ഷാനവാസിന് അനുകൂലമായി പോലീസ് റിപ്പോര്‍ട്ട്; കരുനാഗപ്പള്ളി ലഹരിക്കടത്ത് കേസ് അട്ടിമറിയിലേക്ക്


കരുനാഗപ്പള്ളിയിൽ രജിസ്റ്റർചെയ്ത കേസിൽ ഷാനവാസിനെയും വാഹനം വാടകയ്ക്കെടുത്ത ജയനെയും പ്രതികളാക്കിയിട്ടില്ലെന്നു കൊല്ലം എ.സി.പി. പ്രദീപും അറിയിച്ചു

ഷാനവാസ്‌ | Photo: Screengrab, Mathrubhumi

ആലപ്പുഴ: സി.പി.എം. നേതാക്കളുൾപ്പെട്ട നിരോധിത പുകയിലയുത്പന്നക്കടത്തു കേസ് അട്ടിമറിക്കപ്പെടുമെന്നുറപ്പായി. കോടിയിലധികം രൂപയുടെ ഉത്പന്നങ്ങൾ കടത്തിയ ലോറിയുടെ ഉടമയും നഗരസഭാ സ്ഥിരംസമിതി അധ്യക്ഷനുമായ എ. ഷാനവാസിന് അനുകൂലമായാണു സ്പെഷ്യൽ ബ്രാഞ്ച് ജില്ലാ പോലീസ് മേധാവിക്കു റിപ്പോർട്ടു നൽകിയിരിക്കുന്നത്.

കരുനാഗപ്പള്ളിയിൽ രജിസ്റ്റർചെയ്ത കേസിൽ ഷാനവാസിനെയും വാഹനം വാടകയ്ക്കെടുത്ത ജയനെയും പ്രതികളാക്കിയിട്ടില്ലെന്നു കൊല്ലം എ.സി.പി. പ്രദീപും അറിയിച്ചു.

ഷാനവാസ് സ്വകാര്യ കേബിൾ കമ്പനി കരാറുകാരനെന്ന നിലയിൽ നല്ല വരുമാനമുള്ളയാളാണ്. അനധികൃതമായി സമ്പാദ്യമുണ്ടാക്കിയതായി വിവരമില്ല. ലഹരിവസ്തുക്കേസുകളിൽ ഇടപെടുന്നതായും അറിവില്ല. ഇക്കാര്യങ്ങളാണ് ആലപ്പുഴ സ്പെഷ്യൽബ്രാഞ്ച് ഡിവൈ.എസ്.പി. നൽകിയിരിക്കുന്ന റിപ്പോർട്ടിലുള്ളത്.

കേസിൽ ഷാനവാസിന്റെ വാഹനം വാടകയ്ക്കെടുത്ത ജയനെ ഇതുവരെ കണ്ടെത്താനായില്ലെന്നു കരുനാഗപ്പള്ളി പോലീസ് പറയുന്നു. ജയനെത്തേടി ഇടുക്കിയിലെ വീട്ടിലന്വേഷണം നടത്തിയെന്നും അവർ വ്യക്തമാക്കുന്നു. ചാനൽചർച്ചകളിൽവരെ പങ്കെടുത്ത ജയൻ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു.

ലഹരിക്കെതിരേ സർക്കാർ വൻപ്രചാരണം നടത്തുമ്പോഴാണ് കോടിയിലധികം രൂപയുടെ നിരോധിത പുകയിലയുത്പന്നങ്ങൾ പിടിച്ച കരുനാഗപ്പള്ളിയിലെ കേസ് അട്ടിമറിക്കപ്പെടുന്നത്.

പ്രതികൾക്കു മുമ്പും സമാനസ്വഭാവമുള്ള കേസുമായി ബന്ധമുണ്ടായിരുന്നെന്ന് ആരോപണമുയർന്നിട്ടുണ്ട്. ആലപ്പുഴ കേന്ദ്രീകരിച്ചാണു പ്രവർത്തിക്കുന്നതെന്നറിഞ്ഞിട്ടും റെയ്ഡുപോലും നടത്തിയില്ലെന്നുമാണു മറ്റൊരു പരാതി. വാഹനം ഷാനവാസിന്റെതാണെന്നു പറയാൻ പോലും ആദ്യം കരുനാഗപ്പള്ളി പോലീസ് മടിച്ചിരുന്നു. കേസിൽ രാഷ്ട്രീയസമ്മർദത്തിനു വഴങ്ങിയാണു പോലീസ് പ്രവർത്തനമെന്ന്‌ ആക്ഷേപമുയർന്നിട്ടുണ്ട്.

സി.പി.എം. ബ്രാഞ്ചംഗത്തെ പുറത്താക്കി; ഡി.വൈ.എഫ്.ഐ. നേതാവിനു സസ്പെൻഷൻ

ആലപ്പുഴ: നിരോധിത പുകയിലയുത്പന്നങ്ങൾ കടത്തിയ കേസിലുൾപ്പെട്ട സി.പി.എം. അംഗത്തെ പാർട്ടിയിൽനിന്നു പുറത്താക്കി. പാർട്ടി അംഗത്വം പുതുക്കലുമായി ബന്ധപ്പെട്ട പരിശോധനയിലാണു നടപടി. ആലപ്പുഴ സൗത്ത് ഏരിയ കമ്മിറ്റിക്ക് കീഴിലുള്ള വലിയമരം പടിഞ്ഞാറ് ബ്രാഞ്ച് കമ്മിറ്റിയംഗം ആർ. വിജയകൃഷ്ണനെയാണു പുറത്താക്കിയത്. ഡി.വൈ.എഫ്.ഐ. മേഖലാ സെക്രട്ടറി മുഹമ്മദ് സിനാഫിനെ സംഘടനയിൽനിന്നു സസ്പെൻഡുചെയ്തു. ഇദ്ദേഹത്തെ ഗ്രൂപ്പ് ഘടകത്തിൽനിന്നു പാർട്ടിയംഗത്വം നൽകുന്നതിനു പരിഗണിക്കേണ്ടെന്നും ആലിശ്ശേരി ലോക്കൽ കമ്മിറ്റി നേതൃത്വം തീരുമാനിച്ചു.

കഴിഞ്ഞവർഷം ഓഗസ്റ്റ് 24-ന് ആലപ്പുഴയിൽ 55 ലക്ഷം രൂപയുടെ പുകയിലയുത്പന്നങ്ങൾ പിടിച്ച കേസിൽ സീവ്യൂ പടിഞ്ഞാറ് ബ്രാഞ്ചംഗം ഇജാസിനെ എക്സൈസ് അറസ്റ്റുചെയ്തിരുന്നു. അന്നു കേസ് ആലപ്പുഴ സൗത്ത് പോലീസിന് എക്സൈസ് കൈമാറിയപ്പോൾ വിജയകൃഷ്ണനും പ്രതിയാണെന്നു കണ്ടെത്തി അറസ്റ്റുചെയ്തു. ഇജാസും വിജയകൃഷ്ണനുമാണ് പുകയിലയുത്പന്നങ്ങൾ വാങ്ങുന്നതിനു പ്രതികൾക്കു പണം കൈമാറിയതെന്നും കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് അന്നു പോലീസ് സംശയിച്ചയാളാണു സിനാഫ്. എന്നാൽ, പാർട്ടി നേതൃത്വത്തിന്റെ ഇടപെടലിനെ തുടർന്ന് കൂടുതൽ നടപടിയുണ്ടായില്ല.

ഈ മാസം എട്ടിനു കരുനാഗപ്പള്ളിയിൽ പോലീസ് കോടിയിലധികം രൂപയുടെ പുകയിലയുത്പന്നങ്ങൾ പിടിച്ചപ്പോഴും ഇജാസ് അറസ്റ്റിലായി. കേസ് മാധ്യമങ്ങളിലൂടെ വിവാദമായപ്പോൾ മാത്രമാണു പാർട്ടിയിൽനിന്ന്‌ ഇജാസിനെ പുറത്താക്കിയത്. പഴയകേസിലാണെങ്കിലും വിജയകൃഷ്ണനും സിനാഫിനുമെതിരേ നടപടിയുണ്ടായത് ഇപ്പോഴാണെന്നു മാത്രം.

എന്നാൽ, കേസിൽ പ്രതിയായതിനാൽ വിജയകൃഷ്ണനെയും പ്രതികൾക്കു ജാമ്യംനിന്നതിനാൽ സിനാഫിനെയും ഡി.വൈ.എഫ്.ഐ.യിൽനിന്നു പുറത്താക്കിയിരുന്നതായി ജില്ലാ സെക്രട്ടറി ആർ. രാഹുൽ അറിയിച്ചു.

കരുനാഗപ്പള്ളിയിൽ പിടികൂടിയ ലോറിയുടെ ഉടമയായ ആലപ്പുഴ നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും നോർത്ത് ഏരിയ കമ്മിറ്റിയംഗവുമായ എ. ഷാനവാസിനെ പാർട്ടി സസ്പെൻഡ് ചെയ്തിരുന്നു. വാഹനം കരാറിനു കൊടുത്തതല്ലാതെ തനിക്കതിൽ പങ്കില്ലെന്നാണു ഷാനവാസിന്റെ വാദം.

ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാൻ രണ്ടംഗ സമിതിയെ പാർട്ടി നിയോഗിച്ചിട്ടുണ്ട്. ഇവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും തുടർനടപടി. തനിക്കെതിരേ പാർട്ടിയിൽത്തന്നെയുള്ളവർ നീങ്ങുകയാണെന്നാരോപിച്ച് ഷാനവാസ് പൊളിറ്റ് ബ്യൂറോയ്ക്കുൾപ്പെടെ പരാതി നൽകിയിട്ടുണ്ട്. ഒരു ഏരിയ കമ്മിറ്റിയംഗം ഇ.ഡി.യ്ക്കു പരാതി നൽകിയതാണു മുഖ്യമായി ഇതിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

കുട്ടനാട്ടിൽ സി.പി.എം. അനുരഞ്ജനശ്രമം തുടങ്ങി; ജില്ലാ സെക്രട്ടേറിയറ്റംഗങ്ങൾ പരാതി കേൾക്കാനെത്തി

കുട്ടനാട്: പാർട്ടിക്കു തലവേദനയായി മാറിയ കുട്ടനാട്ടിലെ കൂട്ടരാജി വിഷയത്തിൽ സി.പി.എം. അനുരഞ്ജന ശ്രമം തുടങ്ങി. ജില്ലാ സെക്രട്ടറി ആർ. നാസറിന്റെ നേതൃത്വത്തിൽ ജില്ലാ സെക്രട്ടേറിയറ്റംഗങ്ങൾ പരാതി കേൾക്കാൻ നേരിട്ടെത്തി. കുട്ടനാട് ഏരിയ കമ്മിറ്റിക്കു കീഴിലെ വിവിധ കമ്മിറ്റികളിൽനിന്നു രാജിവെച്ചവരെ വിളിപ്പിക്കുകയായിരുന്നു.

ശനിയാഴ്ച രാവിലെ രാമങ്കരി ലോക്കൽ കമ്മിറ്റിയിൽ ജില്ലാ സെക്രട്ടറി ആർ. നാസർ പരാതിയറിയാൻ എത്തി. രാജി സമർപ്പിച്ച ഏരിയ കമ്മിറ്റിയംഗം എ.എസ്. അജിത് ഉൾപ്പെടെ 28 പേർ പങ്കെടുത്തു. ബാക്കിയുള്ളവർക്കു പരാതിയെഴുതി നൽകാനവസരം കൊടുക്കുമെന്നു നാസർ പറഞ്ഞു.

രാജിക്കത്തു നൽകിയ ഏരിയ കമ്മിറ്റിയംഗങ്ങളായ ജോസ് തോമസ്, പ്രസാദ് ബാലകൃഷ്ണൻ, വി.കെ. കുഞ്ഞുമോൻ എന്നിവരും വിവിധ എൽ.സി. കളിൽ നടന്ന യോഗത്തിൽ പങ്കെടുത്ത് മൊഴിനൽകി.

തലവടി നോർത്ത് എൽ.സി. യിൽ എ. മഹേന്ദ്രൻ, തലവടി സൗത്തിൽ കെ. രാഘവൻ, മുട്ടാറിൽ ജി. രാജമ്മ, വെളിയനാട് എച്ച്. സലാം എം.എൽ.എ., നീലംപേരൂരിൽ മനു സി. പുളിക്കൽ, കാവാലത്ത് ജി. വേണുഗോപാൽ, കുന്നുമ്മയിൽ എം. സത്യപാലൻ, പുളിങ്കുന്നിൽ ജി. ഹരിശങ്കർ, മങ്കൊമ്പിൽ ബാബുജാൻ എന്നീ ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളാണു പങ്കെടുത്തത്.

രാമങ്കരിയിൽനിന്നായിരുന്നു കൂട്ടരാജി പരമ്പരയുടെ തുടക്കം. രാമങ്കരി എൽ.സി. യിൽനിന്ന് 46 പേർ രാജിക്കത്ത് നേതൃത്വത്തിനു നൽകുകയായിരുന്നു. തുടർന്നുള്ള ദിവസങ്ങളിൽ കുട്ടനാട് ഏരിയയിലെ വിവിധ എൽ.സി. ക്കുകീഴിലുള്ള ബ്രാഞ്ചുകളിൽനിന്നു രാജി തുടർന്നു. ഇങ്ങനെയൊരു സംഭവമില്ലെന്നാദ്യം നിലപാടെടുത്ത ജില്ലാനേതൃത്വം സംസ്ഥാനനേതൃത്വം ഇടപെട്ടതോടെ നിലപാടുമാറ്റി. രാജിവെച്ചവരുടെ എണ്ണം 300 കടന്നതോടെ നേതൃത്വത്തിന് അപകടം മണത്തു.

സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ നിർദേശപ്രകാരം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം മന്ത്രി സജി ചെറിയാൻ കുട്ടനാട് ഏരിയ കമ്മിറ്റി യോഗത്തിൽ പങ്കെടുത്തു. കലാപക്കൊടി ഉയർത്തിയവരുമായി അനുരഞ്ജന ചർച്ച നടത്തണമെന്നു നിർദേശിച്ചു. തുടർന്നുണ്ടായ തീരുമാനമാണു ശനിയാഴ്ച നടപ്പായത്.

പരാതിക്കാർ പറഞ്ഞകാര്യങ്ങൾ ജില്ലാ സെക്രട്ടേറിയറ്റ് ചർച്ചചെയ്യും. അടുത്തമാസം ആറ്, ഏഴ് തീയതികളിൽ എം.വി. ഗോവിന്ദൻ ജില്ലാ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാൻ ആലപ്പുഴയിലെത്തുന്നുണ്ട്.

പരാതി കേൾക്കാൻ ആരോപണവിധേയനായ ഏരിയ സെക്രട്ടറിയും; ബഹളത്തെത്തുടർന്ന് ഇറക്കിവിട്ടു, മുട്ടാറിൽ പരാതിക്കാർക്കു ഭീഷണി

കുട്ടനാട്: തലവടി നോർത്തിൽ രാജിവെച്ചവരുടെ പരാതി കേൾക്കാൻ ജില്ലാ സെക്രട്ടേറിയറ്റംഗത്തിനൊപ്പം ഇരുന്ന ഏരിയ സെക്രട്ടറിയെ ഇറക്കിവിട്ടു. പരാതിക്കാരുടെ പ്രതിഷേധത്തെത്തുടർന്നാണ്‌ സെക്രട്ടേറിയറ്റംഗം എ. മഹേന്ദ്രൻ ഏരിയ സെക്രട്ടറി ജി. ഉണ്ണിക്കൃഷ്ണനോട് ഹാൾ വിട്ടുപോകാൻ ആവശ്യപ്പെട്ടത്.

വിധിപറയാൻ ഒന്നാംപ്രതിയെ വിളിച്ചിരുത്തുന്നതിനു തുല്യമാണ് പരാതികേൾക്കാൻ ഏരിയ സെക്രട്ടറി ഇരിക്കുന്നതെന്നു രാജിവെച്ചവർ പറഞ്ഞു. ഉണ്ണിക്കൃഷ്ണൻ ഹാൾ വിട്ടുപോയതിനു ശേഷമാണു നടപടി പൂർത്തിയാക്കിയത്.

മുട്ടാറിൽ ഏരിയ കമ്മിറ്റിയംഗം പി.കെ. വേണുഗോപാൽ പരാതി പറയാനെത്തിയവരെ ഭീഷണിപ്പെടുത്തുകയും തട്ടിക്കയറുകയും ചെയ്തു. യോഗംചേർന്ന ഹാളിനു പുറത്തായിരുന്നു സംഭവം.ബഹളംകേട്ട് പുറത്തുവന്ന ജില്ലാ സെക്രട്ടേറിയറ്റംഗം ജി. രാജമ്മ വേണുഗോപാലിനെ താക്കീത് ചെയ്തു. അച്ചടക്കംവിട്ടു പെരുമാറരുതെന്ന് അവർ പറഞ്ഞു. ഇത്തരം കാര്യങ്ങളാവർത്തിച്ചാൽ നടപടിയെടുക്കുമെന്നും ഉടൻ ഇവിടെനിന്നു പോകണമെന്നും മുന്നറിയിപ്പു നൽകി. ഇതോടെ വേണുഗോപാൽ പോകുകയും ചെയ്തു.

Content Highlights: alappuzha karunagapally drug smuggling case cpim leader shanavas police report in favour

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
lilly thoms
Premium

5 min

രാഹുലിന്റെ 'വിധി'ക്കുപിന്നിലെ മലയാളി, ആദ്യ നിയമ ബിരുദാനന്തരബിരുദക്കാരി; ചില്ലറക്കാരിയല്ല ലില്ലിതോമസ്

Mar 25, 2023


Rahul Gandhi Kapil Sibal

1 min

വിധി വിചിത്രം; രാഹുല്‍ അയോഗ്യനായിക്കഴിഞ്ഞെന്ന് കപില്‍ സിബല്‍

Mar 24, 2023


19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022

Most Commented