
എസ്എഫ്‌ഐ നേതാക്കൾ വിദ്യാഭ്യാസ മന്ത്രിയെ കണ്ടപ്പോൾ, എം. ശ്രീജിത്ത് | Photo Courtesy: facebook.com/SFI.Kerala, Mathrubhumi News
കാസർകോട്: പിഎംശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് പേരെടുത്ത് പരാമർശിക്കാതെ എസ്എഫ്ഐയെ പരിഹസിച്ച് എഐവൈഎഫ് നേതാവ്. 'സമരത്തിന് പോകുന്ന സമയത്ത് മുണ്ടുടുത്ത് സമരത്തിന് പോകരുത്. മുണ്ട് മടക്കിക്കുത്തേണ്ടി വന്നാൽ കാവിക്കളസം പൊതുജനം കാണേണ്ടി വരുമെന്ന് എഐവൈഎഫ് കാസർകോട് ജില്ലാ സെക്രട്ടറി എം. ശ്രീജിത്ത് പറഞ്ഞു. പിഎംശ്രീ പദ്ധതിക്കെതിരായ പ്രതിഷേധ പരിപാടിക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം.
'കൂടെ നിന്ന് സമരം ചെയ്ത ചില ആളുകൾ ഉണ്ട്. അവരോട് പറയാനുള്ളത്, നിങ്ങൾ ഇനി സമരത്തിന് പോകുന്ന സമയത്ത്, മുണ്ടുടുത്ത് സമരത്തിന് പോകരുത് എന്ന അഭിപ്രായമാണ് ഞങ്ങൾക്കുള്ളത്. നിങ്ങൾ മുണ്ടുടുത്ത് സമരത്തിന് പോയാൽ, ചിലപ്പോൾ മുണ്ട് മാടിക്കുത്തേണ്ടി വന്നാൽ നിങ്ങളുടെ കാവിക്കളസം കാണേണ്ടുന്ന സാഹചര്യം ഈ നാട്ടുകൾക്ക് വരുമെന്ന് ഓർക്കണം'- എം. ശ്രീജിത്ത് പറഞ്ഞു.
ഇടതുപക്ഷ നിലപാടുകൾക്കും നയത്തിനും എതിരായിട്ടാണ് പിഎംശ്രീയിൽ ഒപ്പിട്ടിട്ടുള്ളത്. പാർട്ടി ജനറൽ സെക്രട്ടറിക്ക് ബോധ്യമായിട്ടുള്ള കാര്യം ശിവൻകുട്ടിക്ക് ബോധ്യമാകാത്തത് എന്താണ് എന്ന കാര്യം സംശയകരമാണ്. ദേശീയ വിദ്യാഭ്യാസ നയത്തിൽ സിലബസ് അടക്കമുള്ള കാര്യങ്ങളിൽ എഐവൈഎഫ് ആശങ്ക വ്യക്തമാക്കിയിട്ടുള്ളതാണെന്നും ശ്രീജിത്ത് മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ത്യൻ ചരിത്രത്തേയും ഡാർവിന്റെ പരിണാമ സിദ്ധാന്തത്തേയുമൊക്കെ മാറ്റി നിർത്തിക്കൊണ്ടുള്ളതാണ് ദേശീയ വിദ്യാഭ്യാസ നയം. സമൂഹത്തെ വാർത്തെടുക്കേണ്ട വിദ്യാഭ്യാസ രംഗത്ത് ആർഎസ്എസിന്റെ തിട്ടൂരം നടപ്പാക്കുക എന്ന പോളിസി നടപ്പിലാക്കാനുള്ള ശ്രമമാണെങ്കിൽ അതിനെ എതിർക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഫണ്ട് ആണ് വിഷയം എങ്കിൽ സുപ്രീം കോടതിയിൽ പോയിക്കഴിഞ്ഞാൽ നിയപരമായ തീരുമാനം എടുക്കാൻ സാധിക്കും. ചർച്ച ചെയ്ത് കാര്യങ്ങൾ തീരുമാനിക്കാം. ഫണ്ട് ഉദ്ദേശിച്ച് കേരളത്തിൽ ഇന്നുവരെ ഉണ്ടാക്കിയ കേരളത്തിന്റെ വിദ്യാഭ്യാസ നേട്ടങ്ങളെ തകർക്കാനുള്ള ശ്രമങ്ങളെ ചെറുത്തു തോൽപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പിഎംശ്രീയില്‍ കേരള സര്‍ക്കാരും പങ്കാളികളായതിന് പിന്നാലെ വിദ്യാഭ്യാസ മന്ത്രിയെ എസ്എഫ്‌ഐ ആശങ്ക അറിയിച്ചിരുന്നു. എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദ് അടക്കമുള്ള നേതാക്കളാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയെ നേരിട്ടുകണ്ട് ആശങ്കയറിയിച്ചത്. വിദ്യാഭ്യാസമേഖലയിലെ കാവിവല്‍ക്കരണത്തെ കേരളത്തില്‍ പൂര്‍ണമായി പ്രതിരോധിക്കണമെന്ന് എസ്എഫ്‌ഐ ആവശ്യപ്പെട്ടതായും സംഘടന ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു.
Content Highlights: AIYF Leader Mocks SFI Over PM Shri Scheme, Cites "Saffronization" Concerns
Published: 26 Oct 2025, 06:17 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented