കൊച്ചി: സി.പി.എം മുൻ സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി പഠന ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന ഭൂമി ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. കേരള സർവ്വകലാശാലയുടെ ഉടമസ്ഥതയിലുള്ള ഭൂമി സി.പി.എം നിയമവിരുദ്ധമായി കൈവശപ്പെടുത്തിയതാണെന്നും അതിനാൽ കേന്ദ്രം അവിടെനിന്ന് ഒഴിപ്പിക്കണമെന്നുമാണ് ഹർജിയിലെ പ്രധാന ആവശ്യം

To advertise here,

പുറമ്പോക്ക് ഭൂമി ഉൾപ്പെടെ ഏകദേശം 55 സെന്റ് സ്ഥലം സി.പി.എം കൈവശപ്പെടുത്തിയിരിക്കുകയാണെന്ന് ഹർജിയിൽ ആരോപിക്കുന്നു. ഇത് കേരള സർവ്വകലാശാലയ്ക്ക് അവകാശപ്പെട്ട ഭൂമിയാണെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടുന്നു.

ഒരു പ്രമുഖ രാഷ്ട്രീയ പാർട്ടി എന്ന നിലയിലുള്ള സ്വാധീനവും 'മസിൽ പവറും' ഉപയോഗിച്ചാണ് സി.പി.എം ഈ സ്ഥലം കൈക്കലാക്കിയതെന്ന് ഹർജി നൽകിയ കേരള സർവ്വകലാശാല മുൻ ജോയിന്റ് രജിസ്ട്രാർ ആർ.എസ്. ശശികുമാർ ആരോപിക്കുന്നു. തിരുവിതാംകൂർ മഹാരാജാവ് സർവ്വകലാശാലയ്ക്ക് നൽകിയ ഭൂമിയാണിതെന്നും ഇത് ഒരു രാഷ്ട്രീയ പാർട്ടിയുടെ ഓഫീസിനായി വിട്ടുകൊടുക്കാൻ സർവ്വകലാശാലയ്ക്ക് കഴിയില്ലെന്നും ഹർജിയിൽ വ്യക്തമാക്കുന്നു. മതിയായ രേഖകളില്ലാതെയാണ് ഈ ഭൂമി ഇപ്പോൾ പാർട്ടിയുടെ കൈവശമുള്ളതെന്നും ഹർജിക്കാരൻ ആരോപിക്കുന്നു.

നിലവിൽ എകെജി പഠന ഗവേഷണ കേന്ദ്രം പ്രവർത്തിക്കുന്ന ഈ കെട്ടിടം നേരത്തെ സി.പി.എമ്മിന്റെ സംസ്ഥാന കമ്മിറ്റി ഓഫീസായിരുന്നു. ഈ ഭൂമി സംബന്ധിച്ച് മുൻപും പല ആരോപണങ്ങൾ ഉയർന്നിട്ടുണ്ടെങ്കിലും, ഇപ്പോൾ ഭൂമി ഒഴിപ്പിക്കണമെന്ന ആവശ്യവുമായി ഔദ്യോഗികമായി ഹർജി സമർപ്പിക്കപ്പെട്ടതാണ് സിപിഎമ്മിന് വെല്ലുവിളിയായിരിക്കുന്നത്.