‍ ഉറക്കമൊഴിച്ച് ശിവപഞ്ചാക്ഷരി മന്ത്രം ചൊല്ലി വിശാലമായ മണപ്പുറത്ത് ഒത്തുകൂടിയാണ് ബലിതര്‍പ്പണം നടത്തുന്നത്.

116 ബലിത്തറകള്‍

പിതൃതര്‍പ്പണത്തിനായി 116 ബലിത്തറകളാണ് മണപ്പുറത്ത് ഒരുക്കിയിരിക്കുന്നത്. ബലിതര്‍പ്പണത്തിന് 75 രൂപയാണ് നിരക്ക്. ബുധനാഴ്ച പിതൃതര്‍പ്പണത്തിനായി എത്തുന്നവര്‍ക്ക് സൗജന്യ ലഘുഭക്ഷണവും ചുക്കുവെള്ളവും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഒരുക്കിയിട്ടുണ്ട്. ശിവരാത്രി നാളില്‍ മണപ്പുറം മഹാദേവ ക്ഷേത്രത്തിലെ ചടങ്ങുകള്‍ക്ക് തന്ത്രി മുല്ലേപ്പിള്ളി ശങ്കരന്‍ നമ്പൂതിരി നേതൃത്വം നല്‍കും.

ലക്ഷാര്‍ച്ചനയോടെയാണ് ക്ഷേത്രചടങ്ങുകള്‍ ആരംഭിക്കുക. ക്ഷേത്രത്തിലെ അര്‍ധരാത്രിയിലെ ശിവരാത്രി വിളക്കിനുശേഷം ഔദ്യോഗികമായി ബലിതര്‍പ്പണം ആരംഭിക്കും. ദേവസ്വം ബോര്‍ഡിന്റേതായി 31 വ്യാപാര സ്റ്റാളുകള്‍ മണപ്പുറത്തുണ്ടാകും.

ഇന്‍ഷുറന്‍സ് പരിരക്ഷ

ശിവരാത്രി നാളില്‍ മണപ്പുറത്തെത്തുന്നവര്‍ക്ക് രണ്ട് കോടിയുടെ ഗ്രൂപ്പ് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. 1500 പോലീസ് ഉദ്യോഗസ്ഥരെ ശിവരാത്രി സുരക്ഷയ്ക്കായി വിന്യസിക്കുമെന്ന് റൂറല്‍ എസ്.പി. ഡോ. വൈഭവ് സക്‌സേന അറിയിച്ചു. അന്ധിരക്ഷാ സേന, നേവി, മുങ്ങല്‍ വിദഗ്ധര്‍ എന്നിവരുടെ സേവനവും ഉണ്ടാകും. മണപ്പുറത്ത് കുടിവെള്ള വിതരണത്തിനായി വിവിധയിടങ്ങളില്‍ കൂറ്റന്‍ ജലസംഭരണി സ്ഥാപിച്ചിട്ടുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആലുവയിലെ വിവിധ ബ്രാഞ്ചുകളുടെ നേതൃത്വത്തില്‍ സൗജന്യ ചുപ്പുകാപ്പി വിതരണം ഉണ്ടാകും. 250 കെ.എസ്.ആര്‍.ടി.സി. ബസുകള്‍ മണപ്പുറത്തേക്ക് പ്രത്യേകം സര്‍വീസ് നടത്തും. മണപ്പുറത്ത് കെ.എസ്.ആര്‍.ടി.സി.ക്കായി പ്രത്യേകം സ്റ്റാന്‍ഡ് ഉണ്ടാകും. റെയില്‍വേ ആലുവയിലേക്ക് പ്രത്യേക തീവണ്ടി ഓടിക്കും. കൊച്ചി മെട്രോയും അധിക സമയം സര്‍വീസ് നടത്തും. സേവാഭാരതിയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ എയ്ഡ്, കുടിവെള്ള-ചുക്കുകാപ്പി വിതരണം എന്നിവയുണ്ടാകും.

പുഴയ്ക്ക് അക്കരെ ശ്രീനാരായണ ഗുരു സ്ഥാപിച്ച ആലുവ അദ്വൈതാശ്രമത്തിലും ബലിതര്‍പ്പണം നടക്കും. ഒരേസമയം രണ്ടായിരത്തോളം പേര്‍ക്ക് ഇവിടെ ബലിതര്‍പ്പണം നടത്താമെന്ന് ആശ്രമം സെക്രട്ടറി സ്വാമി ധര്‍മചൈതന്യ പറഞ്ഞു. ബുധനാഴ്ച വൈകീട്ട് അഞ്ചുമണിക്ക് നടക്കുന്ന 102-ാമത് സര്‍വമത സമ്മേളനം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. 7.30-ന് നടക്കുന്ന സര്‍വമത സമ്മേളനം ശതാബ്ദിയാഘോഷ സമാപന സമ്മേളനം മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ.ആര്‍. ശ്രീറാം ഉദ്ഘാടനം ചെയ്യും.

പെരിയാറില്‍ ജലനിരപ്പ് കുറവ്: ഡാം തുറക്കാന്‍ ആവശ്യപ്പെട്ട് എം.എല്‍.എ.

ആലുവ: ഭൂതത്താന്‍കെട്ട് അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി പെരിയാറിലെ ജലനിരപ്പ് കൂട്ടണമെന്ന് ജില്ലാ കളക്ടറോട് ആവശ്യപ്പെട്ട് അന്‍വര്‍ സാദത്ത് എം.എല്‍.എ.

ആലുവ മണപ്പുറത്ത് അവസാനഘട്ട ഒരുക്കങ്ങള്‍ വിലയിരുത്താന്‍ എത്തിയതായിരുന്നു എം.എല്‍.എ. നിരവധിയാളുകള്‍ ബലിതര്‍പ്പണത്തിനെത്തുന്ന പെരിയാറില്‍, ജലനിരപ്പ് കുറവാണെന്ന് ശ്രദ്ധയില്‍പ്പെട്ടു. അതിനാല്‍ മാലിന്യം അടിഞ്ഞുകിടക്കുകയാണെന്നും കണ്ടെത്തി.

ഇതോടെയാണ് ജലനിരപ്പ് ഉയര്‍ത്താന്‍ ആവശ്യപ്പെട്ടത്. വേണ്ട നടപടികള്‍ സ്വീകരിക്കാമെന്ന് കളക്ടര്‍ ഉറപ്പ് നല്‍കിയതായി എം.എല്‍.എ. അറിയിച്ചു.

ആലുവ നഗരസഭാ ചെയര്‍മാന്‍ എം.ഒ. ജോണ്‍, വൈസ് ചെയര്‍പേഴ്സണ്‍ സൈജി ജോളി, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. പി.എസ്. പ്രശാന്ത്, ആലുവ റൂറല്‍ എസ്.പി. ഡോ. വൈഭവ് സക്‌സേന, ദേവസ്വം ഡെപ്യൂട്ടി കമ്മിഷണര്‍ ശ്രീലത, ദേവസ്വം വിജിലന്‍സ് എസ്.പി. വി. സുനില്‍കുമാര്‍, നഗരസഭാ സ്ഥിരം സമിതി അധ്യക്ഷരായ ലത്തീഫ് പൂഴിത്തറ, ഫാസില്‍ ഹുസൈന്‍, എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.

ശുചീകരണവുമായി എന്‍.സി.സി.

ആലുവ: ശിവരാത്രി ആഘോഷങ്ങള്‍ക്ക് തയ്യാറെടുക്കുന്ന ആലുവ മണപ്പുറത്ത് എന്‍.സി.സി. 22-കെ. ബെറ്റാലിയന്റെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. എടത്തല അല്‍അമീന്‍ കോളേജ്, കളമശ്ശേരി സെയ്ന്റ് പോള്‍സ് കോളേജ്, ആലുവ യു.സി. കോളേജ് എന്നിവിടങ്ങളില്‍നിന്നായി 80 എന്‍.സി.സി. കേഡറ്റുകളുടെ നേതൃത്വത്തിലായിരുന്നു ശുചീകരണം. ആലുവ നഗരസഭാ ചെയര്‍മാന്‍ എം.ഒ. ജോണ്‍ ഉദ്ഘാടനം ചെയ്തു. എന്‍.സി.സി. ഓഫീസര്‍മാരായ മേജര്‍ കെ.എസ്. നാരായണന്‍, ക്യാപ്റ്റന്‍ ഡോ. ഡിനോ വര്‍ഗീസ്, ക്യാപ്റ്റന്‍ ഡോ. വരുണ്‍ വര്‍ഗീസ്, നഗരസഭാ കൗണ്‍സിലര്‍ എം.പി. സൈമണ്‍ എന്നിവര്‍ സംസാരിച്ചു