ആലപ്പുഴ: സ്വകാര്യ വ്യക്തികളുടെ പുരയിടത്തിൽ നിൽക്കുന്ന മരങ്ങൾ വീണ് അപകടമുണ്ടായാൽ ദുരന്തനിവാരണ നിയമപ്രകാരം നഷ്ടപരിഹാരം വസ്തു ഉടമ നൽകണമെന്നാണ് ചട്ടം. ഇതേ നിയമം സ്വന്തം കാര്യത്തിൽ പാലിക്കാൻ ജില്ല ഭരണകൂടത്തിനോ ദുരന്തനിവാരണ വിഭാഗത്തിനോ സാധിക്കുന്നില്ല. ആലപ്പുഴ കളക്ടറേറ്റു വളപ്പിലെ മരംവീണ് വാഹനം തകർന്ന സംഭവത്തിൽ വാഹനം തകർന്നതിന് നഷ്ടപരിഹാരം നൽകാനാകില്ല എന്ന ദുരന്തനിവാരണ വിഭാഗത്തിന്റെ നിലപാടാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്.
സ്വകാര്യ ഭൂമിയിലുള്ള അപകടകരമായ മരങ്ങളും മരച്ചില്ലകളും കണ്ടെത്തി മുറിച്ചുമാറ്റാൻ നടപടിയെടുക്കേണ്ടത് തദ്ദേശസ്ഥാപന സെക്രട്ടറിമാരാണ്. അത്തരം മരങ്ങൾ മുറിച്ചുമാറ്റാൻ ദുരന്തനിവാരണ നിയമപ്രകാരം പൊതുജനങ്ങൾക്ക് മാധ്യമങ്ങൾവഴി നിർദേശം നൽകണമെന്ന് ഓറഞ്ച് ബുക്കിൽ വ്യക്തമാക്കിയിട്ടുണ്ട്. അത് അനുസരിക്കാത്ത വ്യക്തികൾക്കും സ്വകാര്യ സ്ഥാപനങ്ങൾക്കുമായിരിക്കും അവരുടെ ഭൂമിയിലെ മരംവീണുണ്ടാകുന്ന എല്ലാ അപകടങ്ങൾക്കും നഷ്ടപരിഹാരം നൽകാനുള്ള ബാധ്യത.
സർക്കാർ വകുപ്പുകളുടെ കൈവശമുള്ള ഭൂമിയിലെ അപകടകരമായ മരങ്ങൾ വകുപ്പുകൾ സ്വന്തം ഫണ്ടുപയോഗിച്ച് വെട്ടിമാറ്റണമെന്നാണ് നിയമം. ഇവ കണ്ടെത്തി മുറിക്കേണ്ട ഉത്തരവാദിത്വം അതതു വകുപ്പുകൾക്കും സ്ഥാപനങ്ങൾക്കും തന്നെയാണ്.
കൈവശഭൂമിയിലെ അപകടകരമായ മരങ്ങളും മരച്ചില്ലകളും മുറിച്ചുമാറ്റാൻ വകുപ്പുകൾ അതതു വർഷം വികസന ഫണ്ട് അല്ലെങ്കിൽ തനതു ഫണ്ട് ഉപയോഗിച്ച് ദുരന്തപ്രതികരണ, പ്രതിരോധ പ്രോജക്ടുകൾ നടപ്പാക്കണം. എന്നാൽ, ഈ പ്രാഥമിക ചുമതല നിറവേറ്റുന്നതിൽ വരുത്തിയ വീഴ്ച മറച്ചുവെച്ചാണ് ഓട്ടോഡ്രൈവർ സത്യരാജിനു സഹായം നൽകാനാകില്ലെന്ന് നിലപാടെടുത്തിരിക്കുന്നത്.
കഴിഞ്ഞ 25-ന് കളക്ടറേറ്റു വളപ്പിലെ മരംവീണ് എ.എൻ.പുരം തെക്കേ ആറ്റുപുറം വീട്ടിൽ എം. സത്യരാജിന്റെ (64) ഓട്ടോ പൂർണമായും തകർന്നിരുന്നു. പുതുതായി വാങ്ങിയ സി.എൻ.ജി. ഓട്ടോയുടെ ആദ്യ ടെസ്റ്റ് കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിലാണ് അപകടം നടന്നത്. കളക്ടറേറ്റിലേക്ക് ആളുമായി ഓട്ടം വന്നപ്പോഴാണ് ഈ അപകടം സംഭവിക്കുന്നത്. ചെറിയ പരിക്കുകളോടെ സത്യരാജ് അദ്ഭുതകരമായി രക്ഷപ്പെട്ടെങ്കിലും വരുമാനമാർഗം ഇല്ലാതായതോടെ കുടുംബം ദുരിതത്തിലായി.
കഴിഞ്ഞ 29-ന് കളക്ടർക്കു പരാതി നൽകിയെങ്കിലും റവന്യൂവകുപ്പിൽനിന്നോ ദുരന്തനിവാരണ അതോറിറ്റിയിൽനിന്നോ ഒരു നടപടിയും ഉണ്ടായില്ല. വലിയ തുക ചെലവഴിച്ചാലേ ഓട്ടോ വീണ്ടും നിരത്തിലിറക്കാനാകൂ. ഇൻഷുറൻസ് തുക ലഭിച്ചാലും ബാക്കി ആവശ്യമായ പണം കുടുംബം കണ്ടെത്തേണ്ടിവരും. ഷാസി അടക്കമുള്ള ഭാഗങ്ങൾ എത്തിച്ച് വണ്ടി നന്നാക്കാൻ മൂന്നോ നാലോ മാസം വേണ്ടിവരുകയും ചെയ്യും.
സത്യരാജിനുണ്ടായ സാമ്പത്തികനഷ്ടത്തിന് അടിയന്തരമായി ജില്ല ഭരണകൂടം പരിഹാരം കാണണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്. സാധാരണക്കാരനും ഭരണകൂടത്തിന് മറ്റൊരു നീതിയും എന്ന രീതിയിൽ നടപ്പാക്കുന്നത് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ജനങ്ങളും വിവിധ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.
Content Highlights: A tree fall at Alappuzha Collectorate destroyed an auto-rickshaw belonging to Sathyraj., Disaster Management Act requires private owners to pay for damages from tree falls., Government departments are legally obligated to maintain trees on their property using their own funds., The Disaster Management Authority has denied compensation to the victim despite clear legal provisions., Public demand is rising for the district administration to compensate the victim for his livelihood loss.
Published: 23 Jul 2026, 08:07 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented