ആലപ്പുഴ: സുരക്ഷാസംവിധാനങ്ങളില്ലാത്ത സാഹസിക റൈഡുകളിൽ ഒരു നിയന്ത്രണവുമില്ലാതെ ചെറിയ കുട്ടികളെ കയറ്റുന്നത് അപകടഭീഷണി ഉയർത്തുന്നു. മുല്ലയ്ക്കൽ ചിറപ്പിന്റെ ഭാഗമായി പോപ്പി മൈതാനത്തു നടക്കുന്ന കാർണിവലിലാണ് വേണ്ട സുരക്ഷാ മുൻകുതലുകളും നിയന്ത്രണങ്ങളുമില്ലാതെ കുട്ടികളെ റൈഡിൽ കയറ്റുന്നത്.

To advertise here,

മൂന്നും നാലും വയസ്സുള്ള കുട്ടികളെ ഡ്രാഗൺ റൈഡിൽ കയറ്റുന്നത് ഒരു സുരക്ഷാ ക്രമീകരണങ്ങളുമില്ലാതെയാണ്. സീറ്റ് ബെൽറ്റ് ഉൾപ്പെടെയുള്ള സുരക്ഷാസംവിധാനമൊന്നും ഇതിലില്ല. വേഗം കൂടുന്നതിനനുസരിച്ച് മീറ്ററുകളോളം ഈ റൈഡ് ഉയരും. കുഞ്ഞുങ്ങളെ മടിയിൽ വെച്ചിരിക്കുന്നവർ കമ്പിയിലോ മുൻപിലെ സീറ്റിലോ ഒരുകൈ കൊണ്ടു പിടിച്ചാണിരിക്കുന്നത്. ഇത് കുട്ടിക്കും രക്ഷിതാവിനും ഒരേപോലെ അപകടഭീഷണി ഉണ്ടാക്കുന്നുണ്ട്.

സീറ്റ് ബെൽറ്റോ പിടിച്ചിരിക്കാൻ മറ്റു സംവിധാനങ്ങളോ ഇല്ലാത്തതിനാൽ കുട്ടികൾ മുൻപിലെ സീറ്റിൽ പിടിച്ചിരിക്കണം. കുട്ടികൾക്ക് ഇതിനു പലപ്പോഴും കഴിയാറില്ല.

തീപ്പിടിത്തവുമായി ബന്ധപ്പെട്ട മുൻകരുതലുകൾ കൃത്യമായി എടുത്തിട്ടുണ്ടെന്നാണ് അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥർ പറയുന്നത്. സാഹസിക റൈഡുകളിൽ കുട്ടികളെ പ്രവേശിപ്പിക്കാവുന്ന പ്രായവും അതിനുള്ള നിബന്ധനകളും മറ്റു വിഭാഗങ്ങളിൽനിന്നാണ് വരേണ്ടത്.

സംഘാടകർ സുരക്ഷ ഉറപ്പാക്കണം. ഇതുവരെ ഇങ്ങനെയൊരു പ്രശ്നം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ, സുരക്ഷയുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ സ്വീകരിക്കേണ്ടത് അഗ്നിരക്ഷാസേനയാണെന്ന് മറ്റു വകുപ്പിലെ ഉദ്യോഗസ്ഥർ പറയുന്നു.